ഈ വർഷം സിനിമാപ്രേമികൾ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ടുകളിൽ ഒന്നാണ് അല്ലു അർജുനെ നായകനാക്കി അറ്റ്‌ലി ഒരുക്കുന്ന ചിത്രം. 'AA22xA6' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഫാന്റസിയാണെന്നാണ് സൂചന. നടന്റെ ജന്മദിനത്തിൽ സിനിമയുടെ സുപ്രധാന അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.
അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ എട്ടിന് സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവരും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയുടെ ടീസർ പുറത്തുവരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നിർമാതാവ് ബണ്ണി വ്യാസ് ഇത്തരം റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. ഇതൊരു സവിശേഷമായ ചിത്രമായതിനാൽ, അതിന്റെ ദൃശ്യങ്ങൾ നിർമാതാക്കൾ ഇപ്പോൾ പുറത്തുവിടില്ലെന്ന് ബണ്ണി വ്യക്തമാക്കി.
800 കോടി രൂപയ്ക്ക് മുകളിലാണ് അറ്റ്‌ലി ചിത്രത്തിന്റെ ബജറ്റ് കണക്കാക്കുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കുമിത്. സണ്‍ പിക്‌ചേഴ്‌സ് ആണ് 'AA22xA6' നിര്‍മാണം.
ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. മൃണാള്‍ താക്കുര്‍, ജാന്‍വി കപൂര്‍, രശ്മിക മന്ദാന എന്നിവരുടെ പേരുകളും സിനിമയുടെ ഭാഗമായി ഉയർന്നുകേൾക്കുന്നുണ്ട്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ട്രിപിള്‍ റോളിലെത്തുമെന്നും സൂചനയുണ്ട്. പാരലല്‍ യൂണിവേഴ്സ്, ടൈം ട്രാവല്‍ എന്നിവയും സിനിമയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡിലെ മുന്‍നിര വിഎഫ്‌എക്സ് സ്റ്റുഡിയോകളുമായി സഹകരിച്ചാണ് സിനിമയുടെ ദൃശ്യങ്ങൾ ഒരുക്കുന്നത്.
രണ്ട് ഭാഗങ്ങളായിട്ടാകും സിനിമ റിലീസ് ചെയ്യുക. ആദ്യ ഭാഗം 2026 അവസാനത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. ഈ ഭാഗം പുറത്തിറങ്ങിയതിന് ശേഷമാകും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കുക.