ഗ്രാമി പുരസ്കാര ജേതാവ് ബാഡ് ബണ്ണി Source: X
ENTERTAINMENT

ബാഡ് ബണ്ണിയുടെ സൂപ്പർ ബൗൾ പ്രകടനം വൈറൽ; 'മോശം' ഷോയെന്ന് ട്രംപ്

13 മിനിറ്റ് പ്രകടനത്തിലൂടെ പ്യൂർട്ടോ റിക്കൻ ഗായകൻ ഹാഫ് ടൈം ഷോ ഒരു ഡാൻസ് പാർട്ടിയാക്കി മാറ്റി

Author : ന്യൂസ് ഡെസ്ക്

ഗ്രാമി പുരസ്കാര ജേതാവ് ബാഡ് ബണ്ണിയുടെ എൻഎഫ്എൽ സൂപ്പർ ബൗൾ പ്രകടനം വൈറലാകുന്നു. 13 മിനുട്ട് പ്രകടനത്തിലൂടെ പ്യൂർട്ടോ റിക്കൻ ഗായകൻ ഹാഫ് ടൈം ഷോയെ സ്പാനിഷ് സംസ്കാരം വിളിച്ചോതുന്ന ഡാൻസ് പാർട്ടിയാക്കി മാറ്റി. പെഡ്രോ പാസ്ക്കൽ, കാർഡി ബി, ജെസീക്ക ആൽബ, കരോൾ ജി എന്നിങ്ങനെ സെലിബ്രിറ്റികൾ കൂടി ബണ്ണിക്കൊപ്പം ചുവടുവച്ചതോടെ ആവേശം ഇരട്ടിയായി.

കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ലിവൈസ് സ്റ്റേഡിയത്തിൽ, തന്റെ ജന്മനാടിനോടുള്ള ആദരസൂചകമായി കരിമ്പ് തോട്ടങ്ങളും ബോഡേഗകളും (ചെറിയ കടകൾ) പാരമ്പരാഗത വീടുകളും കൊണ്ട് ഡിസൈൻ ചെയ്ത വേദിയിലാണ് ബാഡ് ബണ്ണി പെർഫോം ചെയ്തത്. അതും സ്പാനിഷിൽ. എൻഎഫ്എല്ലിൽ പ്രധാന ഷോ അവതരിപ്പിക്കുന്ന ആദ്യ സ്പാനിഷ് സംഗീതജ്ഞൻ ആണ് ബാഡ് ബണ്ണി.

ഗ്രാമി പുരസ്കാരവുമായാണ് ബാഡ് ബണ്ണി വേദിയിലേക്ക് എത്തിയത്. പ്രകടനത്തിനിടയിൽ പുരസ്കാരം സ്റ്റേജിലുണ്ടായിരുന്ന ഒരു ചെറിയ കുട്ടിക്ക് കൈമാറി. പുതിയ തലമുറയ്ക്കുള്ള തന്റെ പിന്തുണ അറിയിക്കാനും അവർക്ക് പ്രചോദനം നൽകാനുമാണ് ബാഡ് ബണ്ണി തന്റെ ഗ്രാമി പുരസ്കാരം ആ കുട്ടിക്ക് കൈമാറിയതെന്ന് പലരും ചൂണ്ടിക്കാട്ടിയപ്പോൾ മറുവശത്ത് നിരവധി വിമർശനങ്ങളും ഉയർന്നു. ഇതൊരു രാഷ്ട്രീയ നീക്കമായാണ് ചിലർക്ക് തോന്നിയത്.

സൂപ്പർ ബൗൾ ഷോ അവസാനിച്ചതിന് പിന്നാലെ ഈ കുട്ടിയായി സോഷ്യൽ മീഡിയയിൽ സംസാരവിഷയം. യുഎസ് ഇമിഗ്രേഷൻ വിഭാഗം അന്യായമായി തടവിലാക്കിയ ലിയാം റാമോസ് ആണതെന്ന് അതിവേഗം പ്രചരിച്ചതോടെ ട്രംപ് അനുകൂലികളുടെ വിമർശനങ്ങളുടെ മൂർച്ച കൂടി. എന്നാൽ, ലിങ്കൺ ഫോക്സ് എന്ന അഞ്ച് വയസുകാരൻ ബാലതാരം ആയിരുന്നു ആ കുട്ടി.

ബണ്ണിയുടെ സൂപ്പർ ബൗൾ പ്രകടനത്തെ വിമർശിച്ചവരിൽ മുൻനിരയിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്നെയാണ്. സ്പാനിഷിലുള്ള പ്രകടനത്തെ നിശിതമായ ഭാഷയിലാണ് ട്രംപ് വിമർശിച്ചത്. 'ഇയാൾ പറയുന്നത് ആർക്കും മനസിലാകുന്നില്ല' എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യൽ കുറിച്ചത്. 'ചരിത്രത്തിലെ തന്നെ ഏറ്റവും മോശം' ഷോകളിൽ ഒന്ന് എന്നാണ് ഈ പ്രകടനത്തെ യുഎസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ ആഴ്ച നടന്ന ഗ്രാമി പുരസ്കാരദാന ചടങ്ങിൽ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളെ, പ്രത്യേകിച്ച് യുഎസ് ഇമിഗ്രേഷൻ (ഐസ്) വിഭാഗത്തിന്റെ നടപടികളെ ബാഡ് ബണ്ണി വിമർശിച്ചിരുന്നു. ഇതിനോട് ചേർത്തുവച്ചായിരുന്നു വിമർശനങ്ങൾ. "ഐസ് പുറത്തുപോവുക," എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ആൽബം ഓഫ് ദ ഇയർ പുരസ്കാരം വാങ്ങിക്കൊണ്ട് ബാഡ് ബണ്ണി പ്രസംഗം തുടങ്ങിയത്. "ഞങ്ങൾ വന്യമൃഗങ്ങളോ അപരിഷ്കൃതരോ അന്യഗ്രഹജീവികളോ അല്ല, ഞങ്ങൾ മനുഷ്യരാണ്, ഞങ്ങൾ അമേരിക്കക്കാരാണ്... വിദ്വേഷത്തേക്കാൾ ശക്തിയുള്ളത് സ്നേഹത്തിനാണ്. അതുകൊണ്ട് നമ്മൾ വ്യത്യസ്തരായിരിക്കണം. നമ്മൾ പോരാടുകയാണെങ്കിൽ അത് സ്നേഹത്തോടെ വേണം. നമുക്ക് അവരോട് വിദ്വേഷമില്ല, ഞങ്ങൾ ഞങ്ങളുടെ ജനതയേയും കുടുംബങ്ങളെയും സ്നേഹിക്കുന്നു," എന്നും ഗായകൻ കൂട്ടിച്ചേർത്തു. ഐസ് തന്റെ സംഗീത പരിപാടികൾക്കെത്തുന്നവരെ ലക്ഷ്യം വച്ചേക്കുമെന്ന് ഭയന്ന് യുഎസിൽ പര്യടനം നടത്തേണ്ടെന്ന് ബാഡ് ബണ്ണി തീരുമാനിച്ചിരുന്നു. ബാഡ് ബണ്ണിയുടെ 'ഡെബി തിരാർ മാസ് ഫോട്ടോസി'നാണ് ഇത്തവണത്തെ ആൽബം ഓഫ് ദ ഇയർ പുരസ്കാരം.

SCROLL FOR NEXT