കൊച്ചി: സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'കത്തനാർ'. 'ഹോം' എന്ന ഹിറ്റിന് ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കടമറ്റത്ത് കത്തനാരുടെ കഥയാണ് പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി നാല് വർഷത്തോളമാണ് നായകൻ ജയസൂര്യ മാറ്റിവച്ചത്. വൻ ബജറ്റിൽ വലിയ സ്കെയിലിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി 11 ചിത്രങ്ങൾ താൻ വേണ്ടെന്നു വച്ചതായി നടൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ 11 ചിത്രങ്ങളുടെ പുറകെയാണ് സോഷ്യൽ മീഡിയ.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'കസ്റ്റഡി'യിൽ അരവിന്ദ് സ്വാമിയുടെ റോളിൽ ആദ്യം പരിഗണിച്ചിരുന്നത് ജയസൂര്യയെയാണ്. എന്നാൽ 'കത്തനാരി'നായി ഈ ഓഫർ ജയസൂര്യ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ. 'ഒറ്റ', 'ആട്ടം', 'അന്വേഷിപ്പിൻ കണ്ടെത്തും', 'തലവൻ', 'ജയ് ഗണേഷ്', 'ഓഫീസർ ഓൺ ഡ്യൂട്ടി' എന്നീ ചിത്രങ്ങളാണ് ജയസൂര്യ വേണ്ടെന്നു വച്ച മറ്റ് സിനിമകൾ. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ് ഇതിൽ അധികവും.
നാല് വർഷത്തോളമാണ് 'കത്തനാർ' സിനിമയ്‌ക്കായി ജയസൂര്യ മാറ്റിവച്ചത്. "കത്തനാർ സിനിമയ്ക്ക് വേണ്ടി ഒരുപാട് സമയം മാറ്റിവച്ചു. 11 സിനിമകളോളം വേണ്ടെന്ന് വച്ചു. ഒരു സിനിമയ്ക്ക് വേണ്ടി അങ്ങനെ നിൽക്കുക എന്ന് പറയുന്നത് നല്ലതല്ലേ? ഞാൻ ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലല്ലോ? ഞാനിപ്പോൾ ഒരു സിനിമയ്ക്ക് വേണ്ടി ഇത്രയും ഇൻവസ്റ്റ് ചെയ്യുന്നു. 100 സിനിമ കഴിഞ്ഞു. പക്ഷേ ആ പയ്യനോ? കത്തനാരുടെ സംവിധായകൻ റോജിൻ തോമസ്. 'ഹോം', 'മങ്കീപ്പെൻ' പോലുള്ള സിനിമകളുടെ സംവിധായകൻ. ഫ്രൈഡേയുടെ പ്രോഡക്ട് ആണ് അവൻ. നാലാമത്തെ പടമേ ആയിട്ടുള്ളൂ. ആ പയ്യൻ ആ പടത്തിന് വേണ്ടി അഞ്ചും ആറും വർഷം നിൽക്കുകയല്ലേ. അത് നോക്കുമ്പോൾ എന്റെ ഇൻവെസ്റ്റ്‌മെന്റ് ഒന്നുമല്ല. നല്ല സിനിമയ്ക്ക് വേണ്ടി സമയം ചെലവഴിക്കുക എന്ന് പറയുന്നത് നല്ല കാര്യമാണ്. അത് സുഖമുള്ള വേദനയാണ്," എന്നാണ് ജയസൂര്യ പറഞ്ഞത്.
തെലുങ്ക് സൂപ്പർ താരം അനുഷ്ക ഷെട്ടിയാണ് 'കത്തനാർ' സിനിമയിലെ നായിക. തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന് സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്‍. രാമാനന്ദിന്റേതാണ് തിരക്കഥ. നീല്‍ ഡി കുഞ്ഞ ക്യാമറ കൈകാര്യം ചെയ്യുന്നു. രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസ് ചെയ്യുക. മുപ്പതിലധികം ഭാഷകളിലായി ഒരു വേള്‍ഡ് വൈഡ് റിലീസാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമാണം. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. 75 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിനിമ ഈ വർഷം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.