പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ അരുന്ധതി റോയ് തിരക്കഥ രചിച്ച 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' (In Which Annie Gives It Those Ones) തിയേറ്ററുകളിൽ. പരിസ്ഥിതി പ്രവർത്തകൻ കൂടിയായ പ്രദീപ് കൃഷനാണ് ഈ കൾട്ട് ക്ലാസിക്ക് ചിത്രത്തിന്റെ സംവിധാനം. സിനിമയുടെ 4K റീമാസ്റ്റേഡ് പതിപ്പാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്.
1989ൽ പുറത്തിറങ്ങിയ 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' അന്ന് ദൂരദർശനിൽ മാത്രമാണ് സംപ്രേഷണം ചെയ്തിരുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ സിനിമ 4K ക്വാളിറ്റിയിൽ പുനരുദ്ധരിച്ച് ബിഗ് സ്‌ക്രീനിലെത്തിക്കുന്നത്. മാർച്ച് 13 മുതൽ 15 വരെ ഇന്ത്യയിലെ 14 നഗരങ്ങളിലായാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിൽ കൊച്ചി ലുലു പിവിആർ, തിരുവനന്തപുരം പിവിആർ ലുലു എന്നിവിടങ്ങളിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
അടുത്തിടെ നടന്ന 76ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ക്ലാസിക് വിഭാഗത്തിൽ സിനിമയുടെ 4K പതിപ്പ് പ്രദർശിപ്പിച്ചിരുന്നു. എന്നാൽ, ചലച്ചിത്രമേള ജൂറി പ്രസിഡന്റ് വിം വെൻഡേഴ്സിന്റെ 'അരാഷ്ട്രീയ പ്രസ്താവനയോട്' വിയോജിച്ച് അരുന്ധതി സ്ക്രീനിങ്ങിൽ നിന്ന് വിട്ടുനിന്നു.
അരുന്ധതി റോയ് തിരക്കഥ രചിച്ച ആദ്യ ചിത്രമാണ് 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്'. ഡൽഹിയിലെ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിലെ അരുന്ധതിയുടെ അനുഭവങ്ങളാണ് ഈ തിരക്കഥയ്‌ക്ക് പ്രചോദനം. സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ എഴുത്തുകാരി തന്നെയാണ് അവതരിപ്പിച്ചത്. അരുന്ധതി റോയിക്ക് പുറമെ അർജുൻ റെയ്‌ന, റോഷൻ സേത്ത് എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. അക്കാലത്ത് ഡൽഹിയിലെ നാടകരംഗത്ത് സജീവമായിരുന്ന ഷാരൂഖ് ഖാനും മനോജ് ബാജ്‌പേയിയും ചിത്രത്തിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സ്വവർഗാനുരാഗിയായ ഒരു കോളേജ് വിദ്യാർഥിയുടെ വേഷത്തിലാണ് ഷാരൂഖ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
1989ൽ മികച്ച തിരക്കഥയ്ക്കും മികച്ച ഇംഗ്ലീഷ് ചിത്രത്തിനുമുള്ള ദേശീയ പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിരുന്നു. എന്നാൽ. 2015ൽ, രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയിലും സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങൾക്ക് ബിജെപി സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലും പ്രതിഷേധിച്ച് അരുന്ധതിയും പ്രദീപ് കൃഷനും തങ്ങൾക്ക് ലഭിച്ച ഈ ദേശീയ പുരസ്കാരങ്ങൾ തിരികെ നൽകി.
4K പതിപ്പിന് പുറമേ സിനിമയുടെ യഥാർത്ഥ തിരക്കഥയുടെ പരിഷ്കരിച്ച പതിപ്പും പുറത്തിറക്കിയിട്ടുണ്ട്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുറത്തിറക്കുന്ന ഈ തിരക്കഥയുടെ പരിമിതമായ കോപ്പികൾ മാത്രമാണ് വിൽപ്പനയ്‌ക്കുള്ളത്. തിരക്കഥയുടെ പരിഷ്കരിച്ച പതിപ്പിൽ അരുന്ധതി റോയ്, പ്രദീപ് കൃഷൻ, ശിവേന്ദ്ര സിംഗ് ദുംഗർപൂർ എന്നിവരുടെ പുതിയ ആമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ നിർമാണം, നഷ്ടപ്പെട്ട നെഗറ്റീവ് കണ്ടെത്തിയത് തുടങ്ങിയ കാര്യങ്ങളാണ് ഇതിൽ വിവരിക്കുന്നത്.