നടി അനുപമ പരമേശ്വരൻ Source: Instagram / anupamaparameswaran96
ENTERTAINMENT

"ഇന്ന് 'റെമോ' ആണെങ്കിൽ, നാളെ അയാൾ 'അന്യൻ' ആയിരിക്കും"; നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ടതിനെപ്പറ്റി അനുപമ പരമേശ്വരൻ

നേരത്തെ, നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഓൺലൈൻ ഇടങ്ങളിൽ വലിയരീതിയിൽ ചർച്ചയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ കടന്നുപോകുന്ന മോശം അവസ്ഥയെപ്പറ്റി മനസുതുറന്ന് നടി അനുപമ പരമേശ്വരൻ. രണ്ടു വർഷമായി താൻ 'നാർസിസിസ്റ്റിക് അബ്യൂസ്' നേരിടുകയായിരുന്നു എന്നാണ് നടിയുടെ തുറന്നുപറച്ചിൽ. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി വ്യക്തി ജീവിതത്തെപ്പറ്റി തുറന്നു സംസാരിച്ചത്.

പ്രണയിച്ച വ്യക്തിയെ 'അന്യൻ' സിനിമയിലെ കഥാപാത്രവുമായാണ് നടി ഉപമിച്ചത്. അയാൾ ചില സമയത്ത് റെമോയെപ്പോലെയും മറ്റുചിലപ്പോള്‍ അന്യനെപ്പോലെയുമാണ് പെരുമാറുന്നതെന്നും താരം പറയുന്നു.

"നർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് അറിവില്ലാത്തവർക്കായി —നിങ്ങളുടെ ജീവിതത്തിൽ ഒരു 'അന്യൻ' ഉള്ളതായി സങ്കൽപ്പിക്കുക. ഒരു ദിവസം അയാൾ 'റെമോ' ആണ്. "ഇങ്ങനെ ഒരാളെ ജീവിതത്തിൽ കിട്ടാൻ ഞാൻ എത്ര ഭാഗ്യവാനാണ്/ഭാഗ്യവതിയാണ്? ഇത് ശരിക്കും യാഥാർഥ്യമാണോ?" എന്ന് നിങ്ങൾക്ക് തോന്നും. അതൊരു സ്വപ്നം പോലെയാണ്. അടുത്ത ദിവസം നിങ്ങൾ കാണുന്നത് 'അന്യനെ' ആണ്. ഒരാൾ നിങ്ങളെ കുത്തിക്കൊല്ലാൻ നോക്കിയാൽ പോലും അവർ തലതിരിച്ച് ഒന്നു നോക്കുക പോലുമില്ല. അത്രയും അങ്ങേയറ്റത്തെ അവസ്ഥ!

പിന്നൊരു ഘട്ടമുണ്ട്, അന്ന് ഈ വ്യക്തി മാപ്പ് ചോദിക്കും. നിങ്ങളോട് കെഞ്ചും, കരയും. ഇത് ഇനി ഒരിക്കലും ആവർത്തിക്കില്ലെന്ന് വാക്കുതരും. ഒരു കുഞ്ഞിനെപ്പോലെ കരയും. അതിനുശേഷം വീണ്ടും അതേ 'ലവ് ബോംബിങ്' ആരംഭിക്കുന്നു. ഈ ചക്രം ഇങ്ങനെ തുടർന്നു കൊണ്ടേയിരിക്കുന്നു. ഇത് ഡ്രഗ് അഡിക്ഷൻ പോലെയാണ്. തുടക്കത്തിൽ ഇത് പ്രണയമാണെന്നാണ് നിങ്ങൾ കരുതുക. എന്നാൽ നിങ്ങളുടെ ജീവിതത്തിൽ മുൻഗണന അവർക്കാണെന്ന് വരുത്താനാണ് അവർ ആഗ്രഹിക്കുന്നത്. നിങ്ങളുടെ മുൻഗണന അവരാകുമ്പോൾ, അത് പ്രണയത്തിനും അപ്പുറം ഒരു തരം കടുത്ത വൈകാരിക ബന്ധമായി മാറും. ഒടുവിൽ അതൊരു അഡിക്ഷൻ ആയി മാറും," അനുപമ പറയുന്നു.

നാർസിസിസ്റ്റിക് അബ്യൂസിങ്ങിനെപ്പറ്റിയും ട്രോമ ബോണ്ടിങ്ങിനെപറ്റിയും വിശദമായി അഭിമുഖത്തിൽ നടി സംസാരിക്കുന്നുണ്ട്. താൻ നേരിട്ട ദുരനുഭവങ്ങളോട് ചേർത്തുവച്ചാണ് ഇത്തരം ബന്ധങ്ങളെ താരം വിശദീകരിക്കുന്നത്. പരിചയപ്പെട്ട് മൂന്നുമാസത്തിനുള്ളിൽതന്നെ വിവാഹനിശ്ചയത്തെപ്പറ്റിയായി അയാളുടെയും കുടുംബത്തിന്റെയും സംസാരമെന്നും നിയന്ത്രണങ്ങൾ പരിധിവിട്ടപ്പോൾ താൻ ആ ബന്ധം വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് നടി പറയുന്നു.

നാർസിസിസ്റ്റുകൾക്ക് അടിസ്ഥാനപരമായി വേണ്ടത് നിയന്ത്രിക്കാന്‍ ആരെയെങ്കിലുമാണെന്നാണ് നടി പറയുന്നത്.

"എന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു 'ഡ്രാഗണ്‍' എന്ന ചിത്രം. എന്തുകൊണ്ടാണ് ഞാന്‍ അതിന്റെ പ്രൊമോഷന് വരാതിരുന്നത്? ഒരുപാട് ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ചു. ജോലിയില്‍ മാത്രമല്ല, എല്ലാകാര്യത്തിലും നിയന്ത്രിക്കാന്‍ തുടങ്ങി," അനുപമ പറഞ്ഞു.

നേരത്തെ, നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റ് ഓൺലൈൻ ഇടങ്ങളിൽ വലിയരീതിയിൽ ചർച്ചയായിരുന്നു. ഇനി ഒന്നിനും ആരുടെയും അനുവാദം വേണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ പോസ്റ്റ്. നയൻതാര ഉൾപ്പെടെ പല പ്രമുഖ താരങ്ങളും പോസ്റ്റിന് കമന്റ് ചെയ്തിരുന്നു. പിന്നാലെ, ഇത് നടിയുടെ ബ്രേക്കപ്പിനെപ്പറ്റിയാണെന്ന് വ്യാഖ്യാനങ്ങളുണ്ടായി.

ഈ ഇൻസ്റ്റഗ്രാം പോസ്റ്റിനെപ്പറ്റിയും നടി സംസാരിച്ചു. "കഴിഞ്ഞ രണ്ടുവര്‍ഷമായി ഞാന്‍ നാര്‍സിസ്റ്റിക് അബ്യൂസിലൂടെയാണ് കടന്നുപോയത്. അന്ന് ഞാൻ ആ മഞ്ഞ ഉടുപ്പിട്ട ഫോട്ടോയ്ക്ക് പകരം, എന്റെ ഒരു പടം ഇട്ടിട്ട് 'റെസ്റ്റ് ഇൻ പീസ്' അനുപമ, അവർ ആത്മഹത്യ ചെയ്തു എന്നായിരുന്നെങ്കിൽ എനിക്കിന്ന് ഒരുപാട് സ്‌നേഹം കിട്ടിയേനെ. ഒരുപാട് ചർച്ചകൾ നടന്നേനെ. ബ്രേക്ക് അപ്പ് എന്ന് പുറംലോകം അറിഞ്ഞിട്ട് ഒരുമാസത്തിലേറെയായി. കുടുംബവും സുഹൃത്തുക്കളും ഒപ്പമുള്ള സ്റ്റാഫും ഉൾപ്പെടെ എല്ലാവർക്കും ആ ബന്ധം എനിക്ക് ചേർന്നതല്ലെന്ന ബോധ്യമുണ്ടായിരുന്നു. അവർ എന്നിൽ മാറ്റം കണ്ടു. ഞാൻ ഒതുങ്ങിക്കൂടുന്നതായി അവർ മനസിലാക്കി', അനുപമ പറഞ്ഞു.

SCROLL FOR NEXT