'ധുരന്ധർ: ദ റിവഞ്ച്' സിനിമയിൽ അർജുൻ രാംപാൽ 
ENTERTAINMENT

"26/11ലെ ഭീകരതകൾ ഞാൻ കണ്ടതാണ്, ധുരന്ധർ എന്റെ റിവഞ്ച്"; വെളിപ്പെടുത്തി അർജുൻ രാംപാൽ

ഐഎസ്ഐ മേജർ ഇക്ബാൽ എന്ന കഥാപാത്രത്തെയാണ് 'ധുരന്ധർ' സിനിമകളിൽ അർജുൻ രാംപാൽ അവതരിപ്പിച്ചത്

Author : ന്യൂസ് ഡെസ്ക്

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' തിയേറ്ററുകളിൽ ഗംഭീര കളക്ഷനുമായി നിറഞ്ഞോടുകയാണ്. കഴിഞ്ഞ വർഷം റിലീസായ 'ധുരന്ധർ' എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ചിത്രം. രൺവീർ സിംഗ് നായകനായ ചിത്രത്തിൽ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അർജുൻ രാംപാൽ ആണ്. ഇപ്പോഴിതാ 'ധുരന്ധർ' എന്ന ചിത്രത്തിൽ അഭിനയിച്ചത് തനിക്ക് വ്യക്തിപരമായ ഒരു പ്രതികാരം കൂടിയായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. അതിന്റെ കാരണവും അർജുൻ വിശദീകരിച്ചു.

ഹലോ! ഹാൾ ഓഫ് ഫെയിം പുരസ്കാര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അർജുൻ രാംപാൽ. 'ധുരന്ധറി'ൽ പുനഃരാവിഷ്കരിച്ച 2008 മുംബൈ ഭീകരാക്രമണം നേരിട്ട് അനുഭവിച്ച ആളാണ് താൻ എന്ന് നടൻ പറഞ്ഞു. തന്റെ ജന്മദിനം ആഘോഷിക്കാനായി സുഹൃത്തുകൾക്കൊപ്പം താജ് ഹോട്ടലിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് മാഹിമിന് സമീപം ആദ്യത്തെ സ്ഫോടനം നടന്നതെന്ന് നടൻ വെളിപ്പെടുത്തി.

"ആ ശബ്ദം കേട്ടതും ചുറ്റുമുള്ള ഗ്ലാസുകളെല്ലാം വിറയ്ക്കാനും കൂട്ടിയിടിക്കാനും തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് മനസിലായില്ല. 10 മിനുട്ടിനുള്ളിൽ ഞങ്ങളുടെ ഫോണുകൾ മുഴങ്ങാൻ തുടങ്ങി. കൊളാബയിൽ ഏതോ ഗ്യാങ് വാർ നടക്കുന്നുണ്ടെന്നാണ് എല്ലാവരും പറഞ്ഞത്. 20-30 മിനുട്ടിനുള്ളിൽ ഫോർ സീസൺസ് ഹോട്ടൽ മുഴുവൻ അടച്ചുപൂട്ടി," നടൻ പറഞ്ഞു.

"എന്റെ ജന്മദിനത്തിൽ 26/11ന്റെ ഭീകരതകൾ അരങ്ങേറുന്നത് ഞാൻ കണ്ടു. പിറ്റേന്ന് രാവിലെ വീട്ടിലേക്ക് വണ്ടി ഓടിച്ചു പോകുമ്പോൾ, ശാരീരികമായ അസ്വസ്ഥതകൾ കാരണം എനിക്ക് മൂന്ന് തവണയെങ്കിലും വണ്ടി നിർത്തേണ്ടി വന്നു. ആദിത്യ ധർ 26/11നെ ആസ്പദമാക്കിയുള്ള രംഗങ്ങൾ എന്നോട് വിവരിച്ചപ്പോൾ, എനിക്ക് എന്റെ പ്രതികാരം തീർക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് തന്നെയാണ് ഞാൻ 'ധുരന്ധറി'ലൂടെ ചെയ്തതും," അർജുൻ രാംപാൽ കൂട്ടിച്ചേർത്തു.

പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേജർ ഇക്ബാൽ എന്ന കഥാപാത്രത്തെയാണ് 'ധുരന്ധർ' സിനിമകളിൽ അർജുൻ രാംപാൽ അവതരിപ്പിച്ചത്. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാനികളിൽ ഒരാളായാണ് ഈ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ലോകമെമ്പാടുമായി 1,300 കോടി രൂപയാണ് നേടിയത്. രണ്ടാം ഭാഗവും ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. വെറും നാല് ദിവസത്തിനുള്ളിൽ ചിത്രം ലോകമെമ്പാടുമായി 750 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. രൺവീർ സിംഗ്, അർജുൻ രാംപാൽ എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

SCROLL FOR NEXT