കൊച്ചി: നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന മാസ് കോമഡി എന്‍റർടെയ്നർ 'ഭഭബ' ടീസർ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ദിലീപ് ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പ്രത്യേക ടീസർ പുറത്തിറക്കിയിരിക്കുന്നത്.
മോഹന്‍ലാലിന്റെ മാസ് ഡയലോഗാണ് ടീസറിന്റെ സവിശേഷത. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു വേഷത്തിലാകും താരം എത്തുക എന്ന് നേരത്തെ വാർത്തകള്‍ വന്നിരുന്നു. ക്യാമിയോ റോളിലാകും നടന്‍ എത്തുക. അത് ശരിവയ്ക്കുന്ന തരത്തിലാണ് ഡയലോഗ്. ചിത്രം ഡിസംബർ 18ന് തിയേറ്ററുകളിലെത്തും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ‘ഭ.ഭ.ബ’- ഭയം, ഭക്തി, ബഹുമാനം' നിർമിക്കുന്നത്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ.
വിനീത് ശ്രീനിവാസന്‍, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണാ, റെഡിൻ കിങ്‌സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കൊറിയോഗ്രാഫർ സാൻഡി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.