ജനുവരി ഒൻപത് - വിജയ് ചിത്രം 'ജനനായക'ന്റെ ആദ്യ ദിന കളക്ഷനെപ്പറ്റി സംസാരിക്കേണ്ടിയിരുന്ന ദിവസം. 30 വർഷം രസിപ്പിച്ച താരത്തിന് ഫെയർവെൽ നൽകേണ്ടിയിരുന്ന ദിനം. ആ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പലരുടേയും സ്വപ്നമായിരുന്നു. എന്നാൽ, ഇന്ന് സിനിമാപ്രേമികളുടെ കണ്ണും കാതും വിസിലടികൾ നിറഞ്ഞ തിയേറ്ററിലായിരുന്നില്ല. മദ്രാസ് ഹൈക്കോടതിയിലായിരുന്നു. 'ജന നായകൻ' റിലീസ് പ്രതിസന്ധിയിലാക്കി, സിനിമ അവസാന നിമിഷം റിവൈസിങ് കമ്മിറ്റിക്ക് വിട്ട സെൻസർ ബോർഡ് തീരുമാനത്തിന് എതിരെ കെവിഎൻ സ്റ്റുഡിയോസ് സമർപ്പിച്ച ഹർജിയുടെ തീർപ്പറിയാൻ സിനിമാലോകം അക്ഷമരായി കാത്തിരുന്നു. ഒടുവിൽ ആ വിധി വന്നു.
'ജന നായകന്' എത്രയും വേഗം UA സർട്ടിഫിക്കറ്റ് നൽകണം! കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞാൽ, സർട്ടിഫിക്കറ്റ് സ്വാഭാവികമായും ലഭിക്കേണ്ടതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമയ്‌ക്കെതിരെ എക്സാമിനിങ് കമ്മിറ്റി അംഗം നൽകിയ പരാതിയെ, ചെയർമാൻ അതിലെടുത്ത തീരുമാനത്തെ ഹൈക്കോടതി വിമർശിച്ചു.
ചോദ്യം അപ്പോഴും ബാക്കിയാണ്. എന്തിന് വേണ്ടിയായിരുന്നു ഇതത്രയും?
സിനിമകളെ, സിനിമാ വ്യവസായത്തെ കൊല്ലാക്കൊല ചെയ്യുന്ന സെൻസർ രാഷ്ട്രീയത്തെപ്പറ്റി ഗൗരവതരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട് 'ജന നായകൻ' റിലീസ് മാറ്റം. അത് എന്തൊക്കെയെന്ന് അറിയാൻ, മദ്രാസ് ഹൈക്കോടതിയിൽ നടന്ന വാദ പ്രതിവാദങ്ങളും ജസ്റ്റിസ് പി.ടി. ആശ മുന്നോട്ടുവച്ച ചില ചോദ്യങ്ങളും പരിശോധിച്ചാൽ മതിയാകും.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ഹർജി പ്രകാരം, 2025 ഡിസംബർ 18നാണ് സെൻസർ സർട്ടിഫിക്കറ്റിനായി 'ജന നായകൻ' ടീം അപേക്ഷ നൽകുന്നത്. ഡിസംബർ 22ന് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് റീജിയണൽ ഓഫീസിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നു. ചെറിയ ചില മാറ്റങ്ങൾക്ക് നിർദേശവും. ഈ മാറ്റങ്ങൾ വരുത്തി ഡിസംബർ 24ന് , സിനിമയുടെ പരിഷ്കരിച്ച പതിപ്പ് സെൻസർ ബോർഡിന് സമർപ്പിക്കുന്നു. ഡിസംബർ 29ന് ചിത്രം പരിശോധിച്ച് 'UA' സർട്ടിഫിക്കറ്റ് നൽകാമെന്ന് അധികൃതർ വീണ്ടും ഉറപ്പുനൽകി. പക്ഷേ സർട്ടിഫിക്കറ്റ് നൽകിയില്ല. ജനുവരി അഞ്ചിന് സിനിമയിലെ ദൃശ്യങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നുവെന്നും സൈന്യത്തെ ചിത്രീകരിച്ചിരിക്കുന്നത് ശരിയല്ലെന്നും കാണിച്ച് പരാതി ലഭിച്ചെന്ന് സെൻസർ ബോർഡ്. ചിത്രം 'റിവൈസിങ് കമ്മിറ്റി'ക്ക് വിടുകയാണെന്ന് അധികൃതർ ഇമെയിൽ വഴി നിർമാതാക്കളെ അറിയിക്കുന്നു. ഈ പരാതി നൽകിയതോ, എക്സാമിനിങ് കമ്മിറ്റി അംഗവും.
ചെയർമാന് സ്വന്തം നിലയിൽ സിനിമ പുനഃപരിശോധനയ്ക്ക് ഉത്തരവിടാൻ അധികാരമുണ്ടെന്നാണ് കോടതിയിൽ സെൻസർ ബോർഡ് ഉയർത്തിയ പ്രധാന വാദം. പുട്ടിന് പീര പോലെ, തങ്ങൾക്കിതിൽ യാതൊരുവിധ ദുരുദ്ദേശ്യവുമില്ലെന്ന കൂട്ടിച്ചേർക്കലും.
ഇവിടെ കോടതി ചില ചോദ്യങ്ങൾ ഉന്നയിക്കുന്നു. 'UA' സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് തീരുമാനിച്ചതായും, നിർദേശിച്ച മാറ്റങ്ങളും വെട്ടിമാറ്റലുകളും നടത്തിയാൽ മതിയെന്നും നിർമാതാക്കളെ അറിയിച്ച ചെയർമാന് എങ്ങനെ അതേ സിനിമ പുനഃപരിശോധിക്കണം എന്ന് പറയാൻ സാധിക്കും? സിനിമ കണ്ട എക്സാമിനിങ് കമ്മിറ്റിയുടെ ശുപാർശയ്ക്ക് ഒരു പ്രസക്തിയുമില്ലേ? സിനിമ റിവൈസിങ് കമ്മറ്റിക്ക് വിട്ട തീരുമാനം എന്ത് കൊണ്ട് നിർമാതാക്കളെ അറിയിച്ചില്ല? ഈ ചോദ്യങ്ങൾക്ക് എല്ലാം 'ചെയർമാന്റെ അധികാരം' എന്ന കാർഡാണ് തലങ്ങും വിലങ്ങും സെൻസർ ബോർഡ് പ്രയോഗിച്ചത്. എന്നാൽ, ആ കാർഡ് മദ്രാസ് ഹൈക്കോടതിയിൽ വിലപ്പോയില്ല.
തങ്ങളുടെ തീരുമാനത്തിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലെന്ന് സെൻസർ ബോർഡ് കോടതിയിൽ പറയുന്നുണ്ട്. തമിഴ് സിനിമാ വ്യവസായത്തിന്റെ ബാലൻസ് തെറ്റിച്ച ഈ സെൻസർ പ്രതിസന്ധിക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന് വിശ്വസിക്കാൻ മാത്രം നമ്മൾ നിഷ്കളങ്കരാകണോ? വിജയ് ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധികളുടെ ചരിത്രം പരിശോധിച്ച് തുടങ്ങാം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമാ റിലീസുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികൾ വിജയ് എന്ന നടൻ നേരിടുന്നുണ്ട്. 2010ലെ 'സുറ' മുതൽ 2026ലെ 'ജന നായകൻ' വരെയുള്ള സിനിമകൾ നേരിട്ട റിലീസ് പ്രതിസന്ധികളുടെ അണിയറക്കഥകൾ നടനിൽ നിന്ന് രാഷ്ട്രീയക്കാരനായുള്ള വിജയ്‌യുടെ മാറ്റത്തിന്റെ ചരിത്രം കൂടിയാണ്.
'സുറ', വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഫ്ലോപ്പ്. ഈ ചിത്രത്തിന് വിനയായത് 'ദ ലീഡർ' എന്ന ടാഗ്‌ലൈൻ ആണ്. ഈ 'ലീഡർ' ടൈറ്റിലിൽ നിന്ന് നീക്കിയ ശേഷമാണ് സിനിമ റിലീസ് ആയത്.
'സുറ' ഉണ്ടാക്കിയ നഷ്ടത്തെത്തുടർന്ന് തിയേറ്റർ ഉടമകളുമായുള്ള സാമ്പത്തിക തർക്കം കാരണമാണ് 'കാവലൻ' റിലീസ് പ്രതിസന്ധിയിലായത്. അന്നത്തെ ഭരണകക്ഷിയായ ഡിഎംകെയിൽ നിന്നുള്ള രാഷ്ട്രീയ സമ്മർദമാണ് ഇതിന് പിന്നിലെന്ന് ആരോപണമുയർന്നിരുന്നു. അന്ന് തമിഴിലെ സ്റ്റാർ പടങ്ങളെല്ലാം വിതരണം ചെയ്തിരുന്നത് സണ്‍ പിക്ചേഴ്സ്, റെഡ് ജയന്‍റ്, അല്ലെങ്കിൽ നയൻ ക്ലൗഡ് ആണ്. ഇതെല്ലാം ഡിഎംകെ സപ്പോര്‍ട്ടുള്ള വിതരണക്കാർ. ഇവർക്ക് വിതരണാവകാശം കൊടുക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പക്ഷേ, പൊങ്കൽ റിലീസായി തന്നെ ചിത്രം എത്തി. ഇതിന് പിന്നിൽ ജയലളിതയുടെ ഇടപെടലിലൂണ്ടെന്നാണ് റിപ്പോർട്ടുകൾ.
'തുപ്പാക്കി' ആണ് വിവാദങ്ങളിൽ കുടുങ്ങിയ അടുത്ത വിജയ് ചിത്രം. സിനിമ മുസ്ലീം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ഇസ്ലാമിക സംഘടനകൾ സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ചു.
2013ൽ വീണ്ടും സിനിമയുടെ ടാഗ്‌ലൈൻ വിജയ് ചിത്രത്തിന് പണിയായി. 'തലൈവ: ടൈം ടു ലീഡ്' എന്ന ടാഗ്‌ലൈൻ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സർക്കാരിനെ ചൊടിപ്പിച്ചു. തമിഴകത്തിന് ഒരൊറ്റ തലൈവർ, അത് എംജിആർ എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സിനിമയിൽ മുസ്ലീം വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന പേരിലും പ്രതിഷേധം ഉയർന്നിരുന്നു. സിനിമയുടെ തമിഴ്നാട് റിലീസ് ഒരാഴ്ചയ്ക്ക് മുകളിലാണ് വൈകിയത്. കേരളത്തിലാണ് ഈ സിനിമ ആദ്യം റിലീസാകുന്നത്.
ലൈക്കയുടെ നിർമാണത്തിൽ 2014ൽ എത്തിയ 'കത്തി'ക്ക് എതിരെ തിരിഞ്ഞത് തമിഴ് സംഘടനകളായിരുന്നു. ലൈക്ക ഒരു ശ്രീലങ്കൻ കമ്പനിയാണെന്നതായിരുന്നു ഇവരുടെ പ്രതിഷേധങ്ങൾക്ക് കാരണം. വലിയ പൊലീസ് സുരക്ഷയിലാണ് തമിഴ്‌നാട്ടിലെ പല തിയേറ്ററുകളിലും സിനിമ പ്രദർശിപ്പിച്ചത്. സിനിമയുടെ റിലീസിന് ശേഷവും വിവാദങ്ങൾ അവസാനിച്ചില്ല. സിനിമയിലെ 2ജി യെപ്പറ്റിയുള്ള ഡയലോഗ് കൊള്ളേണ്ടിടങ്ങളിൽ തന്നെ കൊണ്ടു.
2017ൽ ഇറങ്ങിയ 'മെർസൽ' രാഷ്ട്രീയ ഡയലോഗുകൾ കൊണ്ട് നിറഞ്ഞ വിജയ് ചിത്രമായിരുന്നു. സിനിമയിൽ വിജയ്‌യുടേത് ഒരു രക്ഷകൻ ഇമേജുള്ള കഥാപാത്രം. അയാൾ പറയുന്നത് യുപിയിലെ ആശുപത്രികളുടെ ശോചനീയാവസ്ഥ, അയാൾ അമ്പലത്തിന് പകരം ആശുപത്രി പണിയുന്നു, ജിഎസ്ടിയേയും നോട്ടുനിരോധനത്തേയും കണക്കിന് വിമർശിക്കുന്നു. പിന്നെ പറയണോ. റിലീസിന് പിന്നാലെ സിനിമയെ ബിജെപി കടന്നാക്രമിച്ചു. വിജയ്, ജോസഫ് വിജയ് ആണെന്നും അയാൾക്ക് മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നുമൊക്കെ പരിവാർ സംഘടനകൾ വിളിച്ചുകൂവി. പക്ഷേ, മതം പറഞ്ഞ് കടന്നൽക്കൂട് ഇളക്കിവിടാം എന്ന് വിചാരിച്ചവർക്കാണ് കുത്തേറ്റത്. അങ്ങനെ, ബിജെപിക്ക് വിജയ് കണ്ണിലെ കരടായി.
2018ൽ ഇറങ്ങിയ 'സർക്കാരി'ലും വിജയ് രാഷ്ട്രീയം പറഞ്ഞു. ഇത്തവണ സംസ്ഥാന രാഷ്ട്രീയമാണ് ദളപതി സംസാരിച്ചത്. രാഷ്ട്രീയ പാർട്ടികൾ നൽകുന്ന 'ഇളവസങ്ങളെ' നടൻ വിമർശിച്ചപ്പോൾ പലർക്കും ഹാലിളകി. ചിത്രത്തിലെ വരലക്ഷ്മി അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രം തോഴി ശശികലയെ ഓർമപ്പെടുത്തുന്നു എന്നതായിരുന്നു മറ്റൊരു വിമർശനം. ഈ സിനിമ റീ സെൻസർ ചെയ്യപ്പെട്ടു.
2020ൽ ബിജെപി വിജയ്‌യെ പൂട്ടാൻ തന്നെ ഉറച്ചു. 'ബിഗിൽ' സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് റെയ്ഡ്, ചോദ്യം ചെയ്യൽ. വിജയ് പ്രതികരിച്ചില്ല. നേരെ 'മാസ്റ്റർ' സിനിമയുടെ സെറ്റിൽ വന്ന് ഫാൻസിനൊപ്പം ഒരു സെൽഫി. അക്ഷരാർഥത്തിൽ ഈ നെയ്‌വേലി സെൽഫി സോഷ്യൽ മീഡിയയെ കത്തിച്ചു.
ഈ കഥയുടെ അവസാന അധ്യായമാണ് 'ജന നായകൻ'. ഇത് തന്റെ അവസാന സിനിമയാകും താനിനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുകയാണെന്ന വിജയ്‌യുടെ പ്രഖ്യാപനം കേട്ടില്ലെന്ന് നടിച്ചെങ്കിലും പല രാഷ്ട്രീയ വൃത്തങ്ങളും ആപത്ത് മണത്തിരുന്നു എന്നതാണ് സത്യം. തമിഴ് രാഷ്ട്രീയത്തിന്, താരബിംബങ്ങളുടെ പൊളിറ്റിക്കൽ ഇംപാക്ട് നല്ല പോലെ അറിയാം. എംജിആർ, കരുണാനിധി എന്തിനേറെ പറയുന്നു ദ്രാവിഡ രാഷ്ട്രീയം പോലും തമിഴ് മണ്ണിൽ വേരുറപ്പിക്കുന്നത് നാടകങ്ങളിലൂടെയും സിനിമകളിലൂടെയുമാണ്. ഇവർക്ക് ശേഷം പലരും ആ വഴി നടന്നു നോക്കിയിട്ടുണ്ട്. അവരെല്ലാം വീണു പോയിട്ടുമുണ്ട്. എന്നാൽ, വിജയ് അങ്ങനെ വീണില്ലെങ്കിലോ എന്നൊരു ഭീതി എതിർകക്ഷികളുടെ മനസിലുണ്ടെന്ന് വേണം അനുമാനിക്കാൻ.
തങ്ങളുടെ ദളപതിയുടെ അവസാന ചിത്രത്തിന്റെ റിലീസ് ജനുവരി ഒൻപതിന് പ്രഖ്യാപിച്ചതിന് പിന്നാലെ ആ ദിവസത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്താകും ഈ ചിത്രം പറഞ്ഞുവയ്ക്കുക. സിനിമ 'ഭഗവന്ത് കേസരി' എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആണെന്ന് പ്രചരിച്ചപ്പോഴും ട്രെയ്‌ലർ വ്യക്തമായ സൂചന നൽകിയപ്പോഴും വിജയ് പറയുന്ന രാഷ്ട്രീയം എന്താകും എന്നതിലായിരുന്നു ആകാംക്ഷ അത്രയും.
പെട്ടെന്നാണ്, ശിവകാർത്തികേയൻ ചിത്രം 'പരാശക്തി' റിലീസ് 10ാം തീയതിയിലേക്ക് മാറ്റുന്നത്. ഇതിന് പിന്നാലെ പലതരം ആരോപണങ്ങളും ഉയർന്നു. അതിൽ പ്രധാനം ഈ നീക്കത്തിന് പിന്നിൽ ഡിഎംകെയാണെന്നും കരു നീക്കിയത് സിനിമയുടെ വിതരണക്കാരനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ആണെന്നുമായിരുന്നു. എന്നാൽ, ക്ലാഷ് റിലീസ് 'ജന നായകൻ' ടീം കാര്യമാക്കിയില്ല. എല്ലാം നല്ലപടിക്ക് പോകുന്നു എന്ന് തോന്നിച്ചയിടത്താണ് സെൻസർ ബോർഡ് റെഡ് കാർഡ് ഉയർത്തിയത്. നിർമാതാക്കൾ കോടതി കയറി, വിധിക്കായി റിലീസ് ദിനം വരെ കാത്തിരിക്കേണ്ട സ്ഥിതി വന്നു.
ഇനി ഒരൊറ്റ ചോദ്യം മാത്രം. എന്ന് വരും വിജയ്‌യുടെ 'ജന നായകൻ'? നടൻ രവി മോഹൻ പറഞ്ഞപോലെ അതെന്നായാലും അന്നാണ് വിജയ് ആരാധകർക്ക് പൊങ്കൽ. സിനിമയുടെ കളക്ഷൻ ചിലപ്പോൾ വരുംകാല തമിഴ് രാഷ്ട്രീയത്തിലെ മാറ്റങ്ങളുടെ സൂചന കൂടിയാകാം.