സൽമാൻ ഖാൻ, വിവേക് വാസ്വാനി 
ENTERTAINMENT

"സൽമാൻ ഖാന് ഒപ്പം ഇനി പ്രവർത്തിക്കില്ല"; കാരണം വെളിപ്പെടുത്തി നിർമാതാവ്

സെറ്റിലെ അച്ചടക്കമില്ലായ്മയോട് തനിക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് വിവേക് വാസ്വാനി

Author : ന്യൂസ് ഡെസ്ക്

ബോളിവുഡ് താരം സൽമാൻ ഖാന് ഒപ്പം ഇനി ഒരു ചിത്രമുണ്ടാകില്ലെന്ന് വ്യക്തമാക്കി നിർമാതാവ് വിവേക് വാസ്വാനി. 'പത്തർ കെ ഫൂൽ' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒരുമിച്ച് പ്രവർത്തിച്ചത്. വിക്കി ലാൽവാനിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇതിന്റെ കാരണം നിർമാതാവ് തുറന്നുപറഞ്ഞു.

സെറ്റിലെ അച്ചടക്കമില്ലായ്മയോട് തനിക്ക് പൊരുത്തപ്പെടാൻ കഴിയില്ലെന്ന് വിവേക് വാസ്വാനി പറഞ്ഞു. മദ്യപാനവും അച്ചടക്കമില്ലാത്ത പെരുമാറ്റവുമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ താൻ താൽപ്പര്യപ്പെടുന്നില്ലെന്ന് വിവേക് വ്യക്തമാക്കി.

"മദ്യപാനമുള്ള ഒരിടത്ത് എനിക്ക് ജോലി ചെയ്യാൻ കഴിയില്ല. ആളുകൾ മദ്യപിക്കുകയും അച്ചടക്കമില്ലാതെ പെരുമാറുകയും ചെയ്യുന്നിടത്ത് എനിക്ക് പ്രവർത്തിക്കാനാകില്ല. സഞ്ജയ് ലീല ബൻസാലിയുടെയോ സൂരജ് ബർജാത്യയുടെയോ സിനിമകളിൽ കാണുന്ന സൽമാനെ എനിക്ക് ലഭിക്കുകയാണെങ്കിൽ, ഞാൻ തീർച്ചയായും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കും. കാരണം അവർക്കൊപ്പം സൽമാൻ അച്ചടക്കമുള്ള, ഉന്നത നിലവാരം പുലർത്തുന്ന പ്രൊഫഷണലാണ്. തന്റെ പരമാവധി അവർക്കായി അദ്ദേഹം നൽകും. ഞാൻ സൽമാനോടൊപ്പം പ്രവർത്തിക്കുകയാണെങ്കിൽ അദ്ദേഹത്തിന് ഏറ്റവും മികച്ചത് നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്," വിവേക് പറയുന്നു.

"ആദിത്യ ചോപ്ര, സഞ്ജയ് ലീല ബൻസാലി, സൂരജ് ബർജാത്യ തുടങ്ങിയ ചില സംവിധായകർക്കൊപ്പം സൽമാൻ നിയന്ത്രണവിധേയനാണ്. അവർക്കൊപ്പം അദ്ദേഹം അച്ചടക്കം പാലിക്കുന്നു. സൽമാന്റെ പേരിൽ സിനിമ ചെയ്യുന്നവരല്ല ഇവർ. വലിയ ബാനറുകൾ ആയതുകൊണ്ട് തന്നെ അവർക്കും അർഹമായ ബഹുമാനം ലഭിക്കുന്നുണ്ട്. അവർ സിനിമയിൽ ഇടപെടലുകൾ അനുവദിക്കില്ല. അവർക്ക് സൽമാൻ എന്ന താരത്തെയല്ല, മറിച്ച് സൽമാൻ എന്ന നടനെയാണ് ആവശ്യം. എനിക്ക് അച്ചടക്കമില്ലായ്മ ഒട്ടും താൽപ്പര്യമില്ല." നിർമാതാവ് കൂട്ടിച്ചേർത്തു.

വിവേക് വാസ്വാനിയും ജി.പി. സിപ്പിയും ചേർന്ന് നിർമിച്ച ആക്ഷൻ ചിത്രം 'പത്തർ കെ ഫൂൽ' 1991ലാണ് റിലീസ് ആയത്. ആനന്ദ് ബലാനിയായിരുന്നു സംവിധാനം. രവീണ ടണ്ടൻ നായികയായി എത്തിയ ആദ്യ ചിത്രമായിരുന്നുവിത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ചിത്രത്തിൽ സൽമാൻ എത്തിയത്. സൽമാന്റെ പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ സലിം ഖാൻ ആയിരുന്നു സിനിമയുടെ തിരക്കഥ. 1991ലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു 'പത്തർ കെ ഫൂൽ'.

SCROLL FOR NEXT