കൊച്ചി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡി നീറോയും തമ്മിലുള്ള പരസ്യമായ വാക്പോര് പുതിയതല്ല. വർഷങ്ങളായി വിവിധ വേദികളിലും അഭിമുഖങ്ങളിലും നടൻ ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന, 83ാമത് ഗോൾഡൻ ഗ്ലോബ്സ് അവാർഡ് നിശയിൽ ട്രംപിന് എതിരെ നടൻ 'എഫ് വേഡ്' ഉപയോഗിച്ചു എന്നതരത്തിൽ ഒരു വീഡിയോ ഇപ്പോൾ വൈറലാണ്. ഈ വൈറൽ ക്ലിപ്പിന് പിന്നിലെ സത്യമെന്താണ്?
എക്സ് പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഡി നീറോ ഒരു പുരസ്‌കാര ചടങ്ങിൽ വച്ച് "എനിക്ക് ഒരു കാര്യം പറയാനുണ്ട്: ഫ** ട്രംപ്!" എന്ന് പറയുന്നതും സദസ് എഴുന്നേറ്റു നിന്ന് കയ്യടിക്കുന്നതും കാണാം. 2026ലെ ഗോൾഡൻ ഗ്ലോബ്സിലെ ദൃശ്യങ്ങളാണിതെന്ന തരത്തിലാണ് പലരും ഈ വീഡിയോ റീപോസ്റ്റ് ചെയ്യുന്നത്. എന്നാൽ, ഈ പ്രചാരണം തെറ്റാണ്. വീഡിയോ 2026 ലെ ഗോൾഡൻ ഗ്ലോബ്സിലേതല്ല!
ഈ വീഡിയോ 2018 ലെ ടോണി അവാർഡ്സ് ചടങ്ങിൽ നിന്നുള്ളതാണ്. അന്നത്തെ ചടങ്ങിലാണ് ഡി നീറോ ഡൊണാൾഡ് ട്രംപിനെതിരെ ഇത്തരത്തിൽ സംസാരിച്ചത്. വീഡിയോയുടെ പശ്ചാത്തലത്തിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്. 2018ൽ സിബിഎസ് ഈ ചടങ്ങ് സംപ്രേഷണം ചെയ്തപ്പോൾ, ഡി നീറോയുടെ 'എഫ് വേഡ്' പ്രയോഗം ബീപ്പ് ചെയ്ച് നീക്കിയിരുന്നു.
2026 ലെ ഗോൾഡൻ ഗ്ലോബ്സിൽ ഇത്തരമൊരു സംഭവം നടന്നതായി വിശ്വസനീയമായ ഒരു അന്താരാഷ്ട്ര മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ല. 2018ലെ വീഡിയോ ആണ് 2026ലേത് എന്ന പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ഓസ്കാർ അവാർഡ് ദാന ചടങ്ങിലും ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പൊങ്ങിവന്നിരുന്നു. അന്ന്, ഓസ്കാർ അവാർഡ് നിശയിൽ നിന്നുള്ള ദൃശ്യങ്ങൾ എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിച്ചത്.