അപ്പോൾ തുടങ്ങുവല്ലേ! ഗംഭീര ലൈനപ്പുമായി മോഹൻലാൽ; കരാർ ഒപ്പിട്ടിരിക്കുന്ന ഏഴ് സിനിമകൾ

'തുടരും' എന്ന ഹിറ്റിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന 'L366' എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്
മോഹൻലാൽ
മോഹൻലാൽ
Published on
Updated on

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷ വയ്ക്കുന്ന വർഷമാണ് 2026. അത്ര ഗംഭീര ലൈനപ്പുമായാണ് മോഹൻലാൽ ഈ വർഷം തന്റേതാക്കി മാറ്റാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഏഴ് സംവിധായകരുമായാണ് സൂപ്പർ താരം കരാർ ഒപ്പിട്ടിരിക്കുന്നത്. ഇതിൽ പല ചിത്രങ്ങളുടേയും ചിത്രീകരണം ഈ വർഷം തന്നെ ആരംഭിക്കും.

നിലവിൽ, 'തുടരും' എന്ന ഹിറ്റിന് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന 'L366' എന്ന മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായ ഉടൻ, വിഷ്ണു മോഹൻ ഒരുക്കുന്ന ചിത്രത്തിലേക്ക് നടൻ കടക്കും. ഈ പ്രൊജക്ടുകൾക്ക് പുറമേ പ്രിയദർശൻ, സത്യൻ അന്തിക്കാട്, ദിലീഷ് പോത്തൻ, ജീത്തു ജോസഫ്, ജൂഡ് ആന്തണി ജോസഫ് എന്നിവരുടെ ചിത്രങ്ങളിലാകും മോഹൻലാൽ അഭിനയിക്കുക. തീർത്തും വൈവിധ്യമാർന്ന സിനിമകളാണ് മോഹൻലാലിന്റേതായി വരാൻ ഒരുങ്ങുന്നതെന്ന് ഈ ലിസ്റ്റിൽ നിന്ന് തന്നെ വ്യക്തം.

തരുൺ മൂർത്തി ചിത്രം L366

'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക', 'തുടരും' എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ഈ ചിത്രം ഒരു ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. മോഹൻലാലിന്റെ പഴയകാല ശൈലിയിലുള്ള ഒരു കഥാപാത്രത്തെ ഈ സിനിമയിൽ പ്രതീക്ഷിക്കാം. ലൗലജൻ എന്ന സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് ചിത്രത്തിൽ നടൻ എത്തുക. മീര ജാസ്മിൻ ആണ് നായിക.

മോഹൻലാൽ
"കണ്ണാടി വയ്ക്കണോ?" ലൗലജൻ കൂളാണ്, 'L366' സെറ്റിൽ ചിരിപടർത്തി മോഹൻലാൽ; വീഡിയോ

വിഷ്ണു മോഹൻ ചിത്രം L367

തരുൺ മൂർത്തി ചിത്രത്തിന് ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രമാണ് 'L367'. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും വിഷ്ണു മോഹൻ ആണ്. വമ്പൻ കാൻവാസിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. 'മേപ്പടിയാൻ' എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ പുരസ്‍കാരം സ്വന്തമാക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് വിഷ്ണു മോഹൻ.

പ്രിയദർശന്റെ 100ാം ചിത്രം

കഴിഞ്ഞ ദിവസമാണ് പ്രിയദർശൻ-മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന 100ാം ചിത്രമാണിത്. മ്യൂസിക്കൽ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഒരുക്കുക എന്നാണ് സംവിധായകൻ നൽകുന്ന സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

മോഹൻലാൽ
VIDEO | അഭിനയിക്കാൻ അറിയാത്ത മോഹൻലാല്‍; പൂർണതയിലേക്കുള്ള ഒരു നടന്‍റെ യാത്ര

സത്യൻ അന്തിക്കാട് ചിത്രം

'ഹൃദയപൂർവം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ആണ് ഈ ചിത്രത്തിന്റെയും നിർമാണം. സിനിമയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ദിലീഷ് പോത്തൻ ചിത്രം

'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ജോജി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം. മലയാളത്തിലെ ഏറ്റവും മികച്ച ക്രാഫ്റ്റ്മാൻമാരിൽ ഒരാളായ ദിലീഷ് ആദ്യമായി മോഹൻലാലിനെ സംവിധാനം ചെയ്യുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന സവിശേഷത.

റിയലിസ്റ്റിക് ശൈലിയിൽ സിനിമകൾ ഒരുക്കുന്ന ദിലീഷ് പോത്തൻ ഏതുവിധമാകും മോഹൻലാലിനെ അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ. സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ അടുത്തു തന്നെ ഔദ്യോഗികമായി പുറത്തുവിടും.

ജീത്തു ജോസഫ് ചിത്രം

'ദൃശ്യം 3'ക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമയാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമാണം. 'ദൃശ്യം' കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ അത് ബോക്സ് ഓഫീസിൽ മറ്റൊരു വിസ്മയം തന്നെയാകുമെന്ന് ഉറപ്പാണ്.

ജൂഡ് ആന്തണി ജോസഫ്

ജൂഡ് ആന്തണി ജോസഫും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാലിന്റെ മകൾ വിസ്മയയെ നായികയാക്കി ജൂഡ് ആന്തണി ഒരുക്കുന്ന 'തുടക്കം' എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും നടൻ എത്തുന്നുണ്ട്.

ഈ പ്രൊജക്ടുകൾ കൂടാതെ, രജനികാന്ത്-നെൽസൺ ചിത്രം 'ജയിലർ 2', പൃഥ്വിരാജ് - വൈശാഖ് ചിത്രം 'ഖലീഫ' എന്നിവയിൽ അതിഥി വേഷങ്ങളിലും മോഹൻലാൽ എത്തും. തെലുങ്കില്‍ നിന്നൊരു ബിഗ് ബജറ്റ് ചിത്രത്തിനായും കരാർ ഒപ്പിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com