അമൃത്സർ: സുവർണക്ഷേത്ര ദർശനത്തിനിടെ പൊട്ടിക്കരഞ്ഞ് ബോളിവുഡ് നടി സാറാ അലി ഖാൻ. പ്രാർഥനയ്ക്കിടെ വികാരാധീനയായി പൊട്ടിക്കരയുന്ന നടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. പുതിയ ചിത്രം 'ഉഡ്താ തീർ' റിലീസിന് മുന്നോടിയായി അനുഗ്രഹം തേടിയാണ് നടി സുവർണക്ഷേത്രത്തിൽ എത്തിയത്.
വിജയദശമി ദിനത്തിലാണ് സാറാ അലി ഖാനും സഹതാരം അയുഷ്മാൻ ഖുറാനയും സുവർണക്ഷേത്രത്തിൽ എത്തിയത്. പ്രാർത്ഥനയ്ക്കിടെ സാറ കണ്ണീരടക്കാനാവാതെ വിതുമ്പുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പമുണ്ടായിരുന്ന അയുഷ്മാൻ ഖുറാന അൽപ്പം ആശങ്കയോടെ നടിയെ നോക്കി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
നടി പെട്ടെന്ന് കരയാനുണ്ടായ കാരണം വ്യക്തമല്ലെങ്കിലും, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നടിയുടെ ആരോഗ്യത്തെക്കുറിച്ചും മാനസികാവസ്ഥയെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്.
അതേസമയം, സുവർണക്ഷേത്രം സന്ദർശിച്ചതിന് ശേഷം അയുഷ്മാൻ ഖുറാനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സാറ പങ്കുവച്ചിരുന്നു. അയുഷ്മാനൊപ്പം വെള്ള വസ്ത്രത്തിൽ, തലയിൽ ദുപ്പട്ട ധരിച്ച്, കൈകൂപ്പി നിൽക്കുന്ന ചിത്രത്തോടൊപ്പം "വിജയദശമി ആശംസകൾ. എല്ലാവർക്കും സ്നേഹവും ഭാഗ്യവും സന്തോഷവും നേരുന്നു" എന്നാണ് നടി കുറിച്ചിരുന്നത്.
അയുഷ്മാൻ ഖുറാനയും സാറാ അലി ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ഉഡ്താ തീർ' ഒക്ടോബർ 23നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആകാശ് എ. കൗശിക് സംവിധാനം ചെയ്യുന്ന ചിത്രം സ്പൈ-കോമഡി ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. അപകടത്തിൽ പെട്ട് ഓർമ നഷ്ടപ്പെടുന്ന ഒരു ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. പാകിസ്ഥാൻ ചാരനായ ബിലാൽ അഹമ്മദ് എന്ന കഥാപാത്രത്തെയാണ് അയുഷ്മാൻ ഖുറാന അവതരിപ്പിക്കുന്നത്. രാഹുൽ ബോസ്, റാം കപൂർ, ഗുൽഷൻ ഗ്രോവർ, സുപ്രിയ പിൽഗോങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.