കൊച്ചി: ഇരട്ട നികുതിക്കെതിരെ പ്രഖ്യാപിച്ച സിനിമാ സമരം ഉടനില്ല. സർക്കാർ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സിനിമാ സംഘടനകൾ അറിയിച്ചു. ഈ മാസം ഒൻപതിന് തിരുവനന്തപുരത്ത് വച്ചാണ് സർക്കാരുമായി ചർച്ച. ഇതിന് ശേഷം സമരത്തെ കുറിച്ചു തീരുമാനിക്കാം എന്നാണ് ഇന്ന് ചേർന്ന ഫിലിം ചേംബർ യോഗത്തിൽ ധാരണയായത്. ജിഎസ്ടിക്ക് പുറമെ സിനിമാ ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയ വിനോദ നികുതി ഒഴിവാക്കണമെന്നാണ് സിനിമാ സംഘടനകളുടെ ആവശ്യം.
വിനോദ നികുതി ഒഴുവാക്കാത്ത പക്ഷം സർക്കാരുമായി ഇനി സഹകരിക്കാനില്ലെന്ന് ഫിലിം ചേംബർ വ്യക്തമാക്കിയിരുന്നു. കെഎസ്എഫ്ഡിസി തിയേറ്ററുകൾക്ക് ജനുവരി ഒന്ന് മുതൽ സിനിമ നൽകില്ലെന്നായിരുന്നു തീരുമാനം. സർക്കാർ ചുങ്കക്കാരനും സിനിമാക്കാർ കളക്ഷൻ ഏജന്റും ആകുന്ന അവസ്ഥയാണ് നിലവിലെന്നും സിനിമ മേഖലയ്ക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്നും ഫിലിം ചേമ്പർ പ്രസിഡന്റ് അനിൽ തോമസ് ആരോപിച്ചിരുന്നു.
മലയാള സിനിമാ മേഖല സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് നിർമാതാക്കളുടെ സംഘടനയും ഫിലിം ചേംബറും പറയുന്നത്. 2025ലെ മലയാള സിനിമയുടെ ലാഭനഷ്ട കണക്ക് കഴിഞ്ഞ ദിവസം ചേംബർ പുറത്തുവിട്ടിരുന്നു. പോയ വർഷത്തിൽ മലയാള സിനിമക്ക് 530 കോടി രൂപ നഷ്ടം ഉണ്ടായതായാണ് കണക്ക്. റിലീസായ 185 ചിത്രങ്ങളിൽ മുടക്കുമുതൽ തിരിച്ചു പിടിച്ചത് പത്ത് ചിത്രങ്ങൾ മാത്രമാണ്. 150 ചിത്രങ്ങൾ പരാജയപ്പെട്ടെന്നാണ് ഫിലിം ചേംബർ കണക്കുകൾ.
2025ൽ പുറത്തിറങ്ങിയ 185 ചിത്രങ്ങളിൽ സൂപ്പർഹിറ്റ് ആയത് ഒൻപത് ചിത്രങ്ങളാണ്. 16 ചിത്രങ്ങൾ ഹിറ്റ് ആയി. മുടക്കുമുതൽ തിരിച്ചു പിടിച്ചത് 10 ചിത്രങ്ങൾ. റീ റിലീസ് ചെയ്ത എട്ട് ചിത്രങ്ങളിൽ ചലനം ഉണ്ടാക്കിയത് മൂന്ന് എണ്ണം മാത്രമെന്നും ഫിലിം ചേംബറിന്റെ കണക്കുകളിൽ പറയുന്നു.