ബി. ഉണ്ണികൃഷ്ണന്‍, 'പേട്രിയറ്റ്' പോസ്റ്റർ 
ENTERTAINMENT

"125 കോടിക്കു മുകളിലാണ് ബജറ്റെന്നാണ് അറിയാൻ കഴിഞ്ഞത്, ധീരമായ ശ്രമം"; 'പേട്രിയറ്റി'ന് ആശംസകളുമായി ബി. ഉണ്ണികൃഷ്ണൻ

മെയ് ഒന്നിനാണ് 'പേട്രിയറ്റ്' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്ത മൾട്ടിസ്റ്റാർ ചിത്രം 'പേട്രിയറ്റി'ന് ആശംസകൾ നേർന്ന് സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണൻ. 125 കോടിക്കു മുകളിലാണ് ചിത്രത്തിന്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞതെന്നും മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കൽപ്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയുമെന്നും ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. വലിയ ഒരു താരനിരതന്നെ ഈ സിനിമയിൽ ഇവർക്കൊപ്പം അണിനിരക്കുന്നുണ്ട്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബി. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ്:

നാളെ 'പേട്രിയറ്റ്' തിയേറ്ററുകളിലെത്തുകയാണ്. ശ്രീ. മമ്മുട്ടിയും ശ്രീ. മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനുമടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്കു മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്കെന്നാണ് അറിയാൻ കഴിഞ്ഞത്. നിർമ്മാതാവാകുന്നതിനു മുമ്പ് തന്നെ എനിക്ക് ആന്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആന്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതക്കളിലൊരാളായത്. മഹേഷും ആന്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ. മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു. മഹേഷിന്റെ വലിയൊരു സ്വപ്നത്തിന്റെ കൂടെ എത്ര ദൃഢതയോടെയാണ് ആന്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കൽപ്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുമ്പ്, 'എമ്പുരാ’നിലൂടെ ആന്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.

നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തന്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമക്ക്. തീർച്ചയായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’

ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആന്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ച്ചാനുഭവത്തിന്റെ അതിരുകളെ വികസിപ്പിക്കുംവിധം ഒരു സിനിമ വിഭാവന ചെയ്ത മഹേഷിനും അദ്ദേഹത്തിന്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു. മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്രമാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.

SCROLL FOR NEXT