നടന്‍ മോഹന്‍ലാലിന് ദാദാ സാഹേബ് പുരസ്‌കാരം ലഭിച്ച വാര്‍ത്ത മലയാളികള്‍ ഒന്നടങ്കമാണ് ആഘോഷിച്ചത്. പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ അടൂര്‍ ഗോപാല കൃഷ്ണന്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞതും മോഹന്‍ലാല്‍ നല്‍കിയ മറുപടിയും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അതിനിടെ നടന്‍ ബൈജുവിന്റെ ഒരു കമന്റ് ആണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പരിപാടിക്കിടെ അടൂരിന്റെ പ്രസംഗത്തിന്റെ ഭാഗവും മോഹന്‍ലാലിന്റെ മറുപടിയും ചേര്‍ത്തുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയാണ് നടന്‍ ബൈജു സന്തോഷ് കമന്റിട്ടത്. ഇപ്പോള്‍ ഇതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ''ഇങ്ങേരുടെ പടത്തില്‍ അഭിനയിക്കാത്തതുകൊണ്ട് മോഹന്‍ലാല്‍ സൂപ്പര്‍ സ്റ്റാര്‍ ആയി' എന്നായിരുന്നു ബൈജുവിന്റെ കമന്റ്.
ബൈജുവിന്റെ കമന്റിനെ പിന്തുണച്ചും അതില്‍ മറുപടി നല്‍കിയും നിരവധി പേര്‍ രംഗത്തെത്തി. അർഹിച്ച മറുപടിയാണ് നൽകിയിരിക്കുന്നതെന്നും ചിലർ കമന്‍റ് ചെയ്തിരിക്കുന്നു. മോഹന്‍ലാലിനെതിരെ നേരത്തെയും അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. മമ്മൂട്ടി അടക്കമുള്ള നടന്മാര്‍ക്കൊപ്പം സിനിമകള്‍ ചെയ്ത അടൂര്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തിട്ടില്ല. മാത്രമല്ല, പല ഘട്ടങ്ങളിലും വിമര്‍ശിക്കുകയും ചെയ്തിരുന്നു. മോഹന്‍ലാലിനെ ആദരിക്കുന്ന 'മലയാളം വാനോളം, ലാല്‍സലാം' വേദിയിലും അടൂര്‍ പറഞ്ഞ വാക്കുകള്‍ തന്നെ ആരും ഇത്തരത്തില്‍ ആദരിച്ചില്ലെന്നായിരുന്നു.
'എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാര്‍ഡ് നല്‍കിയ ജൂറി അംഗമായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ട് ദശാബ്ദം മുന്‍പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്,' എന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍.
അടൂരിന്റെ ഈ പ്രസംഗത്തിന് പിന്നാലെ മോഹന്‍ലാല്‍ സംസാരിക്കാന്‍ എത്തി. ആദരവിന് നന്ദി അറിയിച്ച നടന്‍ വേദിയില്‍ ഇരുന്ന ഒരോരുത്തരെയായി പേരെടുത്ത് നന്ദി അറിയിച്ചു. അടൂര്‍ ഗോപാലകൃഷ്ണന് നന്ദി പറഞ്ഞ വാക്കുകള്‍ നടന്റെ പരോക്ഷ മറുപടിയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
'എന്നെക്കുറിച്ച് ആദ്യമായി അല്ല..അല്ല ഞങ്ങള്‍ ഒരുപാട് വേദികളില്‍ ഒരുമിച്ച് ഇരുന്നിട്ടുണ്ട്...എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും മറ്റെല്ലാവരോടും ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു,' എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ആരാധകര്‍ മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുമ്പോള്‍ അടൂരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്. ഇതില്‍ പലര്‍ക്കും അടൂര്‍ നിരവധി തവണ ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയ സംവിധായകനാണെന്നോ ആദ്യമായി ദാദാഹസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളിയാണെന്നോ അറിയില്ലെന്നതാണ് രസകരമായ വസ്തുത.
സെപ്റ്റംബര്‍ 23നാണ് രാജ്യം മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചത്. 2004ന് ആണ് ചലച്ചിത്ര മേഖലയിലെ ഏറ്റവും വലിയ ബഹുമതിയായ ഫാല്‍ക്കെ അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണന് ലഭിക്കുന്നത്.