രജനി-കമൽ ചിത്രം സംവിധായകൻ സിബി ചക്രവർത്തി Source: Instagram
ENTERTAINMENT

എന്നെക്കൊണ്ട് 'തലൈവർ 173' ചെയ്യാൻ പറ്റുമോ എന്ന് ചിലർക്ക് സംശയമുണ്ട്, അത് പടം ഇറങ്ങുമ്പോൾ മാറും: സിബി ചക്രവർത്തി

രജനികാന്തിനെ നായകനാക്കി കമൽ ഹാസൻ നിർമിക്കുന്ന ചിത്രമാണ് 'തലൈവർ 173'

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: രജനികാന്തിനെ നായകനാക്കി കമൽ ഹാസൻ നിർമിക്കുന്ന ചിത്രമാണ് 'തലൈവർ 173'. ഈ സിനിമുടെ സംവിധായകൻ ആരാകും എന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. നിരവധി പ്രമുഖരുടെ പേരുകൾ ഉയർന്നുവന്നെങ്കിലും ഒടുവിൽ നറുക്കുവീണത് 'ഡോൺ' എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സിബി ചക്രവർത്തിക്കാണ്. ഇതിനു പിന്നാലെ ഇത്രയും വലിയൊരു പ്രോജക്ട് സിബിക്ക് ചെയ്യാനൊകുമോ എന്ന് ആരാധകർക്കിടിൽ വലിയ ചർച്ച നടന്നിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് സിബി ചക്രവർത്തി.

"തലൈവർ 173 പ്രഖ്യാപിച്ചതിന് ശേഷം ഇപ്പോഴാണ് എല്ലാവരേയും കാണാൻ സാധിച്ചത്. അനൗൺസ്മെനറിന് പിന്നാലെ ഒരുപാട് ആശംസകൾ- നമ്മൾ പ്രതീക്ഷിക്കാത്തവരിൽ നിന്നുപോലും- ലഭിച്ചു. പക്ഷേ ചിലർക്ക് ഇത് എന്നെക്കൊണ്ട് ചെയ്യാൻ പറ്റുമോ എന്നൊരു സംശയമുണ്ട്. പക്ഷെ അത് സിനിമ കണ്ട് ഇറങ്ങുമ്പോൾ മാറും. തലൈവർ 173 കണ്ട് പുറത്തു വരുമ്പോൾ ആ സന്തോഷം ഫാൻസിന് ഉണ്ടാകും. ഇതെന്റെ ഉറപ്പാണ്," സിബി പറഞ്ഞു.

'തലൈവർ 173' സുന്ദർ സി സംവിധാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രജനിയോടും കമലിനോടും കഥ വിവരിക്കുകയും ഇരുവർക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഫൈനൽ സ്‌ക്രിപ്റ്റിലേക്കെത്തിയപ്പോൾ അഭിപ്രായ ഭിന്നതകൾ ഉണ്ടായതിനെ തുടർന്ന് സുന്ദർ സി പ്രോജക്ടിൽ നിന്ന് പിന്മാറി. ഇതോടെയാണ് രജനി ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം സിബിയിലേക്ക് എത്തിയത്.

രാജ്‍ കമൽ ഇന്റർനാഷണലിന്റെ ബാനറിൽ ആർ. മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് സിനിമയുടെ സംഗീതം. ‘എവെരി ഫാമിലി ഹാസ് എ ഹീറോ’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

അതേസമയം, രജനികാന്തും കമൽ ഹാസനും 46 വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തമിഴ് യുവ സംവിധായകരിൽ മുൻനിരയിലുള്ള ലോകേഷ് കനകരാജിന്റെ പേരാണ് ഈ സിനിമയുടെ സംവിധായകനായി കേട്ടിരുന്നത്. രജനികാന്ത്-കമൽഹാസൻ ചിത്രത്തിന് വേണ്ടി ഒന്നര മാസത്തോളം എടുത്ത് ലോകേഷ് തിരക്കഥയും എഴുതി. എന്നാൽ, ആക്ഷൻ സിനിമയ്ക്ക് പകരം രസകരമായ ഒരു എന്റർടെയ്‌നർ ചിത്രമാണ് ഇരുതാരങ്ങളും ആഗ്രഹിച്ചത്. ഇതോടെ, ലോകേഷ് പ്രോജക്ടിൽ നിന്ന് പിന്‍മാറി. നിലവിൽ, നെൽസണെയാണ് സംവിധായകനായി നിശ്ചിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT