ENTERTAINMENT

"മുകുന്ദൻ ഉണ്ണി അടിപൊളി, ഞാൻ അഭിനവ് ഫാൻ"; പ്രശംസിച്ച് അനുരാഗ് കശ്യപ്

ചിത്രത്തിൽ വിനീത് ശ്രീനിവാസൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അനുരാഗ് കശ്യപ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ചിത്രത്തെ പ്രശംസിച്ച് അനുരാഗ് കശ്യപ്. 'മുകുന്ദൻ ഉണ്ണി' ഗംഭീര ചിത്രമാണെന്നും വിനീത് മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നുമാണ് ലെറ്റർബോക്സ്‌ഡിൽ അനുരാഗ് കുറിച്ചത്. തന്റെ വീട്ടിൽ, അഭിനവിന് ഒപ്പമിരുന്നാണ് അദ്ദേഹം സിനിമ കണ്ടത്.

"അടിപൊളി പടം .. മനോഹരമായി എഴുതി തയ്യാറാക്കിയ ഒന്ന്.. വിനീത് ശ്രീനിവാസൻ തകർത്തു. സംവിധായകനൊപ്പം ഇരുന്ന് ഈ സിനിമ കണ്ടത് ഒരു മികച്ച അനുഭവമായിരുന്നു; അവന് ചമ്മൽ തോന്നിയെങ്കിലും. അഭിനവ്, ഞാൻ നിന്റെ ഫാനാണ്," എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്.

അനുരാഗ് കശ്യപിന്റെ ലെറ്റർബോക്സ്‌ഡ് റിവ്യൂ

അനുരാഗ് കശ്യപിനൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയ കുറിപ്പിലൂടെ അഭിനവും പങ്കുവച്ചു. "അനുരാഗ് കശ്യപിനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ഒരു ഉച്ചസമയം മുഴുവൻ ഞാൻ ചെലവഴിച്ചു. ഞങ്ങൾ ഒരുമിച്ചിരുന്ന് എന്റെ ആദ്യ ചിത്രമായ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' കാണുകയും, സിനിമകളെക്കുറിച്ചും സിനിമാ ഇൻഡസ്ട്രിയെക്കുറിച്ചും 'മോളിവുഡ് ടൈംസി'നെക്കുറിച്ചും മറ്റും ഒരുപാട് കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. എന്റെ ജീവിതത്തിൽ ഞാൻ എപ്പോഴും നെഞ്ചിലേറ്റുന്ന ഒരു ദിവസമായിരിക്കും ഇത്. സ്വന്തം കയ്യൊപ്പോടു കൂടിയ ഒരു കുറിപ്പെഴുതിയ പുസ്തകവും അദ്ദേഹം എനിക്ക് സമ്മാനിച്ചു. ലവ് യു, സാർ!," അനുരാഗിന്റെ കൂടെയുള്ള ചിത്രത്തിനൊപ്പം അഭിനവ് കുറിച്ചു.

നേരത്തെ, നസ്‌ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തേയും അനുരാഗ് പ്രശംസിച്ചിരുന്നു. സോഷ്യൽ മീഡിയ യുഗത്തിലെ സിനിമാപ്രേമികളായ ചലച്ചിത്ര പ്രവർത്തകരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഈ ചിത്രമെന്നും ഒരുപാട് യാഥാർഥ്യങ്ങളും അതോടൊപ്പം ഒരുപാട് ആദർശങ്ങളും ഈ ചിത്രത്തിലുണ്ടെന്നുമാണ് അനുരാഗ് അഭിപ്രായപ്പെട്ടത്.

SCROLL FOR NEXT