കൊച്ചി: റാപ്പർ വേടന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നൽകിയതിൽ ചർച്ചകൾ അവസാനിക്കുന്നില്ല. ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന പാട്ടിനായിരുന്നു പുരസ്കാരം. അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി പേർ പുരസ്കാര നേട്ടത്തെ വിമർശിച്ചും അഭിനന്ദിച്ചും രംഗത്തെത്തി. വേടന് അവാർഡ് കിട്ടിയത് അഭിനന്ദനീയമാണെന്നും എന്നാൽ ജനങ്ങളുടെ കലാകാരൻ ഭരണകൂടത്തിന്റെ കലാകാരനാകുന്നത് അപകടമാണെന്നുമാണ് കലാ നിരൂപകനും എഴുത്തുകാരനുമായ ജോണി എം.എല്‍ അഭിപ്രായപ്പെടുന്നത്.
'മാറ്റം പാട്ടുകൾ പാടുന്നവനെ' തോറ്റം പാട്ടുകൾ പാടിപ്പിക്കുന്നവനാക്കുന്നതിന് പുരസ്‌കാരങ്ങൾക്ക് ശക്തിയുണ്ടെന്ന് ജോണി എം.എല്‍ ഫേസ്ബുക്കിൽ കുറിച്ചു. "ജനങ്ങളുടെ കലാകാരൻ ഭരണകൂടത്തിന്റെ കലാകാരനാകുന്നത് അപകടമാണ്. അവിടെ 'പോലും' എന്ന വാക്കിന്റെ അവജ്ഞയെ സഹിയ്ക്കേണ്ടി വരും. അത് പറഞ്ഞവരുടെ കൈയിൽ നിന്ന് പുരസ്കാരവും സ്വീകരിക്കേണ്ടി വരും," മന്ത്രി സജി ചെറിയാന്റെ 'വേടന് പോലും അവാർഡ് നല്‍കി' എന്ന പ്രസ്താവനയെ പരോക്ഷമായി സൂചിപ്പിച്ച് ജോണി എഴുതി.
അതേസമയം, മാറുന്ന സംഗീതത്തിന് ലഭിക്കുന്ന അംഗീകാരമായിട്ടാണ് താന്‍ ഈ പുരസ്കാരത്തെ കാണുന്നത് എന്നാണ് വേടന്റെ പ്രതികരണം. തനിക്ക് എതിരെയുള്ള കേസുകൾ സർക്കാരിന് മുന്നിൽ ഉണ്ട്. അതുകൊണ്ട് കേസുകളുടെ പേരിലാണ് അവാർഡ് നൽകിയതിനെ വിമർശിക്കുന്നതെന്ന് കണക്കാക്കുന്നില്ല. തനിക്കെതിരെ പ്രവർത്തിക്കുന്ന നിഗൂഢ സംഘത്തെ കുറിച്ച് പിന്നീട് വെളിപ്പെടുത്തും. തന്റെ മരണം വരെയും ഇത്തരം ആക്രമണങ്ങൾ തുടരുമെന്നും വേടൻ കൂട്ടിച്ചേർത്തു.
കലാപകാരിയ്ക്ക് കിട്ടുന്ന പുരസ്കാരത്തിനാണ് മൂല്യം എന്ന് കഴിഞ്ഞയാഴ്ച ഞാൻ എഴുതിയിരുന്നു. വേടന് മികച്ച ഗാനമെഴുത്തുകാരനുള്ള പുരസ്‌കാരം കിട്ടിയത് അഭിനന്ദനീയം.
ഒപ്പം പല കാര്യങ്ങളും മനസ്സിലെത്തുന്നു. 'മാറ്റം പാട്ടുകൾ പാടുന്നവനെ' തോറ്റം പാട്ടുകൾ പാടിപ്പിക്കുന്നവനാക്കുന്നതിന് പുരസ്‌കാരങ്ങൾക്ക് ശക്തിയുണ്ട്.
"ഈ ഉലകം ചെന്തീയിൽ" എന്ന മുദ്രാവാക്യം വിളിച്ചവന് നല്ല ഭക്ഷണവും യൂറോപ്യൻ ക്ളോസറ്റിൽ ഒരു വിരേചനവും തരമാക്കിയ ശേഷം ആ മുദ്രാവാക്യം ഒന്നൂടെ വിളിക്കാൻ ആവശ്യപ്പെടുക, "പഴയ ഊക്ക് കാണില്ല," എന്നാണ് വി കെ എൻ പറഞ്ഞത്.
വി കെ എൻ പറഞ്ഞതിന് സവർണ്ണതയുടെ ഊക്ക് ഉണ്ട്. പക്ഷെ അതിലൊരു സത്യവുമില്ലാതില്ല. "ഈ സ്ട്രഗിളിലൊന്നും ഒരു കാര്യവുമില്ലെന്നേ, നമ്മൾ മാർക്കറ്റിനെ മനസ്സിലാക്കണം," എന്ന് പറഞ്ഞ ഒരു പുരസ്കൃത കലാവിമർശകയെ ഓർമ്മ വരുന്നു. യൂറോപ്യൻ ക്ളോസെറ്റിൽ വിരേചനം സാധിച്ചതിന്റെ ഫലമായിരുന്നു അത്.
വേടന് സർക്കാർ അവാർഡ് കിട്ടരുതായിരുന്നു എന്ന് പറഞ്ഞാൽ 'പാൽപ്പായസത്തിന്റെ കയ്പ് എനിയ്ക്കിഷ്ടാമാണെന്ന്' വേടൻ പോലും പറഞ്ഞാലോ എന്ന ഭയമാണ് ഇപ്പോൾ.
അവാർഡ് തനിയ്ക്കാണെന്ന് വേടന് അറിയാമായിരുന്നു എന്ന് ഞാൻ കരുതുന്നു. കൂട്ടുകാർക്കൊപ്പം ടെലിവിഷൻ കാണുന്ന വേടന്റെ വീഡിയോ കണ്ടാൽ അതങ്ങനെ എന്ന് വിശ്വസിക്കേണ്ടി വരും.
ജനങ്ങളുടെ കലാകാരൻ ഭരണകൂടത്തിന്റെ കലാകാരനാകുന്നത് അപകടമാണ്. അവിടെ 'പോലും' എന്ന വാക്കിന്റെ അവജ്ഞയെ സഹിയ്ക്കേണ്ടി വരും. അത് പറഞ്ഞവരുടെ കൈയിൽ നിന്ന് പുരസ്കാരവും സ്വീകരിക്കേണ്ടി വരും.
വീട്ടിൽ, വെച്ചുപൂജയും കോഴിവെട്ടും ഉള്ളവർ കമ്മ്യൂണിസ്റ്റായാൽ അവർ 'ഹിയ്യാ' എന്ന് വിളിയ്ക്കുന്നത് പോലെ വിപ്ലവമുദ്രാവാക്യം മുഴക്കും.