'ലോക'യുടെ വരും പാർട്ടുകളില്‍ മമ്മൂട്ടിയും ദുൽഖറും ഒന്നിച്ചെത്തും Source: Facebook / Dulquer Salmaan
ENTERTAINMENT

ചാർളിക്കൊപ്പം മൂത്തോനും ഉണ്ടാകും; അതായിരിക്കും ചിലപ്പോൾ ഞങ്ങൾ ഒന്നിക്കുന്ന ആദ്യ ചിത്രം: ദുൽഖർ സൽമാൻ

'ലോക'യുടെ വരും ഭാഗങ്ങളില്‍ മമ്മൂട്ടിയുണ്ടാകുമെന്ന് ദുൽഖർ സൽമാൻ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: മമ്മൂട്ടിയും ദുൽഖർ സൽമാനും ഒന്നിക്കുന്ന സിനിമ എപ്പോൾ വരും? നീണ്ടകാലമായി ആരാധകരുടെ ചോദ്യമാണിത്. ഈ കോംബോയിൽ ഒരു ചിത്രം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് ദുൽഖർ. നടന്റെ വേഫേറർ നിർമിച്ച 'ലോക'യുടെ വരും ഭാഗങ്ങളില്‍ മമ്മൂട്ടിയുണ്ടാകുമെന്നും അതായിരിക്കും ചിലപ്പോൾ താനും വാപ്പച്ചിയും ഒന്നിക്കുന്ന ആദ്യ സിനിമയെന്നുമാണ് ദുൽഖറിന്റെ വാക്കുകൾ.

'ലോക: ചാപ്റ്റർ ടു'വിൽ കാമിയോ ആയി ദുല്‍ഖറും മമ്മൂട്ടിയും എത്തുമോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. മൂത്തോനായി മമ്മൂട്ടി എത്തുമെന്നും അതിന് മുന്‍പ് തങ്ങള്‍ ഒന്നിക്കുന്ന അങ്ങനെ ഒരു ചിത്രം ഉണ്ടാവില്ല എന്നാണ് കരുതുന്നത് എന്നുമായിരുന്നു ദുൽഖർ സൽമാന്റെ മറുപടി. "14 വർഷമായി ഞാൻ അഭിനയിക്കുന്നു. ഇപ്പോൾ (ലോകയിൽ) അദ്ദേഹം യെസ് പറയുന്നുണ്ടെങ്കില്‍ അത് ഞാൻ അധ്വാനിച്ച് നേടിയെടുത്തതാണ്. അങ്ങനെ എളുപ്പം യെസ് പറയുന്ന ആളല്ല. ലോകയിലെ കാമിയോ തന്നെ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ചെടുത്തതാണ്," ദുല്‍ഖർ പറഞ്ഞു.

'ലോക' ചെയ്യുമ്പോള്‍ ആ സിനിമ എങ്ങനെയാകും എന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ലെന്നും ദുൽഖർ പറഞ്ഞു. ഒരു പരീക്ഷണ ചിത്രമായിരുന്നു. തീരുമാനിച്ചതിലും ഇരട്ടി ബജറ്റായി. സിനിമയ്ക്ക് ബയേഴ്സിനെ കണ്ടെത്താന്‍ പോലും ബുദ്ധിമുട്ടി. ഈ സിനിമ വർക്കായാൽ അടുത്ത സിനിമകള്‍ എന്ന് നേരത്തെ തീരുമാനിച്ചതാണെന്നും ദുൽഖർ വ്യക്തമാക്കി.

'കാന്ത' ആണ് വരാനിരിക്കുന്ന ദുൽഖർ ചിത്രം. ഈ സിനിമയുടെ പ്രൊമോഷനിടെയാണ് 'ലോക' യൂണിവേഴ്സിനെപ്പറ്റി ദുൽഖർ സംസാരിച്ചത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ കൂടാതെ സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT