മമ്മൂട്ടിക്കൊപ്പം സിനിമയിൽ അഭിനയിക്കാൻ പറ്റിയതിന്റെ സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥൻ. 'ലോ ആൻഡ് ഓർഡർ' എന്ന ചിത്രത്തിലാണ് മമ്മൂട്ടിക്കൊപ്പം ആനന്ദ് അഭിനയിച്ചത്. സിനിമ തിയേറ്ററിൽ കണ്ടപ്പോഴുണ്ടായ അനുഭവമാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മനോഹരമായ നിമിഷമായിരുന്നുവതെന്നും താനിപ്പോൾ സ്വപ്നങ്ങളിലാണ് ജീവിക്കുന്നതെന്നും നടൻ കുറിച്ചു. ഷൂട്ടിങ് വേളയിൽ പകർത്തിയ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളും ആനന്ദ് കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
പ്രകാശ് വർമയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോ ആൻഡ് ഓർഡർ' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി. മഹാ സുബൈർ എന്നിവരാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. രഞ്ജിത്ത് - മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത. ഉദയകൃഷ്ണയാണ് തിരക്കഥ.
എനിക്കറിയാം, ഞാൻ മമ്മുക്കയുടെ കൂടെ അഭിനയിച്ചു കഴിഞ്ഞതാണ്. ഇതാ ആ സീൻ സ്ക്രീനിൽ വരാൻ പോകുകയാണ്. അത് കാണാൻ തയ്യാറായി ഞാൻ ഇരുന്നു.
പക്ഷേ, ഒരൊറ്റ ഫ്രെയിമിൽ അദ്ദേഹത്തിന്റെ ഒപ്പം എന്നെ കണ്ട ആ നിമിഷത്തിൽ, കഴിഞ്ഞ പത്ത് വർഷങ്ങളായി എന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഓർമ്മകളുടെയും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും നിരാശകളുടെയും കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും എല്ലാം ആകെത്തുക ഒരൊറ്റ ബിന്ദുവിലേക്ക് വന്ന് നിറഞ്ഞു… കവിഞ്ഞു.
അത് ഞാൻ പോലും അറിയാതെ, അടുത്തിരുന്ന കണ്ണൻ ചേട്ടന്റെ കൈ പിടിച്ച് മുറുക്കി.
ഒരു കൊച്ചുകുട്ടിയെ പോലെ ഞാൻ അലറി:
“നോക്കണ്ണാ… ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ!”
അത് പറയുമ്പോൾ എന്റെ ശബ്ദമിടറി. ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു.
പെട്ടെന്ന് ഒരു ചിന്ത മനസ്സിലൂടെ കടന്നുപോയി…
ഞാൻ ഇപ്പോൾ പറഞ്ഞ ആ വാചകത്തിന്റെ ഗ്രാവിറ്റി എന്തായിരുന്നു?
“ഞാനും സിനിമയുടെ മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ.” അതും ഒരു സീനിൽ… അദ്ദേഹം എന്നോട് സംസാരിക്കുകയാണ്.
അതൊരു മനോഹരമായ നിമിഷമായിരുന്നു.
ഞാനിപ്പോൾ എന്റെ സ്വപ്നങ്ങളിലാണ് ജീവിക്കുന്നത്. ജീവിതം സന്തോഷകരമാണ്
ഒത്തിരി നന്ദി രഞ്ജിത്ത് സർ, ഉദയേട്ടൻ, കൂടെ നിന്ന എല്ലാവർക്കും.