മുംബൈ: പങ്കാളി പീറ്റര്‍ ഹാഗിനെതിരെ പരാതിയുമായി നടിയും മുന്‍ മിസ് ഇന്ത്യയുമായ സെലീന ജെയ്‌റ്റ്ലി. ഗാർഹിക പീഡനം ആരോപിച്ചാണ് സെലീന മുംബൈ കോടതിയെ സമീപിച്ചത്. പീറ്റർ വൈകാരികമായും, ശാരീരികമായും, ലൈംഗികമായും ഉപദ്രവിച്ചുവെന്നാണ് സെലീനയുടെ ആരോപണം.
പീറ്റർ ഹാഗിന്റെ പീഡനം കാരണം ഓസ്ട്രിയയിലെ തന്റെ വീട്ടിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലേക്ക് മടങ്ങാൻ നിർബന്ധിതയായതായും സെലീന ജെയ്‌റ്റ്‌ലി ഹർജിയിൽ പറയുന്നുണ്ട്. ഹാഗ് മൂലമുണ്ടായ വരുമാന നഷ്ടത്തിന് 50 കോടി രൂപ നഷ്ടപരിഹാരവും പ്രതിമാസം 10 ലക്ഷം രൂപ ജീവനാംശവുമാണ് നടി ആവശ്യപ്പെടുന്നത്. നവംബർ 21ന് സമർപ്പിച്ച ഹർജിയിൽ കോടതി പീറ്ററിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഹാഗ് മുംബൈയിലെ തന്റെ വസതിയിൽ പ്രവേശിക്കുന്നത് തടയണമെന്നും നടി ഹർജിയിൽ പറയുന്നു. നിലവിൽ ഓസ്ട്രിയയിൽ ഹാഗിനൊപ്പം താമസിക്കുന്ന അവരുടെ മൂന്ന് കുട്ടികളുടെ കസ്റ്റഡി അവകാശവും സെലീന ആവശ്യപ്പെട്ടു.
കുട്ടികൾ ഉണ്ടായ ശേഷം ഹാഗ് വിവിധ കാരണങ്ങളാൽ ജോലി ചെയ്യുന്നതിൽ നിന്ന് തന്നെ 'വിലക്കി' എന്നും 'തന്റെ സാമ്പത്തിക സ്വാതന്ത്ര്യവും അന്തസ്സും കവർന്നെടുത്തു' എന്നുമാണ് സെലീന ആരോപിക്കുന്നത്. ഓഗസ്റ്റിൽ ഹാഗ് ഓസ്ട്രിയയിലെ ഒരു കോടതിയിൽ വിവാഹമോചന അപേക്ഷ സമർപ്പിച്ചിരുന്നുവെന്നും സെലീന ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സെലീനയും പീറ്റര്‍ ഹാഗും 2011 ജൂലൈ 23ന് ആണ് വിവാഹിതരായത്. 2012ല്‍ ഇവർക്ക് ഇരട്ടക്കുട്ടികളായ വിരാജും വിന്‍സ്റ്റണും പിറന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഷംഷേർ, ആർതർ എന്നീ ഇരട്ടക്കുട്ടികളും. ജന്മനാ ഹൃദയത്തിന് തകരാറുണ്ടായിരുന്ന ഷംഷീർ 2017ൽ മരിച്ചു. ഇത് സെലീനയ്ക്ക് വലിയ ആഘാതമായിരുന്നു.
അടുത്തിടെ, തന്റെ സഹോദരൻ മേജർ (റിട്ടയേർഡ്) വിക്രാന്ത് കുമാർ ജെയ്റ്റ്‌ലിയെ യുഎഇയിൽ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് ആരോപിച്ച് നിയമപരവും വൈദ്യപരവുമായ സഹായം തേടി ഡൽഹി ഹൈക്കോടതിയെ സെലീന ജെയ്റ്റ്‌ലി സമീപിച്ചിരുന്നു. മേജർ വിക്രാന്ത് കുമാർ ജെയ്റ്റ്‌ലിയുടെ വിഷയത്തിൽ നാലാഴ്ചയ്ക്കകം തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസും അയച്ചിരുന്നു. ഈ കേസ് ഡിസംബർ നാലിന് കോടതി വീണ്ടും പരിഗണിക്കാൻ ഇരിക്കുകയാണ്.
2003ൽ പുറത്തിറങ്ങിയ 'ജനഷീൻ' എന്ന ചിത്രത്തിലൂടെയാണ് സെലീന ജെയ്‌റ്റ്‌ലി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. നോ എൻട്രി, അപ്നാ സപ്ന മണി മണി, മണി ഹേ തോ ഹണി ഹേ, ഗോൽമാൽ റിട്ടേൺസ്, താങ്ക് യൂ എന്നീ സിനിമകളിലും സെലീന അഭിനയിച്ചു.