സംവിധായകന്‍ ബ്ലെസി Source: X
ENTERTAINMENT

"ഇസ്രയേലില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കില്ല"; ക്ഷണം നിരസിച്ച് ബ്ലെസി

ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഇസ്രയേലിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ചെന്ന് സംവിധായകൻ ബ്ലെസി. ഈ മാസം ഡിസംബറിൽ നടക്കുന്ന 'വെലൽ ' ഫിലിം ഫെസ്റ്റിവലിലേക്കുള്ള ക്ഷണമാണ് സംവിധായകന്‍ നിരസിച്ചത്. പലസ്തീനികൾ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ നടക്കുന്ന ഫെസ്റ്റിവലിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്. ഇന്ത്യയിൽ ഇഡിയെ ഭയന്നാണ് കലാകാരന്മാർ നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.

"വരുന്ന ഡിസംബർ മാസത്തിൽ ഇസ്രയേലിൽ വെച്ച് നടക്കുന്ന ഫിലിം കൾച്ചർ ഫെസ്റ്റിവലില്‍‌പങ്കെടുക്കാനാണ് എനിക്ക് ക്ഷണം ലഭിച്ചത്. ഡൽഹിയിലെ ഇസ്രയേൽ എംബസി മുഖാന്തരമാണ് ക്ഷണം ലഭിച്ചത്. ഇന്ത്യയിൽ നിന്നും പത്തോളം പേർക്ക് ഈ വിധം ക്ഷണം ലഭിച്ചതായി മനസിലാക്കുന്നു. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചകൾ ഏത് വിധത്തിലായിരിക്കും എന്നു ഉത്തമബോധ്യമുള്ളതിനാൽ തന്നെ എംബസി അധികൃതരോട് താൽപ്പര്യകുറവ് അറിയിച്ചു," ബ്ലെസി പറഞ്ഞു.

പ്രതിനിധികൾക്കായി അയച്ച ബയോഡാറ്റാ വിശദീകരണത്തിൽ പലസ്‌തീൻ, പാക്കിസ്ഥാൻ, ടർക്കി, അൽജീരിയ, തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിരുന്നോ എന്ന ചോദ്യത്തിലെ ഉള്ളിലിരിപ്പും മനസ്സിലായത് കൊണ്ട് തന്നെയാണ് ക്ഷണം നിരസിച്ചതെന്നും ബ്ലെസി കൂട്ടിച്ചേർത്തു. ചന്ദ്രിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസിയുടെ പ്രതികരണം.

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ‘ആടുജീവിത’ത്തിന് അവാർഡ് നിഷേധിക്കപ്പെട്ടതില്‍ താന്‍ രൂക്ഷമായി പ്രതികരിക്കാത്തതിന് കാരണം ‘ഭയ’മാണെന്ന് സംവിധായകൻ ബ്ലെസി പറഞ്ഞു. ഇന്ത്യയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പേടിക്കണമെന്നും, ഇഡി വേട്ടയാടൽ പ്രതീക്ഷിക്കുന്നത് കൊണ്ടാണ് കലാകാരന്മാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നതെന്നും ബ്ലെസി അഭുമുഖത്തിൽ പറഞ്ഞു.

SCROLL FOR NEXT