'ഭോല'യിൽ അജയ് ദേവ്‌ഗൺ, 'കൈതി'യിൽ കാർത്തി 
ENTERTAINMENT

'കൈതി' വേഴ്സസ് 'ഭോല': പകർപ്പവകാശ കരാർ തർക്കത്തിൽ സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

2019ൽ പുറത്തിറങ്ങിയ കാർത്തി ചിത്രം 'കൈതി'യുടെ ഔദ്യോഗിക ഹിന്ദി റീമേക്കായിരുന്നു അജയ് ദേവ്ഗൺ നായകനായ 'ഭോല'

Author : ന്യൂസ് ഡെസ്ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തമിഴ് ചിത്രം 'കൈതി'യുടെ ഹിന്ദി റീമേക്ക് ആണ് 'ഭോല'. ആജയ് ദേവ്‌ഗൺ നായകനായ ചിത്രത്തിനെതിരെ 'കൈതി' നിർമാതാക്കൾ അടുത്തിടെ ബോബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹിന്ദി നിർമാതാക്കൾ പകർപ്പവകാശ കരാർ ലംഘിച്ചുവെന്നായിരുന്നു കേസ്.

എന്നാൽ, കേസ് ചെന്നൈയിലെ കോടതികളുടെ പരിധിയിലാണ് വരുന്നതെന്നായിരുന്നു 'ഭോല'യുടെ നിർമാതാക്കളുടെ വാദം. കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി ഈ വാദം തള്ളിക്കളഞ്ഞു. 'കൈതി'യുടെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് നൽകിയ പകർപ്പവകാശ ലംഘനക്കേസിൽ വാദം കേൾക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഷർമിള ദേശ്മുഖിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം. കേസ് ഏപ്രിൽ 30ന് വീണ്ടും പരിഗണിക്കും.

2019ൽ പുറത്തിറങ്ങിയ കാർത്തി ചിത്രം 'കൈതി'യുടെ ഔദ്യോഗിക ഹിന്ദി റീമേക്കായിരുന്നു അജയ് ദേവ്ഗൺ നായകനായ 'ഭോല'. എന്നാൽ കരാർ പ്രകാരമുള്ള പണം നൽകിയില്ലെന്നും പകർപ്പവകാശം ലംഘിച്ചുവെന്നും ആരോപിച്ചാണ് ഡ്രീം വാരിയർ പിക്ചേഴ്സ് കോടതിയെ സമീപിച്ചത്.

അജയ് ദേവ്ഗൺ ഫിലിംസ്, റിലയൻസ് എന്റർടെയ്‌ൻമെന്റ് എന്നിവർക്കെതിരെയാണ് ഡ്രീം വാരിയർ പിക്ചേഴ്സ് നിയമനടപടി സ്വീകരിച്ചത്. 'കൈതി'യുടെ പകർപ്പ് അവകാശവും റീമേക്ക് അവകാശവും തങ്ങൾക്ക് മാത്രമാണെന്നും കരാർ ലംഘനമാണ് നടന്നതെന്നുമായിരുന്നു ഡ്രീം വാരിയർ പിക്ചേഴ്സിന്റെ വാദം.

2023 മാർച്ച് 30നാണ് 'ഭോല' തിയേറ്ററുകളിലേക്ക് എത്തിയത്. റിലീസിന് പിന്നാലെ അജയ് ദേവ്ഗൺ ഫിലിംസ്, റിലയൻസ് എന്റർടെയ്‌ൻമെന്റ്, ഡ്രീം വാരിയർ പിക്ചേഴ്സ് എന്നിവർ സംയുക്തമായി ഒരു കരാറിൽ ഏർപ്പെട്ടിരുന്നു. ഈ കരാർ പ്രകാരം, നൽകേണ്ടിയിരുന്ന രണ്ടും മൂന്നും ഗഡുക്കൾ (ഏകദേശം നാല് കോടി രൂപയും പലിശയും) ഇതുവരെ ലഭിച്ചില്ലെന്നാണ് 'കൈതി' നിർമാതാക്കൾ കോടതിയെ അറിയിച്ചത്. 'ഭോല'യുടെ വിതരണം തടയണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

SCROLL FOR NEXT