'മാ തുജേ സലാം' പാടാൻ റഹ്‌മാൻ വിസമ്മതിച്ചുവെന്ന് മാധ്യമപ്രവർത്തക; തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ചിന്മയി

നടി മീര ചോപ്രയും റഹ്‌മാനെ പിന്തുണച്ച് രംഗത്തെത്തി
എ.ആർ. റഹ്മാനൊപ്പം ചിന്മയി ശ്രീപാദ
എ.ആർ. റഹ്മാനൊപ്പം ചിന്മയി ശ്രീപാദSource: X / Chinmayi Sripaada
Published on
Updated on

കൊച്ചി: ബോളിവുഡിൽ അവസരങ്ങൾ കുറയുന്നതിനെക്കുറിച്ച് എ.ആർ. റഹ്മാൻ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായിരിക്കുകയാണ്. വിഷയത്തിൽ പല പ്രമുഖരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. പലരും റഹ്‌മാനെ വിമർശിക്കുകയും വിയോജിക്കുകയും ചെയ്തു. ഇപ്പോഴിതാ, ഗായിക ചിന്മയി ശ്രീപാദയും നടി മീര ചോപ്രയും റഹ്‌മാനെ പിന്തുണച്ച് എത്തിയിരിക്കുകയാണ്.

മുതിർന്ന മാധ്യമപ്രവർത്തക സ്വാതി ചതുർവേദി എക്സിൽ പങ്കുവച്ച കുറിപ്പിൽ, വർഷങ്ങൾക്ക് മുമ്പ് താൻ നടത്തിയ ഒരു അഭിമുഖത്തിൽ 'മാ തുജേ സലാം' എന്ന ഗാനം പാടാൻ അരമണിക്കൂറോളം റഹ്‌മാനോട് അപേക്ഷിച്ചിട്ടും അദ്ദേഹം അത് നിരസിച്ചതായി അവകാശപ്പെട്ടിരുന്നു. കലാകാരന്മാർ ഇത്രയധികം ശാഠ്യം പിടിക്കുന്നത് തന്നെ വേദനിപ്പിച്ചുവെന്നുമാണ് സ്വാതി കുറിച്ചത്.

ഈ ആരോപണത്തെ ചിന്മയി ശക്തമായി എതിർത്തു. 2025 നവംബർ 23ന് പൂനെയിൽ നടന്ന ഒരു സംഗീത പരിപാടിയിൽ റഹ്‌മാനും തങ്ങളും ചേർന്ന് ജനക്കൂട്ടത്തോടൊപ്പം 'വന്ദേമാതരം' ആലപിച്ചിരുന്നുവെന്ന് ചിന്മയി ചൂണ്ടിക്കാട്ടി. ഏതാണ്ട് എല്ലാ സംഗീത പരിപാടികളിലും അദ്ദേഹം ഈ ഗാനം ആലപിക്കാറുണ്ട്. അന്ന് പാടാതിരുന്നത് ശബ്ദം ശരിയല്ലാത്തതുകൊണ്ടോ, അന്ന് പാടാൻ തോന്നാത്തതു കൊണ്ടോ ആകാം. അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നുമായിരുന്നു ചിന്മയിയുടെ പ്രതികരണം.

എ.ആർ. റഹ്മാനൊപ്പം ചിന്മയി ശ്രീപാദ
"സംഗീതം മനസിലാക്കുന്നവർ തീരുമാനം എടുക്കുന്ന സ്ഥാനങ്ങളിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു"; റഹ്മാന്റെ പരാമർശങ്ങളിൽ പ്രതികരിച്ച് ഹരിഹരൻ

എം.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന 'ഗാന്ധി ടോക്സ്' എന്ന സിനിമയിലെ നടി മീര ചോപ്രയും വിഷയത്തിൽ പ്രതികരിച്ചു. റഹ്മാനെ തന്റെ ബന്ധു കൂടിയായ പ്രിയങ്ക ചോപ്രയോടാണ് മീര ഉപമിച്ചത്. "ഇന്ത്യയെ ആഗോളതലത്തിൽ ശരിയായ രീതിയിൽ അടയാളപ്പെടുത്തിയ രണ്ട് വ്യക്തികളാണ് പ്രിയങ്ക ചോപ്രയും എ.ആർ. റഹ്മാനും. അദ്ദേഹം ഉദ്ദേശിക്കാത്ത കാര്യങ്ങളുടെ പേരിൽ അദ്ദേഹത്തെ പരിഹസിക്കുന്നത് ലജ്ജാകരമാണ്. ആ ഇതിഹാസത്തെ ബഹുമാനിക്കൂ. ഐക്കോണിക് ആയ 'വന്ദേ മാതരം' ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ് ," എന്നാണ് മീര എക്സിൽ കുറിച്ചത്.

ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജ്യത്തെ ഏറ്റവും മികച്ച സംഗീത സംവിധായകന്റെ തുറന്നു പറച്ചില്‍. കഴിഞ്ഞ എട്ട് വർഷമായി തനിക്ക് ലഭിക്കുന്ന ജോലികൾ കുറഞ്ഞെന്നും ഇതിന് പിന്നിൽ ചിലപ്പോൾ വർഗീയമായ കാരണങ്ങളാകാം എന്നുമായിരുന്നു റഹ്മാന്റെ വിവാദമായ പരാമർശം. സർഗാത്മകത ഇല്ലാത്തവർ തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയാണിപ്പോൾ സംഗീത മേഖലയിലെന്നും റഹ്മാൻ അഭിപ്രായപ്പെട്ടു.

എ.ആർ. റഹ്മാനൊപ്പം ചിന്മയി ശ്രീപാദ
"ലോകേഷ് തന്നെ പറയും"; 'കൈതി 2' ഉപേക്ഷിച്ചോ? ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കാർത്തി

അതേസമയം, സിനിമാ മേഖലയിലെ വിവേചനങ്ങളെപ്പറ്റി റഹ്മാൻ നടത്തിയ തുറന്നു പറച്ചിലുകളിൽ വിദ്വേഷ പരാമർശവുമായും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. റഹ്മാൻ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നാൽ നഷ്ടപ്പെട്ട അവസരങ്ങൾ തിരികെ കിട്ടുമെന്നാണ് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസൽ പറഞ്ഞത്. 'ഘർ വാപസി' നടത്താനാണ് എ.ആർ. റഹ്മാനോട് വിനോദ് ബൻസൽ ആവശ്യപ്പെടുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com