സലിം കുമാര്‍ News Malayalam 24X7
ENTERTAINMENT

മണവാളന്‍ & സണ്‍സിന്റെ പേരിലും, എന്റെ വ്യക്തിപരമായ പേരിലും... ഇനി നിങ്ങള്‍ ഓര്‍ത്തോര്‍ത്തു ചിരിക്കൂ...

"എന്റെ സാമുഹിക ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നാണ് പല ഡയലോഗുകളും ജനിക്കുന്നത്"

Author : എസ്. ഷാനവാസ്

മലയാള സിനിമയുടെ ചരിത്രത്തില്‍ ചിരിക്ക് പല മുഖങ്ങളുണ്ട്. ചിലര്‍ വാക്കുകള്‍കൊണ്ട് ചിരിപ്പിച്ചു, ചിലര്‍ ശരീരഭാഷകൊണ്ടും. ചിലരാകട്ടെ സാഹചര്യങ്ങളില്‍നിന്നാണ് തമാശ സൃഷ്ടിച്ചത്. ഇത്തരത്തില്‍ മലയാളം കണ്ടുശീലിച്ച ചിരിസന്ദര്‍ഭങ്ങള്‍ക്ക് പുതിയൊരു ഭാവവും അതിനൊത്ത ശബ്ദവും ബോഡി ലാംഗ്വേജും നല്‍കി വാഴുകയായിരുന്നു സലിം കുമാര്‍. പുതിയതൊന്ന് ഇപ്പോള്‍ വരുമെന്ന് കാഴ്ചക്കാരനെ ആകാംക്ഷപ്പെടുത്തുന്ന തരത്തില്‍ ഓരോ കഥാപാത്രങ്ങളെയും അദ്ദേഹം എടുത്തണിഞ്ഞു. ഒടുവില്‍ വേഷങ്ങളെല്ലാം അഴിച്ചുവെച്ച് സലിം കുമാര്‍ യാത്രയാകുമ്പോള്‍ ബാക്കിയാകുന്നത് ആ കഥാപാത്രങ്ങളാണ്.

സലിം കുമാറിന്റെ സംഭാഷണങ്ങളിലും, കൗണ്ടറുകളിലെല്ലാം ഒരു സാധാരണക്കാരന്‍ ടച്ചുണ്ടായിരുന്നു. അനുഭവങ്ങളുടെ കരുത്തുണ്ടായിരുന്നു. അതുകൊണ്ടാണ് അതില്‍ സലിമിനെ അല്ലാതെ മറ്റാരെയും നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്. 2003ല്‍ ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പുലിവാല്‍ കല്യാണം എന്ന ചിത്രത്തെ ഒരു ഉദാഹരണമായെടുക്കാം. അക്ഷരാര്‍ഥത്തില്‍ സലിമിന്റെ വിളയാട്ടമായിരുന്നു ആ ചിത്രം. സീന്‍ ബൈ സീന്‍ ചിരി ഉറപ്പാക്കുന്ന സലിം മാജിക്. മണവാളന്‍ ബോംബെയില്‍നിന്ന് ധര്‍മേന്ദ്രയുടെ ടാക്സി പിടിച്ച് കൊച്ചിയിലെത്തുമ്പോള്‍, ചിരിയമിട്ടിന് തീ പിടിച്ചുതുടങ്ങുന്നു. ഹൂ കൊച്ചിയെത്തീ... എന്നൊരു ഡയലോഗിനേക്കാള്‍ അപ്പോഴുള്ള സലിമിന്റെ മുഖഭാവമാണ് ചിരിക്ക് കടുപ്പം കൂട്ടുന്നത്. കൊച്ചിയിലെ അക്കാലത്തെ മാലിന്യപ്രശ്നം അറിയാവുന്ന ഏതൊരാള്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഐറ്റം.

ഈ കാഴ്ച തന്നെയാണ് സലിമിന്റെ ചിത്രങ്ങളിലെല്ലാം നാം കണ്ടത്. എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍... എന്നൊരു സംഭാഷണശകലം ഏതൊരാളിലേക്കും ചിരിക്കൊപ്പം ആ സീനിനെയും എത്തിക്കും. ഇത്രയും പോപ്പുലറായ എന്നെക്കണ്ടിട്ട് നിനക്ക് മനസിലായില്ലേടാ ജാഡത്തെണ്ടീ... എന്ന് ചോദിക്കാന്‍ സലിമിന്റെ വിക്രമിനല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക. ഷാഫി, റാഫി മെക്കാര്‍ട്ടിന്‍, ലാല്‍ ജോസ്, ജയരാജ്, ജോണി ആന്റണി, താഹ എന്നിങ്ങനെ സംവിധായകര്‍ അവരുടെ ചിത്രങ്ങളില്‍ സലിം കുമാറിന് വലിയൊരു സ്പേസ് തന്നെ ഒഴിച്ചിട്ടു. കിട്ടിയ സ്പേസില്‍, സമയത്തില്‍ സലിം അവയെ അവിസ്മരണീയമാക്കി.

ഒരു ലുക്കില്ലന്നേയുള്ളൂ ഒടുക്കത്തെ ബുദ്ധിയാ..., അച്ഛനാണത്രേ അച്ഛന്‍..., ഈശ്വരാ ഇവിടെ ആരും ഇല്ലല്ലോ ഇതൊന്നു പറഞ്ഞു ചിരിക്കാന്‍... പടക്കക്കമ്പനി ഖുദാ ഗവാ...ദിതൊക്കെ എന്ത്...ദതിന്റെ ദപ്പുറത്ത്..., ലഡ്ഡു ലിലേഫി..., ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണ, ആരും പേടിക്കണ്ട.. ഓടിക്കോ..., കൊക്കോകോള നിന്നെ പിടിച്ച് കടിച്ചാ?..., എന്തിന്?... എന്നിങ്ങനെ അത് നീളുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം വാഹനത്തിന്റെ ഇടതുഭാഗത്തിരുന്ന് പത്രം വായിക്കുന്ന തെറ്റാണെന്നു പറഞ്ഞ്, കേരള ഫയര്‍ ഫോഴ്സിനും നാട്ടുകാര്‍ക്കും മണവാളന്‍ ആന്‍ഡ് സണ്‍സിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി പറഞ്ഞ മണവാളനെ കടവും പലിശയുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന മലയാളിക്ക് എളുപ്പം മനസിലാകും.

ഇത്തരത്തില്‍ സലിം കുമാര്‍ പറഞ്ഞ് മലയാളികള്‍ ചിരിച്ച ഡയലോഗുകളെല്ലാം സ്ക്രിപ്റ്റില്‍ എഴുതിവെച്ചിരുന്നത് ആയിരുന്നില്ല. സീനിലെ സന്ദര്‍ഭത്തിനനുസരിച്ച് കൈയില്‍ നിന്നിടുന്നതായിരുന്നു അവയില്‍ പലതും. സിനിമാ സൗഹൃദവേദികളിലോ, ഷൂട്ടിങ് സെറ്റുകളിലോ പറഞ്ഞുചിരിക്കുന്ന പലതും പിന്നീട് സിനിമയില്‍ ഇടം പിടിച്ചു. അതിപ്പോള്‍ ഒരുവരി വാക്കോ, നോക്കോ, മൂളലോ ആകാം. എങ്ങനെയാണ് ഇത്തരം പ്രയോഗങ്ങളും മൂളലും നോട്ടവുമൊക്കെ പിറവിയെടുക്കുന്നതെന്ന് പലരും സലിമിനോടു ചോദിച്ചിട്ടുണ്ട്. ആരുടെ ചോദ്യത്തിനും ഒരു ഉത്തരമേയുണ്ടായിരുന്നു. "സാമുഹിക ജീവിതം. എന്റെ സാമുഹിക ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നാണ് പല ഡയലോഗുകളും ജനിക്കുന്നത്. ഒരു സിനിമയില്‍ അത് പറയാന്‍ സ്പേസ് ഇല്ലെങ്കില്‍ അടുത്ത ഏതെങ്കിലും സിനിമയില്‍ അത് ചേര്‍ക്കും. അങ്ങനെ പല ഡയലോഗുകളും വന്നിട്ടുണ്ട്".

ഡിജിറ്റല്‍കാലത്തും സലിം കുമാര്‍ തന്നെയായിരുന്നു താരം. സ്ക്രീനില്‍ക്കണ്ട് ചിരിച്ച സലിം കുമാര്‍ കഥാപാത്രങ്ങള്‍ സ്മൈലിയും സ്റ്റിക്കറും പിടിച്ച് നമുക്ക് കുറച്ചുകൂടി അരികിലെത്തി. ഇനിയെങ്ങാനും ബിരിയാണി കൊടുത്താലോ എന്നും, ലുക്കില്ലെന്നേയുള്ളൂ ഒടുക്കത്തെ ബുദ്ധിയാണെന്നും, ഇതൊക്കെ പറഞ്ഞ് ചിരിക്കാന്‍ ഇവിടെ ആരുമില്ലല്ലോ എന്നും സ്റ്റിക്കറില്‍ സന്ദേശങ്ങളായി. ജിഫ്, സ്റ്റിക്കര്‍ ഇമേജുകളില്‍ സലിം കുമാര്‍ കഥാപാത്രങ്ങള്‍ പുനരവതരിപ്പിക്കപ്പെട്ടു. ഡയലോഗുകള്‍ മാത്രമല്ല, ഫേഷ്യല്‍ എക്സ്പ്രഷനും, ബോഡി ലാംഗ്വേജും തുടങ്ങി നോട്ടവും, മൂളലുമൊക്കെ പുതിയകാലത്തെ ചിരിപ്പടങ്ങളായി. മീമിലേക്കും ട്രോളിലേക്കുമെല്ലാം സലിം കഥാപാത്രങ്ങള്‍ ചേക്കേറി. ഏത് കാലത്തിനും സന്ദര്‍ഭത്തിനും യോജിച്ച ഡയലോഗുകള്‍ അവിടെ റെഡിയായിരുന്നു. അപ്പോഴും, ഇതൊക്കെ എന്ത് എന്ന് തലയ്ക്കു പിന്നില്‍ കൈ പിണച്ച് സലിം കുമാര്‍ അതെല്ലാം ആസ്വദിച്ചു.

പുതിയ കഥാപാത്രങ്ങളുമായി സലിം കുമാര്‍ ഇനി നമുക്ക് അരികിലേക്ക് വരില്ല. പുതിയ തഗ്ഗുകളും കൗണ്ടറകളുമൊന്നും ഉണ്ടാവില്ല. പക്ഷേ മലയാളിയുടെ ഓര്‍മശേഖരത്തില്‍ സലിം കഥാപാത്രങ്ങള്‍ ജീവിക്കും. സലിം കുമാര്‍ വിട പറഞ്ഞുപോകുമ്പോള്‍ ആ കഥാപാത്രങ്ങള്‍ നമ്മെ ചിരിപ്പിക്കും. നമ്മള്‍ അതില്‍ ചിരിക്കും. ഓര്‍ത്തോര്‍ത്തു ചിരിക്കും.

SCROLL FOR NEXT