'ബഫി ദ വാമ്പയർ സ്ലേയർ' എന്ന പ്രശസ്ത ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയനായ അമേരിക്കൻ നടൻ നിക്കോളാസ് ബ്രെൻഡൻ (54) അന്തരിച്ചു. മാർച്ച് 20ന് രാത്രി ഉറക്കത്തിനിടെയായിരുന്നു മരണം. സ്വാഭാവിക മരണമായിരുന്നുവെന്ന് കുടുംബം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
'ബഫി ദ വാമ്പയർ സ്ലേയർ' പരമ്പരയിലെ സാൻഡർ ഹാരിസ് എന്ന കഥാപാത്രത്തിലൂടെയാണ് നിക്കോളാസ് ബ്രെൻഡൻ ആഗോളതലത്തിൽ പ്രശസ്തനായത്. കൂടാതെ 'ക്രിമിനൽ മൈൻഡ്‌സ്' എന്ന പരമ്പരയിലെ കെവിൻ ലിഞ്ച് എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത ഷെഫും എഴുത്തുകാരനുമായ ആന്തണി ബൊർദെയ്‌ന്റെ 'കിച്ചൻ കോൺഫിഡൻഷ്യൽ' എന്ന ഓർമപുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ അതേ പേരിലുള്ള ഫോക്സ് ചാനൽ പരമ്പരയുടെ ഒരു സീസണിലും നടൻ പ്രത്യക്ഷപ്പെട്ടിരുന്നു. നിരവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സമീപകാലത്ത് ചിത്രകലയിലും സജീവമായിരുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖങ്ങളും നട്ടെല്ലിലെ ഗുരുതരമായ പ്രശ്നങ്ങളും നടനെ അലട്ടിയിരുന്നു. 2023ൽ താൻ ജന്മനാ ഹൃദ്രോഗിയാണെന്നും ഒരു ഹൃദയാഘാതം നേരിട്ടതായും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
1971ൽ ലോസ് ഏഞ്ചൽസിലാണ് നിക്കോളാസ് ബ്രെൻഡൻ ഷുൾട്സിന്റെ ജനനം. ആദ്യകാലത്ത് ഒരു പ്രൊഫഷണൽ ബേസ്ബോൾ താരം ആകാനായിരുന്നു ആഗ്രഹം. എന്നാൽ പിൽക്കാലത്ത് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. കുട്ടിക്കാലം മുതലുണ്ടായിരുന്ന വിക്കൽ പരിഹരിക്കുന്നതിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള ഒരു വഴിയായാണ് നടൻ അഭിനയത്തെ കണ്ടത്.
മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ബ്രെൻഡൻ പങ്കുവച്ച ഫേസ്ബുക്ക് ലൈവ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ അദ്ദേഹം തുടർച്ചയായി ചുമയ്ക്കുന്നതായും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായും കാണാം. തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ 'ബഫി ദ വാമ്പയർ സ്ലേയർ' എന്ന പരമ്പരയെക്കുറിച്ച് ചില തുറന്നുപറച്ചിലുകളും വീഡിയോയിൽ അദ്ദേഹം നടത്തുന്നുണ്ട്. പരമ്പരയുടെ ക്ലൈമാക്സ് തനിക്ക് തൃപ്തികരമായിരുന്നില്ലെന്ന് ബ്രെൻഡൻ വെളിപ്പെടുത്തി. വർഷങ്ങളായി കെട്ടിപ്പടുത്ത കഥാപാത്രങ്ങളുടെ വളർച്ചയ്ക്കും കഥയ്ക്കും അർഹമായ സമാപ്തിയല്ല ആ പരമ്പരയ്ക്ക് ലഭിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
നിക്കോളാസ് ബ്രെൻഡന്റെ മരണത്തിൽ 'ബഫി' പരമ്പരയിലെ സഹതാരങ്ങളായ ആലിസൺ ഹാനിഗൻ, എമ്മ കോൾഫീൽഡ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.