അനിരുദ്ധ് രവിചന്ദർ, കാവ്യ മാരൻ 
ENTERTAINMENT

"അനിരുദ്ധിന്റെ ഭാവി വധു ബ്രോഡ്കാസ്റ്റിങ് മേഖലയിൽ നിന്നാകും, പാർട്ടിയിൽ വച്ച് ആദ്യം കാണും"; 13 വർഷം മുൻപ് പ്രവചനം, വീഡിയോ വൈറൽ

അനിരുദ്ധും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനുമായുള്ള വിവാഹം നവംബർ 11ന് ഗ്രീസിൽ വച്ച് നടക്കുമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

സെൻസേഷണൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സിഇഒ കാവ്യ മാരനുമായുള്ള വിവാഹത്തിന്റെ തീയതി പുറത്തുവന്നതിന് പിന്നാലെ ഏവരേയും അമ്പരിപ്പിച്ച് പഴയ അഭിമുഖ വീഡിയോ. അഭിമുഖത്തിനിടെ, ടാരോ കാർഡ് ഉപയോഗിച്ച് അനിരുദ്ധിന്റെ ഭാവി വധുവിനെക്കുറിച്ച് പ്രവചിക്കുന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. അനിരുദ്ധിന്റെ വധു ടെലികോം ബ്രോഡ്കാസ്റ്റിങ് മേഖലയിൽ നിന്നാകുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. ഏകദേശം 13 വർഷം മുൻപ് തന്തി ടിവിയിൽ ടെലികാസ്റ്റ് ചെയ്ത അഭിമുഖത്തിന്റെ വീഡിയോയിലെ 'പ്രവചനങ്ങൾ' ഇഴകീറി പരിശോധിക്കുന്ന തിരക്കിലാണ് അനിരുദ്ധിന്റെ ആരാധകർ.

അനിരുദ്ധ്, നടി നമിത എന്നിവർ പങ്കെടുത്ത പരിപാടിയിൽ ടാരോ കാർഡ് റീഡറും ജ്യോതിഷിയുമായ ജയശ്രീയാണ് സംഗീത സംവിധായകന്റെ ഭാവി പ്രവചിച്ചത്. അനിരുദ്ധിന്റെ ഭാവി വധു വിദ്യാ സമ്പന്നയും യുക്തിസഹമായി ചിന്തിക്കുന്ന ആളായിരിക്കുമെന്ന് ജയശ്രീ പറയുന്നു. പ്രണയ വിവാഹമായിരിക്കുമെങ്കിലും പിതാവിന്റെ അനുമതി നേടിയെ ശേഷമാകും വിവാഹമെന്നും ഇവർ പ്രവചിക്കുന്നു. "ഏത് മേഖലയിൽ നിന്നുള്ള ആളാകും" എന്ന അനിരുദ്ധിന്റെ ചോദ്യത്തിന് ടെലികമ്യൂണിക്കേഷൻ ബ്രോഡ്കാസ്റ്റിങ് മേഖലയിൽ നിന്നുള്ള പെൺകുട്ടിയാകും വധുവെന്ന് ടാരോ റീഡർ പറയുന്നു. ചെന്നൈയിലെ അനിരുദ്ധിന്റെ വീട്ടിൽ നിന്നും ഒന്നോ രണ്ടോ കിലോമീറ്റർ അകലെയാണ് ഭാവിവധു താമസിക്കുന്നതെന്നും ഒരു ഡിന്നർ പാർട്ടിയിലാകും ഇവർ കണ്ടുമുട്ടുക എന്നും ജയശ്രീ പ്രവചിക്കുന്നുണ്ട്.

കാവ്യയുമായി കൃത്യമായി യോജിക്കുന്ന മൂന്ന് കാര്യങ്ങൾ ഈ പ്രവചനത്തിൽ നിന്ന് എടുത്തുകാട്ടുകയാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ബ്രോഡ്കാസ്റ്റിങ് കമ്പനിയായ സൺ ടിവി നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് കാവ്യ മാരൻ. ജ്യോതിഷി പറഞ്ഞപോലെ ഉയർന്ന വിദ്യാഭ്യാസം നേടിയ വ്യക്തിയുമാണ് - എംബിഎ ബിരുദധാരിയാണ്. കൂടാതെ, കാവ്യയുടെ കുടുംബവീട് അനിരുദ്ധിന്റെ വീട്ടിൽ നിന്ന് ഒന്നോ രണ്ടോ കിലോമീറ്റർ അകലെയുമാണ്. വലിയ ചർച്ചകളാണ് ഈ 'പ്രവചനങ്ങളെ' സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.

അതേസമയം, അനിരുദ്ധ് - കാവ്യ മാരൻ വിവാഹം നവംബർ 11ന് ഗ്രീസിൽ വച്ച് നടക്കുമെന്നാണ് റിപ്പോർട്ട്. നവംബർ 21ന് ചെന്നൈയിൽ വിവാഹ സൽക്കാരം നടക്കുമെന്നും റിപ്പോർ‌ട്ടുകളുണ്ട്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്​യെയും വിവാഹ സൽക്കാരത്തിന് ക്ഷണിക്കാനെത്തിയ ചിത്രങ്ങൾ‌ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

SCROLL FOR NEXT