നടൻ ദിലീപ് Source: Facebook / Dileep
ENTERTAINMENT

"ദിലീപിനെ നിർമാതാക്കളുടെ സംഘടനയിൽ തിരിച്ചെടുക്കും"; പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷ്

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നടപടി

Author : ന്യൂസ് ഡെസ്ക്

കൊച്ചി: നടൻ ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ തിരിച്ചെടുക്കും. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായതിന് പിന്നാലെയാണ് നടപടി. അതിജീവിതയ്ക്കും കുറ്റക്കാർ അല്ലാത്തവർക്കും നീതി നിഷേധിക്കരുത് എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബി. രാകേഷ് വ്യക്തമാക്കി.

ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തെളിഞ്ഞിട്ടുണ്ടെന്ന് രാകേഷ് പറഞ്ഞു. നടൻ കത്ത് നൽകിയാൽ എല്ലാവരുമായി ചർച്ച ചെയ്ത് തുടർ നടപടി എടുക്കും. അസോസിയേറ്റ് അംഗത്വമാണ് ഉണ്ടായിരുന്നത്. അതാണ് കേസിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. ഇടക്കാലത്ത് ഒരു സിനിമ നിർമിച്ചിരുന്നു. അന്ന് താൽക്കാലിക അംഗത്വം നൽകിയിരുന്നുവെന്നും രാകേഷ് കൂട്ടിച്ചേർത്തു.

കേസിൽ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ ദിലീപിന്റെ ഫെഫ്കയിലെ അംഗത്വവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുമെന്ന് ബി. ഉണ്ണികൃഷ്ണനും വ്യക്തമാക്കി.അറസ്റ്റിലായി രണ്ടു മണിക്കൂറിനുള്ളിൽ ദിലീപിനെ സസ്പെൻഡ് സംഘടനയാണ് ഫെഫ്ക. ഒരു കമ്മിറ്റിയും കൂടാതെയാണ് തീരുമാനം എടുത്തത്. ട്രേഡ് യൂണിയൻ എന്ന നിലയിൽ കുറ്റാരോപിതനായ ദിലീപിനെതിരെ അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ അംഗത്വത്തെ സംബന്ധിച്ച് തുടർ നടപടികൾ എന്തായിരിക്കുമെന്ന് ആലോചിക്കാൻ ഡയറക്ടേഴ്സ് യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്. സലിം, ആറാം പ്രതി പ്രദീപ് എന്നിവർ ബലാത്സംഗം കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, ദിലീപിനെതിരായ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതിനെ തുടർന്നാണ് ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതെവിട്ടത്.

അതേസമയം, സർക്കാർ അതിജീവിതയ്‌ക്കൊപ്പമാണെന്ന് മന്ത്രിമാർ അറിയിച്ചു. നടിക്ക് പൂർണ നീതി കിട്ടിയിട്ടില്ലെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT