ഷിബിൻ ചേട്ടനൊപ്പം ബിജു കുട്ടൻ 
ENTERTAINMENT

"ഇത്ര കാലമുണ്ടായിരുന്ന പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ"; വിഷുക്കാലത്തെ വൈറൽ ചേട്ടനെത്തി, ബിജു കുട്ടനെ കാണാൻ

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം തന്നോട് സംസാരിച്ചതെന്ന് ബിജു കുട്ടൻ

Author : ന്യൂസ് ഡെസ്ക്

'വാഴ 2' എന്ന സവിൻ സാ ചിത്രത്തിൽ മലയാളികളുടെ ഉള്ളുലച്ച ഒരു രംഗമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് വൈറലായ ഒരു വീഡിയോയുടെ പുനഃരാവിഷ്കാരം. ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ഒരു ചേട്ടന്റെ വീഡിയോ വലിയ തോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പിന്നീടങ്ങോട്ട് എല്ലാ വിഷുക്കാലത്തും ഈ വീഡിയോ ഒരു ട്രോളായി പ്രത്യക്ഷപ്പെട്ടു തുടങ്ങി. അന്ന് മുതൽ ഈ വീഡിയോ കണ്ട് ചിരിച്ചവരാണ് മലയാളികൾ. പക്ഷേ, ഇന്ന് അങ്ങനെയല്ല. ഒരു കണ്ണീരോടെയല്ലാതെ ഇപ്പോൾ ആർക്കും ആ ദൃശ്യങ്ങൾ കാണാൻ പറ്റില്ല. 'വാഴ 2' ആ രംഗത്തിന് മറ്റൊരു മാനം നൽകി. ആ വീഡിയോ വൈറലായതോടെ ഒരുപാട് പരിഹാസങ്ങൾ നേരിടേണ്ടി വന്ന ആ മനുഷ്യൻ, ഷിബൻ ചേട്ടൻ, നടൻ ബിജു കുട്ടനെ കാണാൻ എത്തി. തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ നിമിഷം വെള്ളിത്തിരയിൽ അഭിനയിച്ച നടനോട് മനസുതുറന്നു.

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം തന്നോട് സംസാരിച്ചതെന്ന് ബിജു കുട്ടൻ ഫേസ്ബുക്കിൽ കുറിച്ചു. ഷിബന്റെ അനിയൻ ആണ് ആ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഷിബന്റെ മകൻ അന്ന് ആറാം ക്ലാസിലാണ്. താൻ വീഴുന്നത് കണ്ട മകൻ തനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവന്നു കെട്ടിപ്പിടിച്ചുവെന്ന് അദ്ദേഹം പറയുന്നു.

എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നുവെന്നും തന്റെ ജീവിതം പകർത്തി വച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും ബിജു കുട്ടനോട് ഷിബൻ ചേട്ടൻ പറഞ്ഞു.

ബിജു കുട്ടന്റെ കുറിപ്പിന്റെ പൂർണരൂപം:

ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെയും എന്റെ കുടുംബത്തിൻ്റെയും വിഷുദിന ആശംസകൾ.

'വാഴ 2' സിനിമ കണ്ടിട്ടുള്ള എല്ലാ മലയാളികളും ഒരേപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ഒരു വിഷു ദിവസം പടക്കം പൊട്ടിച്ച് റോഡിൽ വീഴുന്ന ആ ചേട്ടൻ ആരാണ്, എവിടെയാണ്, എന്തു സംഭവിച്ചു എന്നൊക്കെ.

ഈ സിനിമയുടെ എഴുത്തുകാരൻ വിപിൻദാസിനും ഇതിന്റെ സംവിധായകൻ സവിനും സോഷ്യൽ മീഡിയയ്ക്കും നമുക്ക് ആർക്കും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.

എന്നാൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും ഭാര്യയുടെ കൂട്ടുകാരിയും മകളും എന്നെ കാണാൻ വീട്ടിൽ വന്നിരുന്നു. വാഴ 2 സിനിമ കണ്ടെന്നും, കണ്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നിയെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. ആ വീഴ്ചയ്ക്ക് അപ്പുറത്തേക്ക് അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യം അതേപോലെ ഞങ്ങൾ സിനിമയിൽ ചെയ്തുവച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.

'എന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ അനിയൻ തന്നെ എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആണ് അത്. അന്ന് ഞാൻ വീഴുന്നത് കണ്ട എൻ്റെ മകൻ എനിക്കെന്തോ ആപത്ത് സംഭവിച്ചു എന്നു കരുതി പൊട്ടി കരഞ്ഞുകൊണ്ട് ഓടിവന്നു എന്നെ കെട്ടിപ്പിടിച്ചു, എന്നെ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി, അത്രയും സങ്കടത്തോടെ എന്റെ മകനെ ഞാൻ അതുവരെ കണ്ടിട്ടില്ല.

പിന്നീട് ഈ വീഡിയോ വൈറലായി, ആ വീഡിയോ പോസ്റ്റ് ചെയ്തയാൾ മനസ്സിൽ പോലും വിചാരിക്കാത്ത രീതിയിൽ അത് ആളുകളിലേക്ക് എത്തി. എല്ലായിടത്തും ആ വീഡിയോ കാണുമ്പോൾ വിഷമം ആണ് തോന്നിയിരുന്നത്. ഒരു ഫങ്ക്ഷന് പോകാനും, ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ മടിയായിരുന്നു. ആ വീഡിയോ കണ്ട ആളുകൾ ചേട്ടൻ മദ്യപിച്ചിട്ടുണ്ടായിരുന്നോ, പടക്കം ഇത്ര പേടിയാണോ എന്നൊക്കെ ചോദിക്കുമ്പോൾ ശരിക്കും വിഷമം തോന്നിയിരുന്നു. മരിക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചുപോയിട്ടുണ്ട്. എല്ലാ വിഷുക്കാലം വരുമ്പോഴും ആ വീഡിയോയെ പറ്റിയുള്ള ഓർമ വല്ലാത്ത മാനസികബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.

സിനിമയിലെ പാട്ട് റിലീസ് ആയപ്പോൾ, അതിലെ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അത് ആളുകൾക്ക് ഒരു ഓർമപ്പെടുത്തൽ ആവുമെന്നും കൂടുതൽ ആളുകൾ ഇത് അറിയുമെന്നും ഞാൻ പേടിച്ചു.

പക്ഷേ സിനിമ കണ്ടിറങ്ങിയ എൻ്റെ മകൻ അവന്റെ ജോലി സ്ഥലത്തുനിന്നും എന്നെ വിളിച്ച് അച്ഛനും അമ്മയും എന്തായാലും സിനിമ പോയി കാണണം എന്ന് പറഞ്ഞു.

സിനിമ കണ്ടതിനുശേഷം വളരെ സന്തോഷത്തിലാണ്, ഇത്ര കാലം ഉണ്ടായ പേടിയും ടെൻഷനുമെല്ലാം പെട്ടെന്ന് പോയ പോലെ. ആ വീഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്തേക്ക് അവിടെ സംഭവിച്ചത് അതേപോലെ സ്ക്രീനിൽ കണ്ടപ്പോൾ വല്ലാത്ത സന്തോഷവും ആശ്വാസവും തോന്നി.'

ഒരുപാട് സന്തോഷത്തോടെ കണ്ണ് നിറഞ്ഞാണ് അദ്ദേഹം എന്നോട് സംസാരിച്ച് തീർത്തത്.

തന്റെ ജീവിതം പകർത്തി വെച്ചതുപോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയതെന്നും അതെങ്ങനെയാണെന്നും ചേട്ടൻ എന്നോട് ചോദിച്ചു.

അത് ചേട്ടനെ പോലെ തന്നെ എനിക്കും അറിയില്ല ഞാൻ രണ്ടുമൂന്നു ഇന്റർവ്യൂവിൽ പറഞ്ഞതുപോലെ അത് വിപിൻദാസിന്റെയും സവിന്റെയും ഒരു മാജിക് തന്നെയാണ്.

ദയവ് ചെയ്ത് ഇത് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാനോ ശ്രമിക്കരുത്.

ചേട്ടൻ ഇനിയെന്നും സന്തോഷമായി ഇരിക്കട്ടെ.

ഒരിക്കൽകൂടി എല്ലാവർക്കും വിഷു ആശംസകൾ നേരുന്നു.

SCROLL FOR NEXT