മെഗാസ്റ്റാർ ചിരഞ്ജീവിയും സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'മെഗാ 158'. സിനിമയുടെ ടൈറ്റിൽ അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. ഓഗസ്റ്റ് 22ന് ചിരഞ്ജീവിയുടെ ജന്മദിനം പ്രമാണിച്ച് സിനിമയുടെ ടൈറ്റിലും ടീസറും പുറത്തുവിടാനായിരുന്നു 'മെഗാ 158' ടീമിന്റെ പദ്ധതി. എന്നാൽ, അപ്രതീക്ഷിതമായി ടൈറ്റിൽ ചോർന്നു. മറ്റാരുമല്ല, ചിരഞ്ജീവി തന്നെയാണ് സിനിമയുടെ പേര് പുറത്തുവിട്ടത്.
വരുൺ തേജിന്റെ 'കൊറിയൻ കനകരാജു' എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിലാണ് സംഭവം. സദസിലിരുന്ന താരത്തോട് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് ചോദിച്ച അവതാരിക ഇത്ര വലിയ വെളിപ്പെടുത്തലുണ്ടാകുമെന്ന് വിചാരിച്ചു കാണില്ല. ഒപ്പമുണ്ടായിരുന്ന സംഗീത സംവിധായകൻ തമനോട് സിനിമയുടെ ടീസറിന്റെ പശ്ചാത്തല സംഗീതം പൂർത്തിയായോ എന്ന് ചോദിക്കുന്നതിനിടെ താരം അബദ്ധത്തിൽ ടൈറ്റിൽ പറയുകയായിരുന്നു. ഇത് അബദ്ധമല്ല, സിനിമയുടെ ഹൈപ്പ് കൂട്ടാനുള്ള ശ്രമമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നവരുണ്ട്.
'കദിരി' എന്നാണ് ചിരഞ്ജീവി - ബോബി കൊല്ലി ചിത്രത്തിന്റെ ടൈറ്റിൽ. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ഈ ഹൈ വോൾട്ടേജ് എന്റർടെയ്‌നർ നിർമിക്കുന്നത്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയതിന് ശേഷം കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം. ചിത്രത്തിൽ ഒരു നിർണായക വേഷം അവതരിപ്പിക്കുന്നത് മലയാളി നടി അനശ്വര രാജനാണ്.
നേരത്തെ, ചിത്രത്തിന്റെ നിർമാതാക്കൾ ആകർഷകമായ ഒരു കൺസെപ്റ്റ് പോസ്റ്ററും, ശ്രദ്ധേയമായ ഒരു ലുക്ക് ടെസ്റ്റ് ഇമേജും പുറത്തിറക്കിയിരുന്നു. ' 'വാൾട്ടയർ വീരയ്യ'യുടെ വൻ വിജയത്തിന് ശേഷം ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.