എറണാകുളം: മലയാളത്തിന്റെ പ്രിയ നടൻ സലിം കുമാറിന് കേരളത്തിന്റെ അന്ത്യാഞ്ജലി. പറവൂരിലെ വീടായ ലാഫിങ് വില്ലയിൽ സലിം കുമാറിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന സലിം കുമാറിൻ്റെ ആവശ്യപ്രകാരമാണ് സംസ്കാരം നടന്നത്. നിരവധി പേരാണ് സലിം കുമാറിനെ അവസാനമായി ഒരുനോക്കു കാണാന്‍ പറവൂരിലെ വീട്ടിലേക്കും ടൗൺഹാളിലേക്കും എത്തിയത്.
കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും സിനിമാസ്വാദകരും കലാകാരനെ അവസാന നോക്ക് കാണാനായി എത്തി. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയിൽ നിന്ന് ടൗൺഹാളിലേക്ക് കൊണ്ടുപോയത്. തുടർന്ന് ടൗൺഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടിയാണ് മൃതദേഹം ടൗൺ ഹാളിൽ നിന്നും വീട്ടിലേക്കെത്തിച്ചത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ ജയറാം തുടങ്ങി സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖർ ആശുപത്രിയിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനും, ഹൈബി ഈടൻ, മാത്യു കുഴൽനാടൻ, പി.സി. വിഷ്ണുനാഥ് തുടങ്ങി രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സംവിധായകൻ കമൽ, രമേശ് പിഷാരടി, നവ്യനായർ, ദിലീപ്, ബാബുരാജ്, ഹരിശ്രീ അശോകൻ, രഞ്ജി പണിക്കർ, സൗബിൻ സാഹിർ, ആന്റണി പെരുമ്പാവൂർ, മഹേഷ് നാരായണൻ, ആന്റോ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖരും ടൗൺഹാളിലെത്തിയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.
തന്റെ പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പറവൂരിലെ വീട്ടിലും എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ, പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖരും സലിംകുമാറിനെ അനുസ്മരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് ശനിയാഴ്ച രാവിലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.