എ.ആർ. റഹ്‌മാൻ Source: Instagram / arrofficialupdates
ENTERTAINMENT

"ഇന്ത്യയാണ് എന്റെ പ്രചോദനം, ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല"; വിവാദങ്ങളിൽ പ്രതികരിച്ച് എ.ആർ. റഹ്‌മാൻ

അടുത്തിടെയുണ്ടായ വിവാദങ്ങളിൽ മൗനം വെടിഞ്ഞ് എ.ആർ. റഹ്‌മാൻ

Author : ശ്രീജിത്ത് എസ്

ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എ.ആർ. റഹ്‌മാൻ. ഒരിക്കലും ആരെയും വേദനിപ്പിക്കാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ ഉദ്ദേശ്യങ്ങൾ തെറ്റായി മനസിലാക്കപ്പെട്ടതാണെന്നും റഹ്‌മാൻ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് റഹ്‌മാൻ വിവാദങ്ങളിൽ മൗനം വെടിഞ്ഞത്.

"പ്രിയ സുഹൃത്തുക്കളേ, സംഗീതം എപ്പോഴും എനിക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനും, നമ്മുടെ സംസ്‌കാരത്തെ ആഘോഷിക്കാനും ബഹുമാനിക്കാനുമുള്ള വഴിയാണ്. ഇന്ത്യ ആണ് എന്റെ പ്രചോദനവും, ഗുരുവും, വീടും. ചിലപ്പോഴൊക്കെ ഉദ്ദേശ്യങ്ങൾ തെറ്റായി മനസിലാക്കപ്പെട്ടേക്കാം എന്ന് ഞാൻ മനസിലാക്കുന്നു. സംഗീതത്തിലൂടെ ഉയർത്തുകയും ബഹുമാനിക്കുകയും സേവിക്കുകയുമാണ് എന്റെ ലക്ഷ്യം. ഒരിക്കലും ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല, എന്റെ ആത്മാർത്ഥത നിങ്ങൾ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നായിരുന്നു എ.ആർ. റഹ്‌മാന്റെ വാക്കുകൾ. ആവിഷ്കാര സ്വാതന്ത്ര്യമുള്ള, പല സാസ്കാരിക സ്വരങ്ങളെ ആഘോഷിക്കുന്ന ഇന്ത്യൻ ആയതിൽ താൻ അഭിമാനിക്കുന്നുവെന്നും റഹ്മാൻ പറഞ്ഞു.

"ഞാൻ ഈ രാജ്യത്തോട് എന്നും കടപ്പെട്ടവനാണ്. ഭൂതകാലത്തെ ബഹുമാനിക്കുന്ന, വർത്തമാനകാലത്തെ ആഘോഷിക്കുന്ന, ഭാവിക്ക് പ്രചോദനം നൽകുന്ന സംഗീതത്തിനായി ഞാൻ എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കും," എന്നും റഹ്‌മാൻ പറഞ്ഞു.

തന്റെ ലക്ഷ്യബോധത്തെ ഊട്ടിയുറപ്പിച്ച ചില സുപ്രധാന പ്രോജക്ടുകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാനമന്ത്രിയുടെയും റുഹി നൂറിന്റെയും സാന്നിധ്യത്തിൽ വേവ് സമ്മിറ്റിൽ അവതരിപ്പിച്ച 'ജല' മുതൽ, സ്ട്രിങ് ഓർക്കസ്ട്ര രൂപീകരിക്കാൻ യുവ നാഗാ സംഗീതജ്ഞരുമായി സഹകരിച്ചത് വരെയും റഹ്‌മാൻ ചൂണ്ടിക്കാട്ടി. സൺഷൈൻ ഓർക്കസ്ട്രയ്ക്ക് മാർഗനിർദേശം നൽകിയതും, ഇന്ത്യയിലെ ആദ്യത്തെ മൾട്ടി കൾച്ചറൽ വെർച്വൽ ബാൻഡായ 'സീക്രട്ട് മൗണ്ടൻ' നിർമിച്ചതും, ഹാൻസ് സിമ്മറിനൊപ്പം 'രാമായണ'ത്തിന് സംഗീതം നൽകാനുള്ള ബഹുമതി ലഭിച്ചതും ഉൾപ്പെടെയുള്ള ഓരോ യാത്രകളും തന്റെ ലക്ഷ്യബോധത്തെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും എ.ആർ. റഹ്‌മാൻ കൂട്ടിച്ചേർത്തു. റഹ്‌മാൻ ചിട്ടപ്പെടുത്തിയ 'മാ തുജേ സലാം' എന്ന ഗാനത്തോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്.

ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്റെ തുറന്നുപറച്ചില്‍. കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ലഭിക്കുന്ന ജോലികൾ കുറഞ്ഞെന്നും ഇതിന് പിന്നിൽ ചിലപ്പോൾ വർഗീയമായ കാരണങ്ങളാകാം എന്നും റഹ്‌മാൻ അഭിപ്രായപ്പെട്ടതാണ് വിവാദമായത്. സർഗാത്മകത ഇല്ലാത്തവർ തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയാണിപ്പോൾ സംഗീത മേഖലയിലെന്നും റഹ്മാൻ പറഞ്ഞിരുന്നു. ഇത് വലിയ തോതിലുള്ള ചർച്ചകൾക്ക് കാരണമായി. വിഷയത്തിൽ പല പ്രമുഖരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. പലരും റഹ്‌മാനെ വിമർശിക്കുകയും വിയോജിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി റഹ്മാൻ രംഗത്തെത്തിയിരിക്കുന്നത്.

SCROLL FOR NEXT