ലോകത്തെ മികച്ച ചലച്ചിത്രമേളകളിൽ ഒന്നാണ് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ( Berlin International Film Festival) എന്ന ബെർലിനാലെ. ഈ ചലച്ചിത്ര മേള നടന്നുകൊണ്ടിരിക്കുകയാണ്. പ്രശസ്ത ജർമൻ ഫിലിംമേക്കർ വിം വെൻഡേഴ്സ് (Wim Wenders) ആണ് ഇത്തവണത്തെ മത്സരവിഭാഗം ജൂറി പ്രസിഡന്‍റ്. കഴിഞ്ഞ ആഴ്ച അദ്ദേഹം ഒരു പ്രസ്താവന നടത്തി. അദ്ദേഹത്തിന്റെയും ബെർലിനാലെയുടേയും സകല ശോഭയും കെടുത്തിക്കളയുന്ന പ്രസ്താവന.
മത്സരവിഭാഗം ജൂറിയുടെ പ്രസ് മീറ്റ്. ഗാസയിൽ വംശഹത്യ നടത്തുന്ന ഇസ്രയേലിനെ ജർമനി പിന്തുണയ്ക്കുന്നത് സംബന്ധിച്ച് വിം വെൻഡേഴ്സിന് നേരെ ഒരു ചോദ്യം ഉയർന്നു. അതിന് അദ്ദേഹം നൽകിയ മറുപടിയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.
"സിനിമകൾക്ക് ലോകത്തെ മാറ്റാൻ കഴിയും, എന്നാൽ അത് രാഷ്ട്രീയമായ രീതിയിലല്ല. ഒരു സിനിമയും ഇതുവരെ ഒരു രാഷ്ട്രീയക്കാരന്റെയും ചിന്താഗതി മാറ്റിയിട്ടില്ല...,"എന്നു പറഞ്ഞു തുടങ്ങിയ വിം, "വംശഹത്യകൾ നടക്കുന്ന വേറെയും നിരവധി യുദ്ധങ്ങളുണ്ട്, നമ്മൾ അതിനെക്കുറിച്ച് സംസാരിക്കാറില്ല," എന്നും കൂട്ടിച്ചേർത്തു. അതായത്, ഗാസയെപ്പറ്റി സംസാരം വേണ്ട എന്ന് സാരം. ഈ ചോദ്യം ഉന്നയിച്ച ആൾക്ക് അത് പൂർത്തീകരിക്കാൻ അവസരം കിട്ടിയില്ല. പ്രസ് മീറ്റിന്റെ ലൈവ് സ്ട്രീമിങ് അപ്രതീക്ഷിതമായ ചില 'സാങ്കേതിക തകരാറുകൾ' കാരണം തടസപ്പെട്ടു.
ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. ബെർലിനാലെ ഇസ്രയേലിനെ വെള്ളപൂശുന്നു, ഗാസയെപ്പറ്റിയുള്ള ശബ്ദങ്ങളെ സെൻസർ ചെയ്യുന്നു എന്ന് ആരോപണം ഉയർന്നു. ആർട്ടിസ്റ്റുകൾ തങ്ങളുടേതായ രീതിയിൽ പ്രതിഷേധം അറിയിച്ചു. ബെർലിനാലെയിൽ നിന്ന് വിട്ടുനിൽക്കുന്നതായി അരുന്ധതി റോയി പ്രഖ്യാപിച്ചു. മേളയുടെ 'ക്ലാസിക്സ് വിഭാഗത്തിൽ അരുന്ധതിയുടെ 'ഇൻ വിച്ച് ആനി ഗിവ് ഇറ്റ് ദോസ് വൺസ്' (In Which Annie Give it those Ones) എന്ന ചിത്രം പ്രദർശിപ്പിക്കാനിരിക്കെയാണ് ഈ തീരുമാനം. പിന്നാലെ, മറ്റ് പലരും പ്രതിഷേധം അറിയിച്ചു.
ഓസ്കാർ ജേതാക്കളായ ഹാവി ബർദേം, ടിൽഡ സ്വിന്റൺ എന്നിവരുൾപ്പെടെ ചലച്ചിത്ര മേഖലയിലെ 80ലധികം പ്രമുഖർ സംയുക്ത പ്രസ്താവനയിറക്കി. ഗാസ വിഷയത്തിൽ ചലച്ചിത്ര മേള പുലർത്തുന്ന 'മൗനത്തെ' അവർ രൂക്ഷമായി വിമർശിച്ചു. പലസ്തീനികൾക്കെതിരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ എതിർക്കുന്ന കലാകാരന്മാരെ സെൻസർ ചെയ്യുന്നതിൽ ചലച്ചിത്ര മേളയ്ക്ക് പങ്കുണ്ടെന്നതിൽ തങ്ങൾ അങ്ങേയറ്റം നിരാശരാണെന്ന് പറഞ്ഞു.
'ദ വോയിസ് ഓഫ് ഹിന്ദ് റിജാബ്' (The Voice Of Hind Rijab) സിനിമയുടെ സംവിധായിക കൗതർ ബെൻ ഹനിയ മേളയുടെ 'ഏറ്റവും മൂല്യവത്തായ ചലച്ചിത്രത്തിനുള്ള' (Most Valuable Film) പുരസ്കാരം സ്വീകരിക്കേണ്ട എന്ന നിലപാടെടുത്തു. ഇസ്രയേൽ സൈനികൾ കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയായ പലസ്തീൻ പെൺകുട്ടി ഹിന്ദ് റിജാബിന്റെ കഥയാണ് കൗതറിന്റെ സിനിമ സംസാരിച്ചത്. മനോഹരമായി, വൈകാരികമായി തന്റെ നിലപാട് വേദിയിൽ അവർ വ്യക്തമാക്കി.
"ഈ രാത്രി, ഞാൻ ഈ പുരസ്കാരം വീട്ടിലേക്ക് കൊണ്ടുപോകുന്നില്ല. ഒരു ഓർമപ്പെടുത്തലായി ഞാൻ ഇത് ഇവിടെത്തന്നെ ഉപേക്ഷിക്കുന്നു. വംശഹത്യയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, നിയമപരവും ധാർമികവുമായ ഒരു ബാധ്യതയായി സമാധാനത്തെ കാണുന്ന ഒരു കാലം വരുമ്പോൾ, ഞാൻ ഇത് തരികെ വന്ന് സന്തോഷത്തോടെ സ്വീകരിക്കാം"
കൗതർ ഇത് പറയുമ്പോൾ സദസിൽ ഇസ്രയേൽ മുൻ ജനറൽ നോം തിബോണും ഉണ്ടായിരുന്നു. തന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച 'ദ റോഡ് ബിറ്റ്വീൻ അസ്' (The Road Between Us) എന്ന ഡോക്യുമെന്ററിക്ക് പുരസ്കാരം വാങ്ങാൻ എത്തിയതാണ് തിബോൺ.
ബെർലിനാലെ ഇസ്രയേലിന്റെ 'പ്രതിച്ഛായ വെളുപ്പിക്കുന്ന' (Image Laundering) വേദിയായി മാറുന്നു എന്ന ആരോപണത്തിന് അടിവരയിടാൻ ഈ സംഭവങ്ങളെ വിമർശകർ ചൂണ്ടിക്കാട്ടുന്നു. അത് ഈ വർഷം തുടങ്ങിയതല്ല എന്നു കൂടി മനസിലാക്കണം. കഴിഞ്ഞ വർഷം, ബെർലിനാലെ വേദിയിൽ പലസ്തീൻ ജനതയുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി സംസാരിച്ച ചലച്ചിത്ര പ്രവർത്തകരെ മേളയിലെ മുതിർന്ന പ്രോഗ്രാമർമാർ കടുത്ത ഭാഷയിൽ ശാസിച്ചതായി റിപ്പോർട്ടുകളുണ്ട്. ചിലർ പൊലീസ് അന്വേഷണം നേരിട്ടതായും പറയപ്പെടുന്നു. ഇതെല്ലാം കലാകാരന്‍മാരുടെ തുറന്ന കത്തിൽ വ്യക്തമായി പറയുന്നുമുണ്ട്.
യുഎസ് നിർമിത തെർമോബാറിക് ആയുധങ്ങൾ ഉപയോഗിച്ച് ഗാസയിൽ ഇസ്രയേൽ സൈന്യം ജനങ്ങളെ ബാഷ്പീകരിക്കുമ്പോൾ ആണ് ഗാസ വെറും നയതന്ത്ര രാഷ്ട്രീയ വിഷയം മാത്രമായി ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. അതായത്, 3,500 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപത്തിൽ പലസ്തീനികൾ കുറച്ച് രക്തവും ഇറച്ചിത്തുണ്ടുകളുമായി മാറുമ്പോൾ!
ഈ സാഹചര്യത്തിൽ ഗാസയ്ക്ക് ഐക്യദാർഢ്യം അറിയിക്കേണ്ടത് കലാകാരന്മാരുടെ കൂടി കടമയാണ്. ഇതിന് മുൻപ് ഇറാനിലേയും യുക്രെയ്നിലേയും ജനങ്ങൾ നേരിടുന്ന അതിക്രമങ്ങളിൽ ബെർലിനാലെ ഉൾപ്പെടെയുള്ള ചലച്ചിത്രമേളകൾ ശബ്ദം ഉയർത്തിയിട്ടുണ്ട്. അത് ആവർത്തിക്കാൻ മാത്രമാണ് ഇവിടെ ആവശ്യപ്പെടുന്നത്. അതിന് തടസമാകുന്നത് എന്താണ്? ഭയമാണോ? 'ലോകമേ തറവാട്' എന്ന് വിചാരിക്കേണ്ട ചലച്ചിത്രകാരന്മാരെ എന്താണ് ഭയപ്പെടുത്തുന്നത്. ട്രംപോ? നെതന്യാഹുവോ? അതോ, തങ്ങളും അപ്രത്യക്ഷരാകും എന്ന തോന്നലോ?