

കൊച്ചി: തനിക്ക് എതിരെ സംഘടിതമായ ആക്രമണം നടക്കുന്നുവെന്ന് റാപ്പർ വേടൻ. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വേടന് ലഭിച്ചതിന് പിന്നാലെ വലിയ തോതിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. താൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമാണ് ഇത്തരക്കാരുടെ പ്രശ്നമെന്ന് വേടൻ അഭിപ്രായപ്പെട്ടു.
'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ 'കുതന്ത്രം' എന്ന ഗാനത്തിനാണ് വേടന് അവാർഡ് ലഭിച്ചത്. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വരികളുടെ ലാവണ്യത്തെ ചൂണ്ടിക്കാട്ടി പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നു. വയലാർ രാമവർമ ഉള്‍പ്പെടെയുള്ള അനശ്വര ഗാനരചയിതാക്കളുമായി താരതമ്യപ്പെടുത്തിയായിരുന്നു വിമർശനം. എന്നാൽ, വയലാറിനെയും തന്നെയും താരതമ്യം ചെയ്യുന്നതിനോട് പ്രതികരിക്കാൻ ഇല്ലെന്ന് വേടന്‍ പറഞ്ഞു. സംഗീതം മാറുകയാണ്. അതിനുള്ള അംഗീകാരമായി പുരസ്കാര നേട്ടത്തെ കാണുന്നു. അവാർഡ് ഉറപ്പായും സ്വീകരിക്കുമെന്നും വേടന്‍ വ്യക്തമാക്കി.
തനിക്ക് എതിരെയുള്ള കേസുകൾ സർക്കാരിന് മുന്നിൽ ഉണ്ട്. അതുകൊണ്ട് കേസുകളുടെ പേരിലാണ് അവാർഡ് നൽകിയതിനെ വിമർശിക്കുന്നതെന്ന് കണക്കാക്കുന്നില്ല. തനിക്കെതിരെ പ്രവർത്തിക്കുന്ന നിഗൂഢ സംഘത്തെ കുറിച്ച് പിന്നീട് വെളിപ്പെടുത്തും. തന്റെ മരണം വരെയും ഇത്തരം ആക്രമണങ്ങൾ തുടരുമെന്നും വേടൻ കൂട്ടിച്ചേർത്തു.
സജി ചെറിയാൻ ഒരുപാട് പിന്തുണ നൽകുന്നയാളാണെന്നും പറഞ്ഞത് നാക്കുപിഴയായി കണക്കാക്കുന്നുവെന്നും വേടന്‍ അറിയിച്ചു. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും റാപ്പർ വ്യക്തമാക്കി. 'വേടന് പോലും അവാര്‍ഡ് നല്‍കി' എന്ന മന്ത്രിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ, മന്ത്രിയുടെ വാക്കുകള്‍ തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും പാട്ടിലൂടെ മറുപടി നല്‍കുമെന്നും വേടന്‍ പറഞ്ഞതായി വാര്‍ത്തകള്‍ പ്രചരിച്ചു. ഗാനരചയിതാവല്ലാത്ത വേടന് അവാര്‍ഡ് ലഭിച്ചതിനാലാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. തുടർന്ന്, മന്ത്രി തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്ന് പറഞ്ഞ് വേടനും രംഗത്തെത്തുകയായിരുന്നു.