ENTERTAINMENT

ബിക്കിനിയോ ഹിജാബോ അബായയോ.. ചോയ്സ് ദീപികയുടേത് മാത്രം

അബുദാബി ടൂറിസം വകുപ്പിൻ്റെ പരസ്യത്തിൽ ഹിജാബ് ധരിച്ചെത്തിയന്ന് ആരോപിച്ചാണ് സൈബർ അറ്റാക്ക്

Author : ലിൻ്റു ഗീത

മുഖവും കൈകളും ഒഴികെ ശരീരം മുഴുവൻ മൂടുന്ന ചുവന്ന നിറത്തിലുള്ള വസ്ത്രം ധരിച്ച് അബുദാബി ടൂറിസം വകുപ്പിൻ്റെ പരസ്യത്തിലെത്തിയ ദീപിക പദുകോണാണ് ഇപ്പോൾ സൈബറിടത്തെ ചർച്ചാ വിഷയം. ഭർത്താവ് രൺവീർ സിങ്ങിനൊപ്പമാണ് ദീപിക പരസ്യത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതിന് പിന്നാലെ വലിയ തരത്തിലുള്ള സൈബർ ആക്രമണമാണ് നടിക്കെതിരെ നടക്കുന്നത്. എപ്പോഴത്തെയും പോലെ തന്നെ നടിയുടെ വസ്ത്രത്തെ ചൊല്ലി തന്നെയാണ് ഇന്നും ആക്രമണം.

അബുദാബി ടൂറിസം വകുപ്പിൻ്റെ പരസ്യത്തിൽ ഹിജാബ് ധരിച്ചെത്തിയന്ന് ആരോപിച്ചാണ് സൈബർ അറ്റാക്ക്. 'പണത്തിന് വേണ്ടി ഹിജാബ് ധരിക്കാം, ഹിന്ദു പാരമ്പര്യം വരുമ്പോൾ എന്റെ വസ്ത്രം എൻ്റെ തിരഞ്ഞെടുപ്പ്' എന്നാണോ എന്നാണ് ഇവരുടെ ചോദ്യം. വ്യാജ ഫെമിനിസ്റ്റ് ആണ് നടിയെന്നടക്കമുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

നേരത്തെ 'പത്താൻ' സിനിമയിലെ 'ബേഷരം രംഗ്' ഗാനരംഗത്തിൽ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചപ്പോഴായിരുന്നു ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നടിക്കെതിരെ സൈബർ ആക്രമണം ഉയർന്നത്. അന്ന് ദീപിക പറഞ്ഞ മൈ ചോയ്സ് എന്ന ആശയത്തെ ഉയർത്തിയാണ് ഇന്ന് ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടക്കുന്നത്. ദീപികയുടെ വേഷങ്ങൾ അവർ തിരഞ്ഞെടുക്കുന്നതാണെന്നും മറ്റൊരു രാജ്യത്ത് പോകുമ്പോൾ ആ സംസ്കാരത്തെ ബഹുമാനിക്കുന്നതിൽ എന്താണ് തെറ്റ് എന്നാണ് പിന്തുണയ്ക്കുന്നവരുടെ ചോദ്യം.

എന്നാൽ പരസ്യത്തിൽ ദീപിക ധരിച്ചിരിക്കുന്നത് ഹിജാബ് അല്ല അബായ ആണ്. രണ്ടും മുസ്ലീം സ്ത്രീകൾ ധരിക്കുന്നതാണെങ്കിലും ഇവ തമ്മിൽ കാര്യമായ വ്യത്യാസങ്ങളുമുണ്ട്. അറബിയിൽ മറ എന്ന അർഥം വരുന്ന ഹിജാബ് തലയും കഴുത്തും മറയ്ക്കാൻ വേണ്ടിയാണ് ഉപയോ​ഗിക്കുക. അബായ കൈകളും കാലുകളും മുഖവും ഒഴികെ ശരീരം മുഴുവൻ മറയ്ക്കുന്ന ഒരു നീളൻ, ലൂസ്-ഫിറ്റ് വസ്ത്രമാണ്. ഇതിനെല്ലാം അപ്പുറം ബിക്കിനിയാണോ ഹിജാബാണോ അബായാണോ ധരിക്കേണ്ടത് എന്നത് ദീപികയുടെ ചോയ്സ് ആണ്. ദീപികയുടെ മാത്രം ചോയ്സ്.

SCROLL FOR NEXT