ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലയ്ക്കും ഇരട്ടക്കുട്ടികൾ. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഉപാസനയുടെ പ്രസവം.
രാം ചരണിന്റെ പിതാവും മെഗാസ്റ്റാറുമായ ചിരഞ്ജീവിയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. കുട്ടികൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് അറിയിച്ച നടൻ മരുമകൾ ഉപാസന സുഖം പ്രാപിക്കുന്നുണ്ടെന്നും കുറിച്ചു. ആരാധകരും അഭ്യുദയകാംക്ഷികളും ദമ്പതികൾക്ക് ആശംസകൾ നേർന്നു.
"അങ്ങേയറ്റത്തെ സന്തോഷത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടി, രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ — ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും — ജനിച്ച വിവരം ഞങ്ങൾ പങ്കുവയ്‌ക്കുന്നു. കുട്ടികളും അമ്മയും പൂർണ ആരോഗ്യത്തോടെയിരിക്കുന്നു. ഈ കുരുന്നുകളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നത് മുത്തശ്ശനും മുത്തശ്ശിയുമെന്ന നിലയിൽ ഞങ്ങൾക്ക് ശുദ്ധമായ സന്തോഷത്തിന്റെയും ദൈവാനുഗ്രഹത്തിന്റെയും നിമിഷമാണ്. എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നല്ല ആശംസകൾക്കും ഞങ്ങൾ ഹൃദയപൂർവം നന്ദി പറയുന്നു," എന്നാണ് ചിരഞ്ജീവി കുറിച്ചത്.
2012 ജൂണിലായിരുന്നു രാം ചരണും അപ്പോളോ ചാരിറ്റി വൈസ് ചെയർമാനായ ഉപാസനയും തമ്മിലുള്ള വിവാഹം. 2023 ജൂൺ 20ന് ഇവർക്ക് ആദ്യ കുട്ടിയായ മകൾ ക്ലിൻ കാര കൊനിഡെല ജനിച്ചു. 2025 ദീപാവലി വേളയിൽ തങ്ങൾ ഇരട്ടക്കുട്ടികളെ പ്രതീക്ഷിക്കുന്നതായി ഉപാസന സൂചിപ്പിച്ചിരുന്നു.