"ഫൈറ്റ് ക്ലബിലെ ആദ്യ നിയമം, നിങ്ങൾ ഫൈറ്റ് ക്ലബിനെപ്പറ്റി സംസാരിക്കരുത് എന്നാണ്" (The first rule of Fight Club is that you do not talk about Fight Club). ഇപ്പോഴിതാ, ഫൈറ്റ് ക്ലബ് വീണ്ടും സംസാരവിഷയമാകുന്നു. ലോകമെമ്പാടും ആരാധകരുള്ള കൾട്ട് ഹോളിവുഡ് ചിത്രം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത വിഖ്യാത ചിത്രത്തിന്റെ 4K അൾട്രാ എച്ച്ഡി പതിപ്പാണ് പുറത്തിറങ്ങുന്നത്.
ദ റാപ്പിന്റെ റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 22ന് ചിത്രം യുഎസിലെ പരിമിതമായ തിയേറ്ററുകളിൽ ഒരു ദിവസത്തേക്ക് മാത്രമായി വീണ്ടും പ്രദർശിപ്പിക്കും. ഇന്ത്യയിൽ പ്രദർശനം ഇല്ലെന്ന് കരുതി ആരാധകർ നിരാശരാകേണ്ട കാര്യമില്ല. തിയേറ്റർ റീ റിലീസിന് പിന്നാലെ, മെയ് 12ന് 4K അൾട്രാ എച്ച്ഡി, ബ്ലൂ-റേ ഡിജിറ്റൽ പതിപ്പുകളും പുറത്തിറങ്ങും. സിനിമയിലെ പ്രശസ്തമായ 'പിങ്ക് സോപ്പ്' ആർട്ട്‌വർക്കോട് കൂടിയ ലിമിറ്റഡ് എഡിഷൻ സ്റ്റീൽബുക്ക് പാക്കേജും ആരാധകർക്കായി പുറത്തിറക്കുന്നുണ്ട്. ഇതിൽ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് കോഡും മറ്റ് പ്രത്യേക ഫീച്ചറുകളും ഉൾപ്പെടും.
ഒരു ദിവസത്തെ പ്രദർശനത്തിലൂടെ മാത്രം ആഗോളതലത്തിൽ അര ദശലക്ഷം ഡോളറിലധികം ചിത്രം നേടുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. പ്രദർശനം ഒരാഴ്ചത്തേക്ക് നീട്ടുകയാണെങ്കിൽ കൂടുതൽ വലിയ തുക നേടാൻ ചിത്രത്തിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.
ചക്ക് പലഹ്നിയുക്കിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഡേവിഞ്ച് ഫിഞ്ചർ 'ഫൈറ്റ് ക്ലബ്' നിർമിച്ചത്. 56-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലായിരുന്നു സിനിമയുടെ പ്രീമിയർ. 1999 ഒക്ടോബർ 15നാണ് യുഎസിൽ ചിത്രം റിലീസ് ആയത്. മോഡേൺ നിയോ നോയർ സിനിമകളിൽ അതുല്യമായ സ്ഥാനമാണ് ഈ ചിത്രത്തിനുള്ളത്. 'കാലത്തെ നിർവചിച്ച കൾട്ട് സിനിമ' എന്നാണ് ന്യൂയോർക്ക് ടൈംസ് ചിത്രത്തെ വിശേഷിപ്പിച്ചത്. ക്യാപിറ്റലിസും വർധിച്ചു വരുന്ന ഉപഭോഗ സംസ്കാരവുമായിരുന്നു സിനിമയുടെ പ്രമേയം.
ബ്രാഡ് പിറ്റ്, എഡ്വേർഡ് നോർട്ടൺ, ഹെലീന ബോൺഹാം കാർട്ടർ എന്നിവരാണ് ഫൈറ്റ് ക്ലബിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ജെഫ് ക്രോണൻവെത്ത് ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റിങ് ജെയിംസ് ഹെയ്‌ഗുഡ്. 20th സെഞ്ച്വറി ഫോക്സ് ആണ് ചിത്രം വിതരണം ചെയ്തത്.