കൊച്ചി: സിനിമാ പിന്നണി ഗാനരംഗത്ത് നിന്നും വിരമിക്കുന്നതായി പ്രശസ്ത ഗായകൻ അരിജിത് സിംഗ് പ്രഖ്യാപിച്ചത് ആരാധകർക്ക് അപ്രതീക്ഷിതമായ ആഘാതമായിരുന്നു. ഇനി പുതിയ പ്ലേബാക്ക് അവസരങ്ങൾ ഏറ്റെടുക്കുന്നില്ല എന്ന് തന്റെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ഗായകൻ അറിയിച്ചത്. ആരാധകരെ ഞെട്ടിച്ച ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെ ചുറ്റിപ്പറ്റി പലവിധ അഭ്യൂഹങ്ങളാണ് ഓൺലൈൻ ഇടങ്ങളിൽ പ്രചരിക്കുന്നത്.
സണ്ണി ഡിയോൾ നായകനായ 'ബോർഡർ 2' എന്ന ചിത്രത്തിലെ 'ഘർ കബ് ആഓഗേ' എന്ന ഗാനം പാടാൻ നിർബന്ധിതനായതാണ് അരിജിത് സിംഗിന്റെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ഓൺലൈനിൽ ഏറ്റവും അധികം പ്രചരിക്കുന്ന അഭ്യൂഹം. 1997ലെ 'സന്ദേശേ ആത്തേ ഹേ' എന്ന ഹിറ്റ് ഗാനത്തിന്റെ പുതിയ പതിപ്പാണിത്. റെഡ്ഡിറ്റിൽ പൊന്തിവന്ന ഒരു പോസ്റ്റ് ആണ് ചർച്ചകൾ ഈ ദിശയിലേക്ക് എത്തിച്ചത്. ഇത് വൈറലായതോടെ പലരും അഭ്യൂഹം ശരിയാണെന്ന നിലയിലേക്ക് എത്തി. ഇതോടെയാണ്, സിനിമയുടെ നിർമാതാവ് ഭൂഷൺ കുമാർ തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഭൂഷൺ കുമാർ അഭ്യൂഹങ്ങൾ നിഷേധിച്ചു. ഈ ആരോപണങ്ങളെല്ലാം വെറും "അസംബന്ധം" ആണെന്നാണ് നിർമാതാവ് പറഞ്ഞത്. അരിജിത്തിനെ ആരും ഒന്നിനും നിർബന്ധിച്ചിട്ടില്ലെന്നും ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കാവുന്നതാണെന്നും ഭൂഷൺ കുമാർ വ്യക്തമാക്കി.
സിനിമാ പിന്നണി ഗാനരംഗത്ത് നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അരിജിത് സിംഗ് പരസ്യമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഗായകന്റെ സ്വകാര്യ എക്സ് അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റെന്ന് അവകാശപ്പെടുന്ന ചില സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതിൽ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് മടുപ്പാണ്. താൻ പെട്ടെന്ന് കാര്യങ്ങളിൽ മടുപ്പ് അനുഭവിക്കുന്ന ആളാണെന്നും അതുകൊണ്ടാണ് താൻ പാട്ടുകളുടെ അറേഞ്ച്മെന്റുകൾ മാറ്റി സ്റ്റേജിൽ പെർഫോം ചെയ്യുന്നതെന്നും ഗായകൻ പറയുന്നു. പുതിയ ശബ്ദങ്ങൾ വരുന്നത് കേൾക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും അത് തനിക്ക് വലിയ പ്രചോദനമാണെന്നും പോസ്റ്റിൽ കൂട്ടിച്ചേർക്കുന്നുണ്ട്.
സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന 'ബോർഡർ 2', അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭൂഷൺ കുമാർ, ജെ.പി. ദത്ത എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഗദർ 2'ന് ശേഷം സണ്ണി ഡിയോളിന്റെ മറ്റൊരു വമ്പൻ ഹിറ്റായി 'ബോർഡർ 2' മാറിക്കഴിഞ്ഞു.