ONE LINE |അലബാമയിലെ 'അടിമ' ക്യാംപുകൾ

'ദ അലബാമ സൊല്യൂഷൻ' എന്ന ഡോക്യുമെന്ററിയെപ്പറ്റിയാണ് ഈ ലക്കം 'വൺ ലൈൻ'
'ദ അലബാമ സൊല്യൂഷൻ' ഡോക്യുമെന്ററി
'ദ അലബാമ സൊല്യൂഷൻ' ഡോക്യുമെന്ററി
Published on
Updated on

"അറിവ് ഒരു മനുഷ്യനെ അടിമയായിരിക്കാൻ അയോഗ്യനാക്കുന്നു"

അമേരിക്കൻ അടിമത്ത വിരുദ്ധ പോരാളിയും ചിന്തകനുമായിരുന്ന ഫ്രെഡറിക് ഡഗ്ലസിന്റെ വാക്കുകളാണിത്. രഹസ്യമായി എഴുത്തും വായനയും പഠിച്ച്, അടിമച്ചങ്ങല പറിച്ചെറിഞ്ഞ ഡഗ്ലസിനെപ്പറ്റിയല്ല പറയാൻ പോകുന്നത്. ആ ചങ്ങലയുടെ ഇങ്ങേ അറ്റത്തെ കണ്ണികളായ ഒരു കൂട്ടം തടവുകാരെപ്പറ്റിയാണ്. അവരെ പാർപ്പിക്കുന്ന ജയിലുകളെപ്പറ്റിയാണ്. 'ദ അലബാമ സൊല്യൂഷൻ' എന്ന ഡോക്യുമെന്ററിയെപ്പറ്റിയാണ്.

യുഎസ് ഭരണഘടനയുടെ 13ാം ഭേദഗതി പ്രശസ്തമാണ്. എല്ലാത്തരം അടിമത്തങ്ങളും നിർത്തലാക്കിയതിന്റെ പേരിൽ ആഘോഷിക്കപ്പെടുന്ന ഈ ഭേദഗതിയിൽ ഒരു വലിയ വിടവുണ്ട്. ഒരു കുറ്റകൃത്യത്തിനുള്ള ശിക്ഷ എന്ന നിലയിൽ ഇന്നും നിർബന്ധിത ജോലിക്ക് ഈ ഭേദഗതി അനുവാദം നൽകുന്നു.

2022ൽ, യുഎസിന്റെ തെക്ക് കിഴക്കൻ സംസ്ഥാനമായ അലബാമ ഈ പോരായ്മ പരിഹരിച്ചു. യാതൊരുവിധ ഒഴിവുകഴിവുകളുമില്ലാതെ അടിമത്തം നിരോധിച്ച രാജ്യത്തെ ആദ്യ സ്റ്റേറ്റായി മാറി. പക്ഷേ, ഇന്നും ഇവിടെ അടിമത്തം നിലനിൽക്കുന്നു. നിർബന്ധിത ജോലി നിലനിൽക്കുന്നു. ഈ മോഡേൺ ഡേ സ്ലേവറിയെപ്പറ്റിയാണ് 'ദ അലബാമ സൊല്യൂഷൻ' എന്ന ഡോക്യുമെന്ററി സംസാരിക്കുന്നത്.

അലബാമയിലെ നിർബന്ധിത തൊഴിൽ വ്യവസ്ഥ പ്രത്യക്ഷമായാണ് പ്രവർത്തിക്കുന്നത്. ഭൂരിപക്ഷം ഈ ചൂഷണത്തെ അനുകൂലിക്കുന്നു. അതിന് കാരണം, ഇവിടെ ചൂഷിതരാകുന്നത് തടവുകാരാണ്. കുറ്റവാളികൾ. ദൈവഭയമുള്ള യാഥാസ്ഥിതിക‍‍‍ർക്ക് ഇവർ കെട്ട പഴങ്ങളാണ്. കൊല്ലാൻ വകുപ്പില്ല അതുകൊണ്ട് ഇവറ്റകൾ ജയിലിൽ കിടക്കട്ടേ എന്ന മനോഭാവം.

'ദ അലബാമ സൊല്യൂഷൻ' ഡോക്യുമെന്ററി
'ജന നായകന്' സെൻസർ ബോർഡിന്റെ കട്ട്, 'കേരള സ്റ്റോറി'കൾക്ക് ക്ലാപ്പ്; ഇതെന്ത് നീതി?

ചൂടത്ത് ചുട്ടുപൊള്ളുന്ന, മഴയത്ത് ചോ‍ർന്നൊലിക്കുന്ന ഈ കറക്ഷൻ ഫെസിലിറ്റികളും ഈ തടവുകാ‍‌രും അലബാമ സ്റ്റേറ്റിന് നൽകുന്ന സംഭാവന എത്രയാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. പ്രതിവ‍ർഷം കുറഞ്ഞത് 450 മില്യൺ ഡോള‍‍ർ. നിർബന്ധിത തൊഴിൽ പദ്ധതിയിൽ ജോലി ചെയ്യുന്ന ഓരോ തടവുകാരന്റെയും മൊത്തം വേതനത്തിന്റെ 40 ശതമാനം സർക്കാർ കൈക്കലാക്കും. അലബാമ സ്റ്റേറ്റിന്റെ ഓഫീഷ്യൽ ഹ്യൂമൻ ട്രാഫിക്കിങ് ഫീ!

ഈ മനുഷ്യാവകാശ ലംഘനങ്ങളേയും അതിനെ എതിരിടാൻ ഉറച്ച മനുഷ്യരേയുമാണ് ആൻഡ്രൂ ജറെക്കി 'ദ അലബാമ സൊല്യൂഷനി'ൽ ആവിഷ്കരിക്കുന്നത്. ആരാണ് ഈ മനുഷ്യർ? മയക്കുമരുന്നിന് അടിമകളായ നിരവധി പേ‍ർ ആ കൂട്ടത്തിലുണ്ട്. കൊലപാതകികളുണ്ട്. അവർ തങ്ങളുടെ തെറ്റുകളിൽ പശ്ചാത്തപിക്കുന്നുണ്ട്. പക്ഷേ, കാര്യമില്ല. എംപതിയുടെ ഏസ്തെറ്റിക്സിന് പുറത്താണ് അവർ. പലർക്കും പരോൾ പോലും അനുവദിക്കാറില്ല. ഈ സാഹചര്യത്തിൽ ഏതൊരു മനുഷ്യനും വയലന്റ് ആയേക്കാം. പക്ഷേ അവർ മാറിനടന്നു. തങ്ങൾ ഉൾപ്പെട്ട ജയിൽ വ്യവസ്ഥയേയും നിയമങ്ങളെയും ​ഗഹനമായി പഠിച്ചു. തങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് പണിമുടക്കി. അപ്പോഴോ, ഭരണകൂടം അവരെ പട്ടിണിക്കിട്ട് പ്രതികാരം ചെയ്തു.

'ദ അലബാമ സൊല്യൂഷൻ' ഡോക്യുമെന്ററി
"മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടൂ"; 'പ്രതിഛായ' പിആർ രാഷ്ട്രീയത്തിന്റെ കഥയോ?

സ്റ്റേറ്റ് ഈ മനുഷ്യരുടെ കഴുത്തിൽ അധികാരത്തിന്റെ ചങ്ങലകൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ഒരു നാൾ...ഒരു നാൾ അവ‍ർ അത് പറിച്ചെറിയുക തന്നെ ചെയ്യുമെന്ന പ്രതീക്ഷ എവിടെയോ ഈ ഡോക്യുമെന്ററി ബാക്കിവയ്ക്കുന്നുണ്ട്. അതിന് കാരണം ഫ്രെഡറിക് ഡഗ്ലസിന്റെ വാക്കുകൾ തന്നെയാണ്- അറിവ് അടിമയായിരിക്കാൻ അയോ​ഗ്യതയാണ്!

Related Stories

No stories found.
News Malayalam 24x7
newsmalayalam.com