പ്രിയദർശൻ, ഷരീബ് ഹാഷ്മി Source: X
ENTERTAINMENT

"ഇത് നിങ്ങൾക്ക് വേണ്ടിയാണ് പ്രിയദർശൻ സർ"; മലയാളം പാട്ട് പാടി ഞെട്ടിച്ച് 'ഫാമിലി മാൻ' താരം

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് ഷരീബ് ഹാഷ്മി പാട്ട് പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'ദ ഫാമിലി മാൻ' താരം ഷരീബ് ഹാഷ്മിയുടെ ഇൻസ്റ്റഗ്രാം റീൽ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളം സിനിമാപ്രേമികൾ. 1993 ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'മിഥുനം' എന്ന സിനിമയിലെ 'അല്ലിമലർ കാവിൽ പൂരം കാണാൻ' എന്ന പ്രശസ്തമായ പാട്ട് പാടിയാണ് നടൻ മലയാളികളെ കയ്യിലെടുത്തത്. ആദ്യമായാണ് ഒരു മലയാളം പാട്ട് പാടാൻ ശ്രമിക്കുന്നതെന്നും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഷരീബ് ഹാഷ്മി പാട്ട് പങ്കുവച്ചത്.

"ഇത് നിങ്ങൾക്ക് വേണ്ടിയാണ് പ്രിയദർശൻ സർ" എന്നും ഇൻസ്റ്റഗ്രാമിൽ വീഡിയോയ്ക്ക് ഒപ്പം ഷരീബ് ഹാഷ്മി കുറിച്ചിരുന്നു. എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകി, ഒഎൻവി കുറുപ്പ് രചിച്ച്, എം.ജി. ശ്രീകുമാർ പാടിയ ഈ ഗാനം മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ്.

റീൽ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ, ഷരീബിന്റെ പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി മലയാളം താരങ്ങൾ രംഗത്തെത്തി. "അടിപൊളി മച്ചാ" എന്നാണ് നടൻ നീരജ് മാധവ് കമന്റ് ചെയ്തത്. കനി കുസൃതി, അരുൺ കുര്യൻ, ശ്രുതി മേനോൻ എന്നിവരും വീഡിയോയ്‌ക്ക് താഴെ പ്രതികരണവുമായി എത്തി.

'ദ ഫാമിലി മാൻ' എന്ന ആമസോൺ വെബ് സീരീസിലെ ജെ.കെ. തൽപഡെ എന്ന കഥാപാത്രത്തിലൂടെയാണ് ഷരീബ് ഹാഷ്മി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മനോജ് ബാജ്പേയി, പ്രിയമണി എന്നിരവരായിരുന്നു സീരീസിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു സീസണിൽ നീരജ് മാധവനും സുപ്രധാനമായ ഒരു വേഷത്തിൽ എത്തിയിരുന്നു. ഇതിനുപുറമെ 'അസുർ', 'സ്കാം 1992' തുടങ്ങിയ സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

SCROLL FOR NEXT