'ബാഡ്സ് ഓഫ് ബോളിവുഡ്' സീരീസിന് എതിരെ സമീർ വാങ്കഡെ Source: X
ENTERTAINMENT

ആര്യൻ ഖാന്റെ നെറ്റ്‌ഫ്ലിക്സ് സീരീസിന് എതിരായ മാനനഷ്ടക്കേസ്; സമീർ വാങ്കഡെയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

കേസ് ഉചിതമായ കോടതിയിൽ ഫയൽ ചെയ്യാൻ വാങ്കഡെയോട് കോടതി നിർദേശിച്ചു

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിൽ തന്നെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസ് തള്ളി ഡൽഹി ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് പുരുഷൈന്ദ്ര കുമാർ കൗരവിന്റേതാണ് നടപടി. ഈ കേസ് കേൾക്കാൻ ഡൽഹി കോടതിക്ക് അധികാരമില്ല എന്ന സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് ഉചിതമായ കോടതിയിൽ (മുംബൈയിൽ) ഫയൽ ചെയ്യാൻ വാങ്കഡെയോട് കോടതി നിർദേശിച്ചു.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് കോടതി പരിശോധിച്ചത്. ഒന്ന്, ഈ കേസ്കേൾക്കാൻ ഡൽഹിയിലെ കോടതിക്ക് അധികാരമുണ്ടോ? രണ്ട്, പരാതിക്ക് ആധാരമായ സീരിസിലെ ചിത്രീകരണം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോ, അതോ വാങ്കഡെയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നതാണോ? ഇവ പരിശോധിച്ച കോടതി, സമീർ വാങ്കഡെ മുംബൈയിൽ താമസിക്കുന്നയാളാണെന്നും നിർമാണ കമ്പനിയായ റെഡ് ചില്ലീസിന്റെ ഓഫീസും മുംബൈയിലാണെന്നും അതിനാൽ കേസ് അവിടെ തന്നെ നടക്കണമെന്നും നിരീക്ഷിച്ചു.

എന്നാൽ, വാങ്കഡെയുടെ ബന്ധുക്കൾ ഡൽഹിയിൽ താമസിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. ജെ. സായ് ദീപക് വാദിച്ചത്. സമീറിനെതിരെ വാർത്തകൾ നൽകിയ ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും ഡൽഹിയിലാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ വീഡിയോ ഓൺലൈനിൽ തുടരുന്നത് വാങ്കഡെയ്ക്ക് നികത്താനാവാത്ത നഷ്ടമുണ്ടാക്കുന്നുവെന്നും വാദം ഉയർന്നു. ഇന്റർനെറ്റിൽ വിവരങ്ങൾ ലഭ്യമാണ് എന്നത് കൊണ്ടുമാത്രം ഡൽഹിയിൽ കേസ് നൽകാൻ കഴിയില്ലെന്നായിരുന്നു റെഡ് ചില്ലീസിന് വേണ്ടി ഹാജരായ അഡ്വ. നീരജ് കിഷൻ കൗളിന്റെ വാദം.

റെഡ് ചില്ലീസ് എന്റർടെയ്‌ൻമെന്റ് നിർമിച്ച് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന ഈ പരമ്പര തന്നെയും മയക്കുമരുന്ന് വിരുദ്ധ ഏജൻസികളെയും തെറ്റായി ചിത്രീകരിക്കുന്നു എന്നാണ് വാങ്കഡെ പരാതിപ്പെട്ടത്. സീരീസിലെ ഒരു രംഗത്തിൽ എത്തുന്ന ഉദ്യോഗസ്ഥൻ 'സത്യമേവ ജയതേ' എന്ന് പറയുമ്പോൾ മറ്റൊരു കഥാപാത്രം അശ്ലീല ആംഗ്യം കാണിക്കുന്നത് ദേശീയ ചിഹ്നങ്ങളെയും അന്തസിനെയും അപമാനിക്കുന്നതാണെന്നും വാങ്കഡെ ആരോപിച്ചു. എന്നാൽ, ബോളിവുഡ് സംസ്കാരത്തെ പരിഹസിക്കുന്ന ഒരു 'ഡാർക്ക് കോമഡി' മാത്രമാണ് ഈ ഷോയെന്നും ആക്ഷേപഹാസ്യത്തെ ഇത്തരത്തിൽ തടയാനാകില്ലെന്നുമായിരുന്നു നെറ്റ്‌ഫ്ലിക്സിന്റെ എതിർവാദം.

ആര്യൻ ഖാനുമായി ബന്ധപ്പെട്ട ലഹരിക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ ബോധപൂർവം ആസൂത്രണം ചെയ്തതാണ് ഈ പരമ്പരയെന്നാണ് സമീർ വാങ്കഡെ ആരോപിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരമാണ് സമീർ വാങ്കഡെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക ടാറ്റ മെമ്മോറിയൽ ആശുപത്രിക്ക് നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇരു വിഭാഗങ്ങളുടെയും വാദങ്ങൾ കേട്ട കോടതി സമീർ വാങ്കഡെയ്ക്ക് ബന്ധപ്പെട്ട പരിധിയിലുള്ള കോടതിയിൽ ഹർജി സമർപ്പിക്കാമെന്നും അറിയിച്ചു.

SCROLL FOR NEXT