'പ്രതിഛായ' സിനിമ, ഉമ്മൻ ചാണ്ടിക്കൊപ്പം ചാണ്ടി ഉമ്മൻ 
ENTERTAINMENT

'പ്രതിഛായ' ഫിക്ഷൻ, സിനിമയിലെ മകൻ ഞാനല്ല: ചാണ്ടി ഉമ്മൻ

മോശമാക്കാൻ എടുത്ത സിനിമ ആണെന്ന് പലരും വിളിച്ചു പറഞ്ഞതായി ചാണ്ടി ഉമ്മൻ

Author : ന്യൂസ് ഡെസ്ക്

കോട്ടയം: നിവിൻ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 'പ്രതിഛായ'. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതവുമായി സിനിമയുടെ കഥയ്ക്ക് സാമ്യതകളുണ്ടെന്ന് നിരീക്ഷണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, 'പ്രതിഛായ' ഫിക്ഷൻ ആണെന്നും അതിനെ അങ്ങനെ കാണാനാണ് താൽപ്പര്യപ്പെടുന്നതെന്നും ഉമ്മൻ ചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കറുകച്ചാൽ അഞ്ചാനി തിയേറ്ററിൽ ചാണ്ടി ഉമ്മൻ സിനിമ കണ്ടിരുന്നു. സിനിമയിലെ മകൻ താനല്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ചില സാഹചര്യങ്ങൾ ഉണ്ടെന്ന് ഒഴിച്ചാൽ പൂർണമായും കലാപരമായ സൃഷ്ടിയാണത്. കഥാപാത്രങ്ങൾ എല്ലാം വ്യത്യസ്തരാണ്. ചിത്രത്തിൽ മുഖ്യമന്ത്രിക്ക് രണ്ട് ആൺ മക്കളാണുള്ളത്. അതിലെ മകൻ കള്ള് കുടിക്കുന്നുണ്ട്, കറങ്ങി നടക്കുന്നുണ്ട്. അതിനുള്ള അവസരം തനിക്ക് ഉണ്ടായിട്ടില്ല. മോശമാക്കാൻ എടുത്ത സിനിമ ആണെന്ന് പലരും വിളിച്ചു പറഞ്ഞു. അങ്ങനെ ആണെങ്കിലും അല്ലെങ്കിലും അതിനെ പോസിറ്റീവായെ കാണുന്നുള്ളൂ. നെഗറ്റീവായി എടുത്ത സിനിമ ആണെങ്കിലും ഞങ്ങൾ അതിനെ പോസിറ്റീവായി മാത്രമേ കാണുന്നുള്ളൂ. നല്ല സിനിമയാണ്. ഇനിയും ഇതുപോലുള്ള സിനിമകൾ ഉണ്ടാകണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയുമാണ് 'പ്രതിഛായ'യുടെ നിർമാണം. വൻ താരനിരയാണ് ഈ ബി​ഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നത്. ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യും - സിജി തോമസ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ - സുഗീഷ്‌ എസ്ജി, പിആർഒ - സതീഷ് എരിയാളത്ത്, സ്റ്റിൽസ് - അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിങ്- കണ്ടന്റ് ഫാക്ടറി.

SCROLL FOR NEXT