'മോശം മനുഷ്യൻ' എന്ന് റഫലോ, പരിഹസിച്ച് നിക്കി ഗ്ലേസർ; ഗോൾഡൻ ഗ്ലോബ്സിൽ ട്രംപിനെ 'റോസ്റ്റ്' ചെയ്ത് ഹോളിവുഡ് താരങ്ങൾ

മാർക്ക് റഫലോ, നിക്കി ഗ്ലേസർ എന്നിവർ ട്രംപിനെ തങ്ങളുടേതായ ശൈലിയിൽ വിമർശിച്ചു
നിക്കി ഗ്ലേസർ, മാർക്ക് റഫലോ
നിക്കി ഗ്ലേസർ, മാർക്ക് റഫലോSource: X
Published on
Updated on

ഗോൾഡൻ ഗ്ലോബ്സ് വേദിയിൽ രാഷ്ട്രീയമായ അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകുന്നത് പുതുമയല്ല. കഴിഞ്ഞ ദിവസം നടന്ന 83ാമത് അവാർഡ് നിശയിലും ഇത് ആവർത്തിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരെ തുറന്ന പരിഹാസവും വിമർശവുമായാണ് ഹോളിവുഡ് താരങ്ങൾ രംഗത്തെത്തിയത്. കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ ട്രംപ് ഭരണകൂടത്തെ കണക്കിന് പരിഹസിച്ചപ്പോൾ റെഡ് കാർപ്പെറ്റ് അഭിമുഖത്തിൽ മാർക്ക് റഫലോയും യുഎസ് പ്രസിഡന്റിനെ വെറുതെവിട്ടില്ല.

ഗോൾഡൻ ഗ്ലോബ്സ് റെഡ് കാർപെറ്റിൽ വച്ച്, "ഏറ്റവും മോശം മനുഷ്യൻ" എന്നാണ് മാർക് റഫലോ ട്രംപിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞയാഴ്ച, മിനിയാപൊളിസിൽ ഐസിഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് കൊല്ലപ്പെട്ട റെനി നിക്കോൾ ഗുഡിനോടുള്ള ആദരസൂചകമായി 'BE GOOD', 'ICE OUT' എന്ന് എഴുതിയ പിൻ ധരിച്ചാണ് റഫലോ ചടങ്ങിന് എത്തിയത്. മാർക്ക് റഫലോയെ കൂടാതെ അരിയാന ഗ്രാൻഡെ, ജീൻ സ്മാർട്ട്, വാൻഡ സൈക്സ്, നടാഷ ലിയോൺ തുടങ്ങിയ പ്രമുഖ താരങ്ങളും ട്രംപിനും ഐസിഇ നടപടികൾക്കുമെതിരെ പ്രതിഷേധമായി ഈ പിൻ ധരിച്ച് റെഡ് കാർപെറ്റിൽ എത്തിയിരുന്നു.

യുഎസ് ജനത ഭയപ്പാടിലാണെന്നും താൻ ഇപ്പോൾ കാണുന്നത് യഥാർത്ഥ യുഎസ് അല്ലെന്നും നടൻ പറഞ്ഞു. ട്രംപ് അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കുന്നില്ലെന്നും വെനസ്വേലയിലെ സൈനിക ഇടപെടലുകൾ നിയമവിരുദ്ധമാണെന്നും റഫലോ കുറ്റപ്പെടുത്തി. ട്രംപിന്റെ ധാർമികതയെയും നടൻ രൂക്ഷമായി വിമർശിച്ചു.

നിക്കി ഗ്ലേസർ, മാർക്ക് റഫലോ
"അത്യന്തം ദോഷകരം, 'ടോക്സിക്' ടീസർ റദ്ദാക്കണം"; സെൻസർ ബോർഡിനോട് നടപടി ആവശ്യപ്പെട്ട് കർണാടക വനിതാ കമ്മീഷൻ

സിബിഎസ് ന്യൂസ്, ട്രംപ് ഭണകൂടം, എപ്സ്റ്റീൻ ഫയൽസ് എന്നിവയെ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് കൊമേഡിയനും നടിയുമായ നിക്കി ഗ്ലേസർ കടന്നാക്രമിച്ചത്. "മികച്ച എഡിറ്റിങ്ങിനുള്ള ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന് നൽകുന്നു." എന്നാണ് നടി പറഞ്ഞത്. ഈ വർഷം ആദ്യം യുഎസ് സർക്കാർ പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളെ കുറിച്ചായിരുന്നു ഈ പരോക്ഷ പരാമർശം. ഈ രേഖകളിലെ പല പ്രധാന വിവരങ്ങളും പേരും വിവരങ്ങളും സർക്കാർ കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചുകളഞ്ഞിരുന്നു. ഈ 'എഡിറ്റിങ്ങി'നെയാണ് ഗ്ലേസർ പരിഹസിച്ചത്.

'60 മിനിറ്റ്‌സ്' എന്ന പ്രശസ്തമായ പരിപാടിക്ക് വേണ്ടി സിബിഎസ് ന്യൂസ് തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി സംപ്രേഷണം ചെയ്യേണ്ടെന്ന് ചാനൽ തീരുമാനിച്ചിരുന്നു. എൽ സാൽവദോറിലെ കുപ്രസിദ്ധമായ ജയിലിലേക്ക് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരോട് സർക്കാർ കാണിക്കുന്ന ക്രൂരതകളെക്കുറിച്ചായിരുന്നു ആ ഡോക്യുമെന്ററി. വാർത്താ ചാനലുകൾ സത്യം മൂടിവയ്ക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഗ്ലേസറിന്റെ വിമർശനം.

നിക്കി ഗ്ലേസർ, മാർക്ക് റഫലോ
"പരാശക്തി നിരോധിക്കണം, അണിയറപ്രവർത്തകർ മാപ്പ് പറയണം"; സിനിമ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന് തമിഴ്നാട് യൂത്ത് കോൺഗ്രസ്

അതേസമയം, ട്രംപിന് എതിരെയുള്ള ഹോളിവുഡ് ഇതിഹാസം റോബർട്ട് ഡി നീറോയുടെ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2018 ടോണി അവാർഡ്സ് പ്രസംഗത്തിനിടെ ട്രംപിനെതിരെ ഡി നീറോ 'എഫ് വേഡ്' ഉപയോഗിച്ച് നടത്തിയ പരാമർശം ഇപ്പോൾ വീണ്ടും വൈറലാണ്. 83ാമത് ഗൊൾഡൻ ഗ്ലോബ്സ് അവാർഡ് നിശയിൽ നടത്തിയ പ്രസംഗം എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത്. നടന്റെ പ്രസംഗത്തെ പ്രമുഖ താരങ്ങളും അതിഥികളും ഉൾപ്പെട്ട സദസ് കയ്യടികളോടെ സ്വീകരിക്കുന്നത് ഈ വീഡിയോയിൽ കാണാം. റോബർട്ട് ഡി നീറോയും ട്രംപും തമ്മിലുള്ള പരസ്യമായ വാക്പോര് പുതിയതല്ല. വർഷങ്ങളായി വിവിധ വേദികളിലും അഭിമുഖങ്ങളിലും നടൻ ട്രംപിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com