ന്യൂ ഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനുമതിയില്ലാതെ പരസ്യചിത്രങ്ങളിലും മറ്റും എഐ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് തന്റെ ശബ്ദം, ചിത്രങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിൽ നടൻ ആവശ്യപ്പെട്ടിരിക്കുന്നത്.
ജസ്റ്റിസ് ജ്യോതി സിങ് അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മോഹൻലാലിന് പുറമേ മറ്റ് പല പ്രമുഖ സിനിമ-ക്രിക്കറ്റ് താരങ്ങൾ വ്യക്തിത്വ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ നേരത്തെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, അനിൽ കപൂർ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ജയ ബച്ചൻ, കരൺ ജോഹർ, ഋഷഭ് ഷെട്ടി, സൊനാക്ഷി സിൻഹ തുടങ്ങിയ ബോളിവുഡ് താരങ്ങളും സമാനമായ ഹർജികളുമായി കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.
ഒരു വ്യക്തിയുടെ പേര്, രൂപം, ശബ്ദം അല്ലെങ്കിൽ മറ്റ് സവിശേഷതകൾ എന്നിവ എങ്ങനെ ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള ആ വ്യക്തിയുടെ അധികാരമാണ് വ്യക്തിത്വ അവകാശ സംരക്ഷണം. ഇതിനെ പ്രധാനമായും രണ്ടായി തിരിക്കാം - റൈറ്റ് ഓഫ് പബ്ലിസിറ്റിയും റൈറ്റ് ടു പ്രൈവസിയും.
അനുമതിയില്ലാതെ ഒരാളുടെ വ്യക്തിത്വം പരസ്യങ്ങൾക്കോ മറ്റോ ഉപയോഗിച്ച് വാണിജ്യ ലാഭമുണ്ടാക്കുന്നത് തടയുന്നതാണ് റൈറ്റ് ഓഫ് പബ്ലിസിറ്റി. ഒരാളുടെ ചിത്രം മോർഫ് ചെയ്തോ അല്ലാതെയോ തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് തടയുന്നതാണ് റൈറ്റ് ടു പ്രൈവസി.