രൺബീർ കപൂറിന് 150 കോടി, യഷിന് 100 കോടി; 'രാമായണ' താരങ്ങളുടെ പ്രതിഫലം എത്ര?

വൻ ബജറ്റിൽ എത്തുന്ന 'രാമായണ' വിഷ്വൽ എഫക്ടുകൾക്കും സെറ്റുകൾക്കുമായി വലിയൊരു തുക തന്നെ ചെലവഴിച്ചിട്ടുണ്ട്
'രാമായണം: ഭാഗം 1'
'രാമായണം: ഭാഗം 1'
Published on
Updated on

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'. രണ്ട് ഭാഗങ്ങളായാണ് ഈ ബ്രഹ്മാണ്ഡ ചലച്ചിത്ര പരമ്പര ഒരുങ്ങുന്നത്. ഏകദേശം 4,000 കോടി രൂപയാണ് ഈ സിനിമകളുടെ ബജറ്റായി കണക്കാക്കുന്നത്. ഇപ്പോഴിതാ, 'രാമായണ'യിലെ അഭിനേതാക്കൾ വാങ്ങുന്ന വൻ പ്രതിഫലത്തെ സംബന്ധിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്.

രാമനായി വേഷമിടുന്ന രൺബീർ കപൂർ 75 കോടി രൂപയാണ് 'രാമായണ: ഭാഗം 1'ന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ രൺബീറിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങൾക്കുമായി ഏകദേശം 150 കോടി രൂപയോളമാണ് താരം കൈപ്പറ്റുന്നത്.

'രാമായണം: ഭാഗം 1'
ഐതിഹ്യങ്ങളിലെ രാമനായി രൺബീർ കപൂർ; 'രാമായണ' ക്യാരക്ടർ ടീസർ പുറത്ത്

രാവണന്റെ വേഷം ചെയ്യുന്ന കന്നഡ താരം യഷിന് രണ്ടു ഭാഗങ്ങളുമായി 100 കോടി രൂപയാണ് പ്രതിഫലം. സീതയായി അഭിനയിക്കുന്ന സായ് പല്ലവി 12 കോടി രൂപ വീതമാണ് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. തന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് സായ് പല്ലവി വാങ്ങുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഹനുമാന്റെ വേഷത്തിനായി സണ്ണി ഡിയോൾ 45 കോടി രൂപയാണ് (20 കോടി വീതം) വാങ്ങുന്നതെന്നാണ് സൂചന.

വൻ ബജറ്റിൽ എത്തുന്ന 'രാമായണ' വിഷ്വൽ എഫക്ടുകൾക്കും സെറ്റുകൾക്കുമായി വലിയൊരു തുക തന്നെ ചെലവഴിച്ചിട്ടുണ്ട്. രവി ബൻസാൽ, റാംസി അവേരി എന്നിവരാണ് സിനിമയുടെ കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീധർ രാഘവന്റേതാണ് തിരക്കഥ. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ എഫക്ട്സ് സ്റ്റുഡിയോയായ ഡിഎൻഇജി, യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

'രാമായണം: ഭാഗം 1' 2026 ദീപാവലിക്ക് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. ഇത് 2027 ദീപാവലിക്ക് പുറത്തിറങ്ങും.

News Malayalam 24x7
newsmalayalam.com