ബോൾഡ് ആൻ്റ് ബ്യൂട്ടിഫുൾ അവതാരക രഞ്ജിനി ഹരിദാസിനെ വിശേഷിപ്പിക്കാൻ അനുയോജ്യമായ പ്രയോഗം അതാവും. ഏതുവലിയ ഇവന്റും നിഷ്പ്രയാസം മാനേജ് ചെയ്യാനുള്ള രഞ്ജിനിയുടെ കഴിവ് തന്നെയാണ് അവരെ മുൻനിരയിലെത്തിച്ചത്. അതോടൊപ്പം തന്നെ അഭിപ്രായങ്ങൾ തുറന്ന് പറയാനും മടിയില്ലാത്ത ആളാണ്. ആ തുറന്നുപറച്ചിൽ പലപ്പോഴും പ്രശ്നക്കാരി എന്ന ഇമേജും രഞ്ജിനിക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഒരു പ്രമോഷൻ പരിപാടിക്കിടെ ഗുരുതരമായ ഒരു സാഹചര്യം ഉണ്ടായപ്പോൾ അതിനിടെ തമാശ പറഞ്ഞവനോട് രഞ്ജിനി പറഞ്ഞ മറുപടിയാണ് ചർച്ചയായത്. അതിരടി എന്ന സിനിമയുടെ കോഴിക്കോട് നടന്ന ഇവന്റിൽ ആങ്കർ രഞ്ജിനി ഹരിദാസായിരുന്നു. പരിപാടിക്കിടെ അവിടെ കുട്ടികളെ കാണിനില്ല എന്ന അറിയിപ്പ് മൈക്കിലൂടെ വന്നിരുന്നു. ആസമയത്താണ് കാണികളിൽ ചിലർ പരിഹസിച്ചത്.
പരിഹാസ കമന്റുകൾ തുടർച്ചയായി വന്നതോടെയാണ് രഞ്ജിനി പരസ്യമായി പ്രതികരിച്ചത്.എന്തുവാഡേ, എന്ത് ബോറാണ്. ഒരാളെ കാണുന്നില്ലെന്ന് പറയുമ്പോൾ തമാശ. ഇതാണ് മനുഷ്യരുടെ പ്രശ്നം. പത്ത് പേർ ചാവുമ്പോൾ കിടന്ന് ചിരിക്കും. നിങ്ങൾ ഇത്രയും മനോഹരമായി നിൽക്കുമ്പോൾ ഇടയ്ക്ക് ഒരെണ്ണം. നിന്റെ മുഖം ഞാൻ മറക്കില്ല എന്ന് രഞ്ജിനി പറഞ്ഞു. "ഒരാളെ കാണാനില്ലെന്ന് പറയുമ്പോഴാണോ തമാശ, നിന്റെ അമ്മയാണെങ്കിൽ നീ ഇങ്ങനെ പറയുമോ" എന്നും രഞ്ജിനി വേദിയിൽ നിന്നും രൂക്ഷമായി ചോദിച്ചു.
രഞ്ജിനി പ്രതികരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധിപ്പേരാണ് രഞ്ജിനിയെ പിന്തുണച്ച് എത്തിയിരിക്കുന്നത്. ഒപ്പം പരിഹസിച്ചവരെ വിമർശിക്കുകയും ചെയ്തു. വേറെ ഒരു ആങ്കറിനും ഇല്ലാത്ത ധൈര്യം. പറയാൻ ഉള്ളത് മുഖത്ത് നോക്കി പറഞ്ഞു" എന്നാണ് ഏറെപ്പേരുടേയും പ്രതികരണം. അനൗൺസ് ചെയ്ത കാര്യത്തിന്റെ ഗൗരവം പോലും മനസിലാകാതെ വലിയ ഫൺ ആണെന്ന് വിചാരിച്ച് ഓരോത്തന്മാരുടെ കാട്ടികൂട്ടലുകൾ എന്ന വിമർശനവും കമന്റുകളിലൂടെ ഉയരുന്നുണ്ട്.
കോഴിക്കോട് ബീച്ചിൽ നടന്ന പരിപാടിക്കിടെ ആൾക്കൂട്ടത്തിനിടയിൽ കുട്ടികളെ കാണാൻ ഇല്ലെന്ന പരാതിയുമായി മാതാപിതാക്കൾ രംഗത്തുവന്നിരുന്നു, തുടർന്ന് ടൊവിനോ തോമസ് അടക്കം ഇടപെട്ടിരുന്നു. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന അതിരടി മെയ് 14 ന് റീലീസ് ചെയ്യും.