വേടൻ, ദീദി ദാമോദരൻ Source: Facebook
ENTERTAINMENT

"വാഴ്ത്തുപാട്ടുകൾക്ക് ആ പാതകം മറയ്ക്കാനാകില്ല, സർക്കാരിന്റേത് വിശ്വാസവഞ്ചന"; വേടന് അവാർഡ് നൽകിയതിൽ ദീദി ദാമോദരൻ

സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന് സിനിമാ നയരൂപീകരണ കോൺക്ലേവിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്ന് ദീദി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടന് നല്‍കിയതില്‍ വിമർശനവുമായി തിരക്കഥാകൃത്ത് ദീദി ദാമോദരൻ. വേടന് അവാർഡ് നൽകിയത് അന്യായമാണെന്നാണ് ദീദിയുടെ പ്രതികരണം. സ്ത്രീ പീഡകരെ സംരക്ഷിക്കില്ലെന്ന് സിനിമാ നയരൂപീകരണ കോൺക്ലേവിൽ സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും നടന്നത് വിശ്വാസ വഞ്ചനയാണെന്നും ദീദി ദാമോദരൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സി'ലെ 'കുതന്ത്രം' എന്ന പാട്ടിനാണ് വേടന് മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് ലഭിച്ചത്. ഗാനരചനയ്ക്ക് ഉള്‍പ്പെടെ പത്ത് അവാർഡുകളാണ് ഈ സിനിമ നേടിയത്. മികച്ച ചിത്രത്തിനും സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന ചലച്ചത്ര പുരസ്കാരം 'മഞ്ഞുമ്മൽ ബോയ്‌സി'നായിരുന്നു.

ദീദി ദാമോദരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വിയർപ്പ് തുന്നിയിട്ട കുപ്പായം

അതിൻ നിറങ്ങൾ മങ്ങുകില്ല കട്ടായം "

എന്ന വരികൾ ഉദാത്തമാണ്.

എന്നാൽ ഇരുളിൻ്റെ മറവിൽ ആ പരാതിക്കാർക്കേറ്റ മുറിവിൽ നിന്നൊഴുകിയ ചോരയിൽ ആ പുരസ്കാരം ഒരന്യായമാണ്.

ഒരു വാഴ്ത്തുപാട്ടുകൾക്കും ആ പാതകം മായ്ക്കാനോ മറയ്ക്കാനോ ആവില്ല.

സ്ത്രീ പീഢകരെ സംരക്ഷിക്കില്ല എന്ന് ഫിലിം കോൺക്ലേവിൽ സർക്കാർ നടത്തിയ നയപ്രഖ്യാപനങ്ങളുടെ breach of trust ആണ് ജൂറി തീരുമാനം .

കോടതി കയറിയാൽ പോലും ഇനി റദ്ദാക്കാനാവാത്ത ആ തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയാൻ ബാദ്ധ്യസ്ഥരാണ്.

SCROLL FOR NEXT