ചിന്മയി ശ്രീപാദ Source: Instagram / Chinmayi Sreepaada
ENTERTAINMENT

നീ ഹീറോയാണ്, നിനക്ക് വേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയിൽ മൊഴി മാറ്റുകയും ചെയ്തവർക്ക് അർഹമായത് ലഭിക്കും: ചിന്മയി

കേസിലെ 261 സാക്ഷികളിൽ 28 പേരാണ് വിചാരണ വേളയിൽ മൊഴി മാറ്റിയത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായകമായ വിധി വന്നിരിക്കുന്നു. കേസിലെ ആദ്യ ആറ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയപ്പോൾ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെ നാല് പേരെ കൊടതി കുറ്റവിമുക്തരാക്കി. നിരവധി പേരാണ് അതിജീവിതയായ നടിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. നടിക്ക് പൂർണമായ നീതി ലഭിച്ചിട്ടില്ല എന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.

വിധിവരും മുൻപ് തന്നെ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തിയിരുന്നു. "ഇന്നത്തെ വിധി എന്തായാലും - ഞാൻ അതിജീവിതയോടൊപ്പം നിൽക്കും. എപ്പോഴും. കുട്ടി, നീ ഒരു ഹീറോയാണ്. നീ എന്നും ഹീറോ ആയിരിക്കും. നിനക്കു വേണ്ടി നിലകൊള്ളുന്നതായി നടിക്കുകയും കോടതിയിൽ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മൊഴി മാറ്റുകയും ചെയ്ത സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും അർഹമായത് ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നുമാണ് ഗായിക എക്സിൽ കുറിച്ചത്.

വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് നിയമ മന്ത്രി പി. രാജീവ് വ്യക്തമാക്കിയതിലും ചിന്മയി ശ്രീപാദ പ്രതികരിച്ചു."റേപ്പിസ്റ്റുകൾക്ക് വേദിയൊരുക്കുന്നതിനും, അവർക്കൊപ്പം ഡാൻസ് കളിക്കുന്നതിനും, പിറന്നാൾ ആഘോഷിക്കാൻ അവർക്ക് ജാമ്യം കൊടുത്ത് വെളിയിലിറക്കുന്നതിനും പകരം...ഇവിടെയാണ് കേരളം റോക്ക്‌സ്റ്റാർ ആകുന്നത്," സർക്കാർ അപ്പീൽ പോകുന്നു എന്ന മറ്റൊരാളുടെ പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ട് ചിന്മയി കുറിച്ചു.

ആറ് വർഷം നീണ്ട വിചാരണയ്ക്ക് ശേഷം ഇന്നാണ് നടിയെ ആക്രമിച്ച കേസിൽ വിധി വന്നത്. കേസിൽ പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരാണെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് വിധിച്ചത്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ബലാത്സംഗക്കേസിലെ ആറ് പ്രതികള്‍.

കേസിൽ 261 സാക്ഷികളാണ് ഉണ്ടായിരുന്നത്. സിദ്ദീഖ്, ഭാമ, ബിന്ദു പണിക്കർ, ഇടവേള ബാബു എന്നിങ്ങനെ 28 സാക്ഷികളാണ് വിചാരണ വേളയിൽ മൊഴി മാറ്റിയത്. 

SCROLL FOR NEXT