ന്യൂ ഡൽഹി: പ്രശസ്ത ഹിന്ദി സംവിധായകൻ അനുരാഗ് കശ്യപിന്റെ സിനിമാ ജീവിതത്തിൽ മറക്കാനാകാത്ത അധ്യായമാണ് 'ബോംബെ വെൽവറ്റ്' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പരാജയം. ഇത് തന്നെ മാനസികമായി സാരമായി ബാധിച്ചതായി സംവിധായകൻ പല വേദികളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സിനിമയുടെ വൻ പരാജയത്തിന് ശേഷം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രൺബീർ കപൂർ, അനുഷ്ക ശർമ എന്നിവരിൽ നിന്ന് താൻ അകന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.
അവർ തന്നെ അത്രയധികം വിശ്വസിച്ചിട്ടും സിനിമ പരാജയപ്പെട്ടപ്പോൾ അവരെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് സംവിധായകൻ പറഞ്ഞു.'സ്ക്രീനിന്' നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. "ഞങ്ങൾ ഇപ്പോൾ ഇടയ്ക്കിടെ കാണാറില്ല. കാണുമ്പോഴൊക്കെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യും. തുടക്കത്തിൽ, അവരെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു, കാരണം അവർ അത്രമേൽ സ്നേഹത്തോടെയും വിശ്വാസത്തോടെയുമാണ് എന്നോടൊപ്പം സഹകരിച്ചത്. ആ സമയത്ത് ഞാൻ എന്റെ തന്നെ ചില മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. അതിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ചെറിയൊരു സിനിമ ചെയ്യണമായിരുന്നു. അതുകൊണ്ട് ഞാൻ 'രമൺ രാഘവ്' എന്ന സിനിമയിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷേ പതുക്കെ, ഞങ്ങൾ തമ്മിൽ ഒരു അകൽച്ച ഉണ്ടായതായി ഞാൻ കരുതുന്നു," അനുരാഗ് പറഞ്ഞു.
'ബോംബെ വെൽവെറ്റി'നെക്കുറിച്ച് സംസാരിക്കുമ്പോൾ രൺബീർ അസ്വസ്ഥനാകുമെന്ന് അനുരാഗ് പറയുന്നു. "സിനിമ പരാജയപ്പെട്ടു, അത് അവിടെ തീർന്നു, ഇനി അതിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല" എന്നാണ് രൺബീർ പറയാറുള്ളതെന്ന് സംവിധായകൻ വെളിപ്പെടുത്തി. എന്നാൽ അഭിമുഖങ്ങളിൽ ആളുകൾ എപ്പോഴും ഇതിനെക്കുറിച്ച് ചോദിക്കുന്നതിനാൽ മറുപടി പറയാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമ പരാജയപ്പെടാൻ കാരണമായി പ്രേക്ഷകർ പറഞ്ഞ ഒരു കാര്യം തന്നെ അത്ഭുതപ്പെടുത്തിയതായും അനുരാഗ് പറയുന്നു. രൺബീർ കപൂറിന്റെ സിനിമയിലെ ചുരുളൻ മുടി ആളുകൾക്ക് ഇഷ്ടപ്പെട്ടില്ല എന്നതായിരുന്നു ആ കണ്ടെത്തൽ. ഇത് അസംബന്ധമായി തോന്നിയിട്ടും, സിനിമയുടെ പരാജയത്തിന് പിന്നിലെ ഇത്തരം കാരണങ്ങൾ തന്നെ അസ്വസ്ഥനാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ഏകദേശം 115 കോടി രൂപ ബജറ്റിൽ നിർമിച്ച 'ബോബെ വെൽവറ്റ്' ലോകമെമ്പാടുമായി വെറും 43 കോടി രൂപ മാത്രമാണ് കളക്ട് ചെയ്തത്. ബോളിവുഡിലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായാണ് സിനിമ കണക്കാക്കപ്പെടുന്നത്. സിനിമയിൽ ഒരു പ്രധാന വേഷത്തിൽ സംവിധായകനും നിർമാതാവുമായ കരൺ ജോഹറും എത്തിയിരുന്നു.