മുംബൈ: ബോളിവുഡിന്റെ ഇതിഹാസ നടൻ ധർമേന്ദ്രയുടെ വിയോഗത്തിൽ അനുശോചിച്ച് അമിതാഭ് ബച്ചൻ. 89ാം വയസിൽ അന്തരിച്ച തന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ധർമേന്ദ്രയെ അമിതാഭ് ഓർമിച്ചു. ഇന്നലെ നടന്ന സംസ്കാര ചടങ്ങുകളില്‍ നടനും മകന്‍ അഭിഷേക് ബച്ചനും കൊച്ചുമകൻ അഗസ്ത്യയും പങ്കെടുത്തിരുന്നു.
ധർമേന്ദ്രയെ കുറിച്ച് വൈകാരികമായ ഒരു കുറിപ്പാണ് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. "മറ്റൊരു ധീരനായ അതികായൻ കൂടി നമ്മെ വിട്ടുപോയി...അസഹനീയമായ നിശബ്ദത അവശേഷിപ്പിച്ച് അരങ്ങ് ഒഴിഞ്ഞു. മഹത്വത്തിന്റെ പ്രതീകം, അദ്ദേഹത്തിന്റെ പ്രശസ്തമായ ഭൗതിക സാന്നിധ്യം മാത്രമല്ല, ഹൃദയത്തിന്റെ വിശാലതയും അതിന്റെ ഏറ്റവും പ്രിയങ്കരമായ ലാളിത്യവും കൊണ്ട് എപ്പോഴും ബന്ധപ്പെട്ടിരിക്കുന്നു. അദ്ദേഹം പഞ്ചാബിന്റെ ഉണ്‍മ തനിക്കൊപ്പം കൊണ്ടുവന്നു. അതിന്റെ സ്വഭാവത്തോട് സത്യസന്ധത പുലർത്തി...തന്റെ മഹത്തായ കരിയറിൽ മുഴുവൻ കളങ്കമില്ലാതെ, ഓരോ ദശകത്തിലും മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു സാഹോദര്യത്തിൽ... സാഹോദര്യം മാറ്റങ്ങൾക്ക് വിധേയമായി... അദ്ദേഹമല്ല...അദ്ദേഹത്തിന്റെ പുഞ്ചിരി, ആകർഷണീയത, ഊഷ്മളത, അദ്ദേഹത്തിന്റെ ചുറ്റുമുള്ള എല്ലാവരിലേക്കും വ്യാപിച്ചു....ഈ തൊഴിലിൽ അത് അപൂർവമാണ്...നമ്മെ ചുറ്റിപ്പറ്റിയുള്ള വായു ഒഴിഞ്ഞുകിടക്കുന്നു... എന്നേക്കും ശൂന്യമായി തുടരുന്ന ഒരു ശൂന്യത...," അമിതാഭ് കുറിച്ചു.
ഷോലെ, ചുപ്കെ ചുപ്കെ, റാം ബൽറാം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ധർമേന്ദ്രയ്‌ക്കൊപ്പം അമിതാഭ് ബച്ചൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ തന്നെ ക്ലാസിക് ചിത്രമായ 'ഷോലെ'യിൽ ഇരുവരുടെയും കഥാപാത്രങ്ങള്‍, വീരുവും (ധർമേന്ദ്ര) ജയ്‌യും (അമിതാഭ്) ഇന്നും സൗഹൃദത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ധർമേന്ദ്രയുടെ റിലീസ് ചെയ്യാനിരിക്കുന്ന 'ഇക്കിസ്' എന്ന ചിത്രത്തിലെ നായകൻ അമിതാഭിന്റെ കൊച്ചുമകൻ അഗസ്ത്യ നന്ദ ആണ്.
കഴിഞ്ഞ ദിവസം ജുഹുവിലെ വസതിയിൽ വച്ചാണ് ധർമേന്ദ്ര അന്തരിച്ചത്. തുടർന്ന് പവൻ ഹാൻസ് ശ്മശാനത്തിൽ സംസ്കാരം നടന്നു. കുടുംബാംഗങ്ങളും സിനിമയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, ഗോവിന്ദ, അനിൽ കപൂർ, രൺവീർ സിംഗ്–ദീപിക പദുക്കോൺ തുടങ്ങി നിരവധി അഭിനേതാക്കൾ അദ്ദേഹത്തിന്റെ അന്ത്യകർമങ്ങളിൽ പങ്കെടുത്തു.